Asianet News MalayalamAsianet News Malayalam

ടിക് ടോക്കിന്‍റെ അമേരിക്കന്‍ ജൈത്രയാത്ര തീരുന്നുവോ?; വന്‍ ഭീഷണി ഇങ്ങനെ

കമ്മറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (സിഎഫ്‌ഐയുഎസ്) ഭീഷണി സ്വരത്തിലുള്ള നിര്‍ദേശം നല്‍കിയെന്നാണ് ടിക്‌ടോക് വക്താവ് ബ്രൂക് ഒബര്‍വെറ്റര്‍ പറയുന്നത്.

TikTok says US threatens ban if Chinese owners don't sell stakes
Author
First Published Mar 18, 2023, 7:59 PM IST

സന്‍ഫ്രാന്‍സിസ്കോ:  അമേരിക്കന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളെ അതിവേഗം പിന്നിലാക്കിയാണ് ടിക്ടോക്ക് അമേരിക്കയില്‍ മുന്നേറുന്നത്. ടിക് ടോക്കിന്‍റെ വളര്‍ച്ച നിരക്ക് മെറ്റയെയും മറ്റും നടുക്കുന്ന രീതിയിലാണ്. എന്നാല്‍ ചൈനീസ് ടെക് ഭീമനായ ബൈറ്റ്ഡാന്‍സിന്‍റെ ഈ ആപ്പിനെതിരെ നിയന്ത്രണ നടപടികള്‍ ശക്തമാക്കാന്‍ അമേരിക്ക ആലോചിക്കുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ടിക് ടോക്കിന്‍റെ ഉടമസ്ഥാവകാശം അമേരിക്കന്‍ കമ്പനിയിലേക്ക് മാറ്റണം എന്ന ഭീഷണി വന്നുവെന്ന് ബൈറ്റ് ഡാന്‍സ് തന്നെ വ്യക്തമാക്കുന്നത്. 

കമ്മറ്റി ഓണ്‍ ഫോറിന്‍ ഇന്‍വെസ്റ്റ്‌മെന്റ് ഇന്‍ ദ യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് (സിഎഫ്‌ഐയുഎസ്) ഭീഷണി സ്വരത്തിലുള്ള നിര്‍ദേശം നല്‍കിയെന്നാണ് ടിക്‌ടോക് വക്താവ് ബ്രൂക് ഒബര്‍വെറ്റര്‍ പറയുന്നത്. 2020 ല്‍ തന്നെ ഇന്ത്യ അടക്കം പല രാജ്യങ്ങളും ടിക് ടോക് നിരോധിച്ചിരുന്നു. അതിന് പിന്നാലെ യുഎസിലെ ട്രംപ് സര്‍ക്കാര്‍ ടിക്ടോക്കിനെതിരെ നീക്കം ശക്തമാക്കിയിരുന്നു. എന്നാല്‍ 2021ലെ യുഎസ് തെരഞ്ഞെടുപ്പിലെ മാറ്റത്തോടെ ഈ നടപടികള്‍ തണുത്ത അവസ്ഥയിലായിരുന്നു. എന്നാല്‍ അടുത്തിടെ ഇതിന് വീണ്ടും ജീവന്‍ വച്ചുവെന്നാണ് വിവരം.

ചൈന തങ്ങളുടെ രാജ്യത്തു നടക്കുന്ന കാര്യങ്ങള്‍ ടിക്‌ടോക് ഉപയോഗിച്ച് നിരീക്ഷിക്കുകയാണ് എന്ന അപകടം നേരത്തെയും പല യുഎസ് രാഷ്ട്രീയ നേതാക്കളും, വകുപ്പുകളും ഉന്നയിച്ചിട്ടുണ്ട്. ഇതിന്‍റെ ബലത്തില്‍ കൂടിയാണ് നടപടികള്‍ വീണ്ടും ശക്തമാകുന്നത്. ടിക് ടോക്കിന്‍റെ ഏറ്റവും വലിയ വിപണികളില്‍ ഒന്നാണ് ആമേരിക്ക. അതിനാല്‍ തന്നെ ആപ്പ് യുഎസ് കമ്പനിക്കോ മറ്റോ വില്‍ക്കണം എന്നതാണ് യുഎസ് നിലപാട്. എന്നാല്‍ സുരക്ഷ ആശങ്ക വെറും ഉടമസ്ഥാവകാശം മാറുന്നതില്‍ തീരില്ലെന്നാണ് ടിക് ടോക്ക് വക്താവ് തന്നെ വ്യക്തമാക്കുന്നത്. 

നേരത്തെ നിയമ നടപടികള്‍ വഴിയാണ് ട്രംപ് കാലത്തെ നടപടികളില്‍ ടിക്ടോക്ക് ആശ്വാസം നേടിയത്. പുതിയ നടപടികള്‍ ആരംഭിച്ചാലും നിയമ വഴിയായിരിക്കും ടിക്ടോക്ക് തിരഞ്ഞെടുക്കുക എന്നാണ് സൂചനകള്‍. അതേ സമയം തങ്ങള്‍ സുതാര്യമായാണ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്നത് എന്നാണ് ടിക്ടോക്ക് പറയുന്നത്. കഴിഞ്ഞ വര്‍ഷം ജൂണില്‍ അമേരിക്കയിലെ ടിക്‌ടോക് ഉപയോക്താക്കളുടെ ഡേറ്റ മുഴുവന്‍ അമേരിക്കന്‍ കമ്പനിയായ ഓറക്കിളിന്‍റെ സര്‍വറിലേക്ക് മാറ്റിയിരുന്നു.

അതേ സമയം ഇത്തരം നടപടികള്‍ ഒന്നും ഒരുതരത്തിലും യുഎസിന്‍റെ സംശയം തീര്‍ക്കുന്നില്ലെന്നാണ് വിവരം. അടുത്തയാഴ്ച അമേരിക്കയുടെ ഹൗസ് എനര്‍ജി ആന്‍ഡ് കൊമേഴ്‌സ് കമ്മിറ്റിയുടെ മുൻപില്‍ ഹാജരാകാന്‍ ടിക്‌ടോക് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസര്‍ ഷൗ സി ച്യുവിന് സമന്‍സ് ലഭിച്ചുവെന്നാണ് ഒടുവില്‍ വരുന്ന വാര്‍ത്ത. 

വന്‍ കമ്പനികളുടെ പിരിച്ചുവിടലിന് ഇടയിലും; ഇന്ത്യക്കാര്‍ക്ക് പ്രിയം ടെക് ജോലികള്‍ തന്നെ.!

ഫേസ്ബുക്കിൽ വീണ്ടും കൂട്ട പിരിച്ചുവിടൽ; ഈ വർഷം ജോലി നഷ്ടമാവുക 10000 പേര്‍ക്ക്

Follow Us:
Download App:
  • android
  • ios