ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നതുമായി ബന്ധപ്പെട്ടുള്ള തര്‍ക്കം സാധാരണയായി എല്ലാ കുടുംബങ്ങളിലും കേള്‍ക്കാം. ശാസ്ത്രീയമായ തെളിവുകള്‍ക്കപ്പുറം അതൊരു വിശ്വാസം കൂടിയായാണ് ആളുകള്‍ കൊണ്ടുനടക്കുന്നത്. എന്നാല്‍ കേട്ടോളൂ, ഗര്‍ഭിണികള്‍ പപ്പായ കഴിക്കുന്നത് കൊണ്ട് യാതൊരു പ്രശ്‌നവുമില്ല. പക്ഷേ പഴുത്ത പപ്പായ മാത്രമേ കഴിക്കാവൂ. 

നന്നായി പഴുത്ത പപ്പായ വിറ്റമിന്‍ 'സി'യും 'ഇ'യും കൊണ്ട് സമ്പന്നമാണ്. ഇതില്‍ നല്ല രീതിയില്‍ ഫൈബറും ഫോളിക് ആസിഡും അടങ്ങിയിരിക്കും. ധാരാളം ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ പഴുത്ത പപ്പായ ദഹനത്തെ എളുപ്പത്തിലാക്കുന്നു. ഗര്‍ഭിണികള്‍ നേരിടുന്ന മറ്റൊരു പതിവ് പ്രശ്‌നമായ നെഞ്ചെരിച്ചിലിനും തികട്ടലിനും പഴുത്ത പപ്പായ ഉത്തമം തന്നെ. 

പലപ്പോഴും ഡോക്ടര്‍മാര്‍ തന്നെ ഒരളവ് വരെ പാകമായ പപ്പായ കഴിക്കാന്‍ ഗര്‍ഭിണികളോട് നിര്‍ദേശിക്കുന്നത് ഈ ഗുണങ്ങളെല്ലാം കണക്കിലെടുത്താണ്. ചിലര്‍ പഴുത്ത പപ്പായ തൊലി കളഞ്ഞ ശേഷം പാലില്‍ ഒരല്‍പം തേന്‍ കൂടി ചേര്‍ത്ത് നന്നായി അരച്ചെടുത്ത് കഴിക്കാറുണ്ട്. ഗര്‍ഭിണികള്‍ക്കും പാലൂട്ടുന്ന സ്ത്രീകള്‍ക്കുമെല്ലാം ഇത് വളരെ നല്ലതാണ്. 

പച്ച പപ്പായ കഴിച്ചാല്‍...

പാകമാകാത്ത പപ്പായയില്‍ അടങ്ങിയിരിക്കുന്ന ലാറ്റെക്‌സ് ഗര്‍ഭിണികള്‍ക്ക് പ്രസവ സംബന്ധമായ പ്രശ്‌നങ്ങളുണ്ടാക്കാം. ഒരിക്കലും പപ്പായയുടെ തൊലിയോ കുരുവോ അകത്ത് പെടാതിരിക്കാനും ഗര്‍ഭിണികള്‍ ശ്രദ്ധിക്കണം.