പല കാര്യങ്ങള്‍ക്കും വേണ്ടി ആളുകള്‍ പൂജ നടത്തുന്നത് നമ്മള്‍ കേട്ടിരിക്കും. ചിലതെല്ലാം വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായിരിക്കും. ഉദാഹരണത്തിന്- നല്ല വധുവിനെ അല്ലെങ്കില്‍ വരനെ ലഭിക്കാന്‍, വീട്ടില്‍ ഐശ്വര്യങ്ങളുണ്ടാകാന്‍, നല്ല സന്താനങ്ങളെ ലഭിക്കാന്‍ -അങ്ങനെയെല്ലാം. ചിലരാകട്ടെ, സാമൂഹികമായ കാര്യങ്ങള്‍ക്ക് വേണ്ടിയും പൂജ നടത്താറുണ്ട്. മഴ പെയ്യാന്‍, വരള്‍ച്ച് മാറാന്‍, തെരഞ്ഞെടുപ്പില്‍ ജയിക്കാന്‍- അങ്ങനെയെല്ലാം. 

ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായ ഒരു പൂജയെക്കുറിച്ചാണ് ഇനി പറയുന്നത്. രാജ്യത്ത് നിന്ന് ഫെമിനിസ്റ്റുകളെ 'തുരത്താന്‍' ആണത്രേ ഈ പൂജ. ലിംഗനീതിക്കും കുടുംബഐക്യത്തിനും വേണ്ടി പ്രവര്‍ത്തിക്കുന്നുവെന്ന് അവകാശപ്പെടുന്ന 'സേവ് ഇന്ത്യന്‍ ഫാമിലി' എന്ന ഒരു സംഘടനയാണ് കര്‍ണാടകയില്‍ പൂജ നടത്തിയത്. 

'പിണ്ഡദാന്‍', 'പിശാചിനി മുക്തിപൂജ' എന്നിങ്ങനെ രണ്ട് പൂജകളാണ് ഇവര്‍ ഫെമിനിസ്റ്റുകളെ 'തുരത്താന്‍' നടത്തിയിരിക്കുന്നത്. ഫെമിനിസ്റ്റുകള്‍ എന്നാല്‍ രാജ്യത്തെ കാര്‍ന്നുതിന്നുന്ന ക്യാന്‍സറാണെന്നും, ഇവരെ പിശാചുക്കളായി മാത്രമേ കാണാനാകൂവെന്നും 'സേവ് ഇന്ത്യന്‍ ഫാമിലി' പ്രതിനിധികള്‍ പറയുന്നു. 

മീ ടൂ മൂവ്‌മെന്റിലൂടെ നിഷ്‌കളങ്കരായ പുരുഷന്മാരെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്ന സാഹചര്യമുണ്ടായെന്നും ഇക്കാര്യങ്ങളെല്ലാം കണക്കിലെടുത്താണ് ഫെമിനിസ്റ്റുകള്‍ക്കെതിരെ പൂജ നടത്തിയതെന്നും ഇവര്‍ മാധ്യമങ്ങളോട് പറഞ്ഞു. 

പിശാചിനെ പറഞ്ഞുവിടുന്നതിനാണത്രേ പിശാചിനി മുക്തി പൂജ. പറഞ്ഞുവിട്ട ആത്മാക്കള്‍ക്ക് ശാന്തി കിട്ടാന്‍ പിണ്ഡദാനവും. സംഘടനയുടെ കർണാടക ഘടകം പൂജ നടത്തുന്നുവെന്നറിയിച്ച് നോട്ടീസ് ഇറക്കിയിരുന്നു.

                                 പൂജ നടത്തുന്നതായി അറിയിച്ച് 'സേവ് ഇന്ത്യൻ ഫാമിലി' പുറത്തിറക്കിയ നോട്ടീസ്
                                             

രാജ്യമൊട്ടാകെ ഇനി നടത്താനുദ്ദേശിക്കുന്ന പൂജകളുടെ തുടക്കമാണ് കർണാടകയിൽ നടക്കുകയെന്ന് നോട്ടീസിൽ സൂചിപ്പിച്ചിട്ടുണ്ട്. ഇതനുസരിച്ച് കർണാടകയിൽ പൂജ നടന്നുവെന്ന് തന്നെയാണ് റിപ്പോർട്ടുകളും ചിത്രങ്ങളും സൂചിപ്പിക്കുന്നത്. എന്നാല്‍ രാജ്യത്തിന്റെ മറ്റിടങ്ങളിൽ ഇത്തരമൊരു പൂജ നടന്നതായി റിപ്പോർട്ടുകളൊന്നും തന്നെ വന്നിട്ടില്ല.

ഏതായാലും സോഷ്യല്‍ മീഡിയയില്‍ വന്‍ വരവേല്‍പാണ് പൂജയ്ക്ക് ലഭിച്ചിരിക്കുന്നത്.

സേവ് ഇന്ത്യന്‍ ഫാമിലി കര്‍ണാടക, പിശാചിനി മുക്തി പൂജ, ഫെമിനിസം ഈസ് ക്യാന്‍സര്‍, ഫെമിനിസം, ഫെമിനിസം പിശാചിനി എന്നിങ്ങനെയുള്ള ഹാഷ്ടാഗുകളിലായി ട്വിറ്ററില്‍ നിരവധി പേരാണ് പൂജയ്ക്ക് ഐക്യദാര്‍ഢ്യവുമായി രംഗത്തെത്തിയിരിക്കുന്നത്.

 

 

ഇത്തരമൊരു പൂജ നടത്തിയതിനെ എതിര്‍ത്തും, ഇതിൽ പ്രതിഷേധിച്ചും ചിലരെങ്കിലും സോഷ്യൽ മീഡിയയിലൂടെ രംഗത്തുവന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.