'വ്യൂ വൺസ്' ഫീച്ചറിന് വലിയ അപ്‌ഡേറ്റ് നൽകി വാട്‌സ്ആപ്പ്; സംഭവം തകര്‍ക്കും

ലിങ്ക് ചെയ്തിട്ടുള്ള ഡിവൈസുകളിലും വ്യൂ വണ്‍സ് ഫീച്ചര്‍ വാട്‌സ്ആപ്പ് അവതരിപ്പിക്കുന്നു, വരുന്ന അപ്‌ഡേറ്റിനെ കുറിച്ച് വിശദമായി അറിയാം 

WhatsApp is rolling out a feature to open view once media on linked devices

കാലിഫോര്‍ണിയ: ഉപയോക്താക്കളുടെ ചാറ്റിംഗ് അനുഭവം മെച്ചപ്പെടുത്തുന്നതിനായി വാട്‌സ്ആപ്പ് നിരന്തരം പുതിയ ഫീച്ചറുകൾ അവതരിപ്പിക്കാറുണ്ട്. കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും ഒന്നിന് പിറകെ ഒന്നായി പുതിയ ഫീച്ചറുകൾ കമ്പനി കൊണ്ടുവരുന്നു. ഇപ്പോഴിതാ ഈ സീരീസിൽ മറ്റൊരു അടിപൊളി ഫീച്ചർ വന്നിരിക്കുന്നു. ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ 'വ്യൂ വൺസ്' മീഡിയ കാണാൻ സാധിക്കുന്ന പുതിയ ഫീച്ചറാണ് വാട്‌സ്ആപ്പ് അവതരിപ്പിച്ചിരിക്കുന്നത്. ഗൂഗിൾ പ്ലേ ബീറ്റാ പ്രോഗ്രാം വഴി ലഭ്യമായ ആൻഡ്രോയിഡ് പതിപ്പ് 2.25.3.7-ന്‍റെ ഏറ്റവും പുതിയ ബീറ്റാ അപ്‌ഡേറ്റിൽ വാട്‌സ്ആപ്പ് പുതിയ ഫീച്ചർ ചേർത്തു .

വാട്‌സ്ആപ്പിലെ പുതിയ ഫീച്ചറിനെ കുറിച്ച് വാബീറ്റഇന്‍ഫോ വിശദീകരിച്ചു. ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമായ ആൻഡ്രോയ്‌ഡ് 2.25.3.7 ബീറ്റാ വേര്‍ഷനില്‍ പുത്തന്‍ ഫീച്ചര്‍ WABetaInfo കണ്ടെത്തി. വാബീറ്റഇന്‍ഫോ ഈ പുതിയ ഫീച്ചറിന്‍റെ സ്‌ക്രീൻഷോട്ടും പങ്കുവെച്ചിട്ടുണ്ട്. പങ്കിട്ട സ്‌ക്രീൻഷോട്ടിൽ, ചില ബീറ്റാ ടെസ്റ്റർമാർക്ക് അവരുടെ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ മീഡിയ ഫയലുകള്‍ വ്യൂ വണ്‍സ് രീതിയില്‍ ഓപ്പൺ ചെയ്യാനുള്ള സൗകര്യം വാട്‌സ്ആപ്പ് നൽകുന്നതായി കാണാം. ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ വ്യൂ വൺസ് ആയി ഫോട്ടോകളും വീഡിയോകളും കാണാനും ഓഡിയോ കേള്‍ക്കാനുമുള്ള ഓപ്ഷൻ വാട്‌സ്ആപ്പ് ഇതുവരെ നൽകിയിരുന്നില്ല. വാട്‌സ്ആപ്പിലെ ഈ ന്യൂനത പലപ്പോഴും ഉപകരണങ്ങൾ മാറി ഉപയോഗിക്കേണ്ട ഉപയോക്താക്കളെ വളരെയധികം പ്രശ്‌നത്തിലാക്കിയിരുന്നു.

ഡെസ്‌ക്‌ടോപ്പ് ആപ്പ് ഉൾപ്പെടെ മറ്റ് ലിങ്ക് ചെയ്‌ത ഉപകരണങ്ങൾക്കായി കഴിഞ്ഞ വർഷം വാട്‌സ്ആപ്പ് 'സെൻഡ് വ്യൂ വൺസ്' മീഡിയ ഫീച്ചർ പ്രവർത്തനക്ഷമമാക്കിയിരുന്നു. ഇത് ഉപയോക്തൃ അനുഭവം മെച്ചപ്പെടുത്തുക മാത്രമല്ല, വ്യത്യസ്ത ഉപകരണങ്ങൾ തമ്മിലുള്ള ആശയവിനിമയത്തിൽ ഉപയോക്താക്കൾക്ക് കൂടുതല്‍ സുരക്ഷ നൽകുകയും ചെയ്തു. എന്നിട്ടും ലിങ്ക് ചെയ്‌ത ഉപകരണങ്ങളിൽ വ്യൂ വണ്‍സ് രീതിയില്‍ ചിത്രങ്ങളും വീഡിയോകളും കാണുന്നതിനും ഓപ്പൺ വോയ്‌സ് സന്ദേശങ്ങള്‍ കേള്‍ക്കുന്നതിനും ഉപയോക്താക്കളെ വാട്‌സ്ആപ്പ് അനുവദിച്ചിരുന്നില്ല. ഉപയോക്താക്കളുടെ സ്വകാര്യതയുമായി ബന്ധപ്പെട്ടതാകാം വാട്‌സ്ആപ്പ് മുമ്പ് നിയന്ത്രണം കൊണ്ടുവന്നിരുന്നത്. 

ബീറ്റാ ടെസ്റ്റിംഗ് കഴിഞ്ഞ് പുതിയ വാട്‌സ്ആപ്പ് അപ്‌ഡേറ്റ് എല്ലാ യൂസര്‍മാര്‍ക്കുമായി പുറത്തിറക്കുന്നതോടെ ലിങ്ക് ചെയ്‌ത ഉപകരണങ്ങളിലും ഫോട്ടോകളും വീഡിയോകളും വോയ്‌സ് സന്ദേശങ്ങളും 'വ്യൂ വൺസ്' രീതിയില്‍ തുറക്കാനുള്ള ഓപ്ഷൻ ലഭിക്കും. ഒന്നിലധികം ഉപകരണങ്ങളിൽ വാട്‌സ്ആപ്പ് ഉപയോഗിക്കുന്നവർക്ക് ഈ സവിശേഷത വളരെ ഉപയോഗപ്രദമാകും. അപ്‌ഡേറ്റ് വരുന്നതോടെ, ഉപയോക്താക്കൾക്ക് വ്യൂ വൺസ് മെസേജുകൾ കാണുന്നതിന് ഇനി പ്രാഥമിക ഉപകരണം ആവശ്യമില്ല. കമ്പനി നിലവിൽ ഈ ഫീച്ചർ ബീറ്റാ ഉപയോക്താക്കൾക്ക് മാത്രമേ നല്‍കുന്നുള്ളൂ.

Read more: ഐഫോണും ആൻഡ്രോയ്‌ഡും ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക! അബദ്ധത്തിൽ പോലും ഈ പിഡിഎഫ് ഫയലുകൾ തുറക്കരുത്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios