ഒരു അമ്മ തന്നെ മകളെ വില്‍ക്കുമോ? അതെ, ആ കഥ തുറന്നുപറയുകയാണ്  ഹോളിവുഡ് നടി ഡെമി മൂര്‍. അമിത മദ്യപാനിയായിരുന്നു ഡെമി മൂറിന്‍റെ അമ്മ. മൂറിന് പതിനഞ്ച് വയസ്സുളളപ്പോള്‍ അമ്മ അവളെ ഒരാള്‍ക്ക് വിറ്റ കഥ മൂറിന്‍ തന്നെ പറയുകയാണ്.

ആ പ്രായത്തില്‍ അമ്മ തന്നെ സ്ഥിരമായി മദ്യപാനകേന്ദ്രങ്ങളില്‍ കൊണ്ടുപോകുമായിരുന്നു. ഒരു ദിവസം രാത്രി മൂര്‍ തനിച്ചു വീട്ടിലെത്തുമ്പോള്‍ ഒരു പുരുഷന്‍ വീടിന്‍റെ  താക്കോലുമായി വാതില്‍ക്കല്‍ നില്‍ക്കുന്നുണ്ടായിരുന്നു. അയാള്‍ അന്ന് മൂറിനെ ലൈംഗികമായി ദുരുപയോഗിച്ചു. അതിക്രൂരമായി അയാള്‍ അവളെ ഉപയോഗിച്ചതിന് ശേഷം '500 ഡോളറിന്റെ ലൈംഗികാനുഭവം എങ്ങനെയുണ്ട്?' എന്ന് അയാള്‍ ചോദിച്ചു. അപ്പോഴാണ് അമ്മ തന്നെ വില്‍ക്കുകയായിരുന്നുവെന്ന് മൂറിന് മനസ്സിലായത്.

500 ഡോളറിനുവേണ്ടി അമ്മ മകളുടെ മാനഭംഗത്തിന് കൂട്ടുനില്‍ക്കുകയായിരുന്നു. അതായിരുന്നു തന്‍റെ ജീവിതത്തിലെ ആദ്യത്തെ ലൈംഗികാതിക്രമമെന്നും മൂര്‍ പറയുന്നു.  ഇതുവരെ ആരോടും പറഞ്ഞിട്ടില്ലാത്ത ഡെമിയുടെ ജീവിതം വെളിപ്പെടുത്തുന്ന 'ഇന്‍സൈഡ് ഔട്ട്' എന്ന ആത്മകഥ ഉടനെ പുറത്തിറങ്ങും.

പ്രായത്തില്‍ ഏറെ ചെറുപ്പമായ ആഷ്ടന്‍ കച്ചറുമായുള്ള തന്‍റെ ബന്ധത്തെപ്പറ്റിയും നടി ഇതില്‍ തുറന്നുപറയുന്നു. അന്‍പതിയാറുകാരിയാണ് ഡെമി. ഭര്‍ത്താവ് ബ്രൂസ് വില്ലിസുമായി വേര്‍പിരിഞ്ഞ ഡെമി 2000ല്‍  ആഷ്ടനുമായി പ്രണയത്തിലാവുകയായിരുന്നു. ഡെമിയെക്കാള്‍ 15 വയസ്സ് ചെറുപ്പമായിരുന്നു ആഷ്ടന്‍. ആ ബന്ധത്തില്‍ ഡെമി ഗര്‍ഭിണിയാവുകയും ആറ് മാസം വളര്‍ച്ചയുണ്ടായിരുന്ന കുഞ്ഞിനെ ഗര്‍ഭത്തില്‍ തന്നെ നഷ്ടപ്പെട്ടുവെന്നും ഡെമി പറയുന്നു. തുടര്‍ന്ന് അതിലുളള വിഷമം മൂലം മദ്യപാനം, ലഹരിമരുന്ന് എന്നിവ ഉപയോഗിച്ചു തുടങ്ങിയെന്നും ഇവര്‍ പറയുന്നു. 

2008ല്‍ ആഷ്ടിനെ വിവാഹം ചെയ്തെങ്കിലും 2013ല്‍ ഇവര്‍ വേര്‍പിരിയുകയായിരുന്നു. സ്ട്രിപ്ടസ്, റഫ് നൈറ്റ്, ബോബി, മിസ്റ്റര്‍ ബ്രൂക്‌സ്, ഗോസ്റ്റ് തുടങ്ങിയവയായിരുന്നു ഡെമിയുടെ പ്രധാനസിനിമകൾ.