Asianet News MalayalamAsianet News Malayalam

ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു വിഭാഗമാണ് ഷവോമി ഇന്ത്യ. 2014ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഇവര്‍. ഒരു വർഷത്തിന് ശേഷം വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയെന്നാണ് ഇഡി പറയുന്നത്. 

Xiaomis 5551 Crores Seizure Indias Biggest Okayed By Forex Authority
Author
First Published Oct 1, 2022, 12:16 AM IST

ദില്ലി: ചൈനീസ് ഫോൺ നിർമാതാക്കളായ ഷവോമിയുടെ 5,551 കോടി രൂപ പിടിച്ചെടുത്തതായി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  അറിയിച്ചു. ഇതുവരെയുള്ള രാജ്യത്തെ ഏറ്റവും വലിയ പണം പിടിച്ചെടുക്കലാണ് ഇതെന്നാണ് ഇഡി പത്രകുറിപ്പില്‍ അറിയിക്കുന്നത്. ഫോറിൻ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്‌ട് അഥവാ ഫെമ നിയമ പ്രകാരമാണ് ഈ നടപടി. 

ഏപ്രിലിൽ ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡിന്റെ 5,551 കോടി രൂപ പിടിച്ചെടുത്തതിന് ഫോറിൻ എക്‌സ്‌ചേഞ്ച് അതോറിറ്റിയുടെ അംഗീകാരം കിട്ടിയെന്നാണ്  ഇഡി വ്യക്തമാക്കുന്നത്.  ചൈനീസ് സ്ഥാപനം നിയമവിരുദ്ധമായി ഇന്ത്യയിൽ നിന്ന് പണം വിദേശത്തേക്ക് കടത്തുന്നു എന്ന ആരോപണത്തില്‍ നടത്തിയ അന്വേഷണത്തിലാണ് പണം പിടിച്ചെടുത്തത് എന്നാണ് ഇഡി വ്യക്തമാക്കുന്നത്. 

ഷവോമി ഇന്ത്യ രാജ്യത്തിന് പുറത്ത് ഫണ്ട് കൈവശം വെച്ചത് ഫെമയുടെ ലംഘനമാണെന്ന് ഫോറിൻ എക്‌സ്‌ചേഞ്ച് അതോറിറ്റി കണ്ടെത്തിയതായും. ഇത് ഫണ്ട് പിടിച്ചെടുക്കുന്നതിലേക്ക് നയിച്ചതായും ഇഡി പ്രസ്താവനയില്‍ അറിയിച്ചു. റോയൽറ്റിയുടെ പേരില്‍ ഷവോമി ഇന്ത്യ വിദേശത്തേക്ക് ഫണ്ട് അയച്ചുവെന്ന് ഇഡി ഏപ്രില്‍ തന്നെ കണ്ടെത്തിയിരുന്നു.

ചൈന ആസ്ഥാനമായുള്ള ഷവോമി ഗ്രൂപ്പിന്റെ പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു വിഭാഗമാണ് ഷവോമി ഇന്ത്യ. 2014ൽ ഇന്ത്യയിൽ പ്രവർത്തനം ആരംഭിച്ച ഇവര്‍. ഒരു വർഷത്തിന് ശേഷം വിദേശത്തേക്ക് പണം അയക്കാൻ തുടങ്ങിയെന്നാണ് ഇഡി പറയുന്നത്. റോയൽറ്റി എന്ന പേരില്‍ വിദേശത്തേക്ക് പണം അയത്ത് വിദേശ പണ വിനിമയ നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്ന് ഫോറിൻ എക്‌സ്‌ചേഞ്ച് അതോറിറ്റി  നിരീക്ഷിച്ചതായി ഇഡി പറയുന്നു. 

"റോയൽറ്റിയുടെ പേരിൽ ഇത്രയും വലിയ തുക അവരുടെ ചൈനീസ് മാതൃസ്ഥാപനത്തിന്‍റെ നിർദ്ദേശപ്രകാരമാണ് അയച്ചത്. യുഎസ് ആസ്ഥാനമായുള്ള ബന്ധമില്ലാത്ത മറ്റ് രണ്ട് സ്ഥാപനങ്ങൾക്ക് അയച്ച തുകയും അത്യന്തികമായി ഷവോമിക്ക് ഗുണം ഉണ്ടാക്കുന്ന രീതിയിലാണ്" ഇഡി പ്രസ്താവനയിൽ പറഞ്ഞു. 

പണം അയച്ച് നല്‍കിയ മൂന്ന് വിദേശ സ്ഥാപനങ്ങളിൽ നിന്നുള്ള ഒരു സേവനവും ഷവോമി ഇന്ത്യ സ്വീകരിക്കുന്നില്ലെന്നും.  വിദേശത്തേക്ക് പണം അയയ്ക്കുമ്പോൾ ഫോൺ നിർമ്മാതാവ് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങൾ നൽകിയതായും ഇഡി പറയുന്നു.  ഫണ്ട് പിടിച്ചെടുത്തതിനെതിരെ ഷവോമി ഇന്ത്യ കർണാടക ഹൈക്കോടതിയിൽ ഹർജി നൽകിയിരുന്നു. ജൂലൈയില്‍ കോടതി ഈ ഹർജി തള്ളിയിരുന്നു.

അനധികൃത പണമടയ്ക്കൽ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിനിടെ തങ്ങളുടെ ഉന്നത ഉദ്യോഗസ്ഥർക്ക് ഭീഷണിയും ബലപ്രയോഗവും നേരിടേണ്ടി വന്നതായി ഷവോമി കർണാടക ഹൈക്കോടതിയെ അറിയിച്ചിരുന്നു. ഇത് നിഷേധിച്ച എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആരോപണങ്ങൾ അസത്യവും അടിസ്ഥാനരഹിതവുമാണെന്ന് അറിയിച്ചിരുന്നു.

ഹോണർ പാഡ് ഇന്ത്യയിലെത്തും; വിലയും പ്രത്യേകതയും

റെഡ്മി 6 എയുടെ ബാറ്ററി പൊട്ടിത്തെറിച്ച് സ്ത്രീയുടെ മരണം ; പ്രതികരണവുമായി ഷവോമി

Follow Us:
Download App:
  • android
  • ios