ആര്‍ത്തവവിരാമത്തോടെ ഒരുപിടി ആരോഗ്യപ്രശ്‌നങ്ങളാണ് സ്ത്രീകള്‍ നേരിടുന്നത്. പ്രധാനമായും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലമാണ് ഇത്തരത്തില്‍ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകുന്നത്. മൂഡ് സ്വിംഗ്‌സ്, ക്ഷീണം, വിഷാദം, പേശീവേദന, തലവേദന, ശരീരം വെട്ടിവിയര്‍ക്കുന്നത് ഇങ്ങനെ പല പ്രശ്‌നങ്ങളും ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകും. 

ഇക്കൂട്ടത്തില്‍ ഉള്‍പ്പെടുന്ന ഒന്നാണ് മുടികൊഴിച്ചില്‍. ഇതും ഹോര്‍മോണ്‍ വ്യതിയാനങ്ങള്‍ മൂലം തന്നെയാണ് ഉണ്ടാകുന്നത്. എന്നാല്‍ ഹോര്‍മോണ്‍ അളവുകളില്‍ വരുന്ന വ്യത്യാസത്തിലധികം ചില ഘടകങ്ങള്‍ കൂടി ഇതില്‍ സ്വാധീനിക്കുന്നുണ്ട്. ഈ ഘടകങ്ങളെ തിരിച്ചറിഞ്ഞ്, അതില്‍ മാറ്റം വരുത്താനായാല്‍ ഒരുപക്ഷേ ആര്‍ത്തവവിരാമത്തോടനുബന്ധിച്ചുണ്ടാകുന്ന മുടി കൊഴിച്ചിലിന് ആശ്വാസം പകരാനാകും. അത്തരത്തിലുള്ള മൂന്ന് ഘടകങ്ങളെക്കുറിച്ചാണ് ഇനി പറയുന്നത്. 

ഒന്ന്...

ഈസ്ട്രജന്‍ എന്ന ഹോര്‍മോണിന്റെ അളവിലുണ്ടാകുന്ന മാറ്റം മൂലം മൂഡ് സ്വിംഗ്‌സ്, വിഷാദം, ഉത്കണ്ഠ എന്നിവയെല്ലാം ഉണ്ടായേക്കാം. ഇവ ക്രമാതീതമായി വര്‍ധിക്കാതെ നിയന്ത്രിക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം മുടികൊഴിച്ചില്‍ ഇരട്ടിയാകാന്‍ സാധ്യതയുണ്ട്. ഇതിനായി വ്യായാമം, യോഗ, മരുന്ന് എന്നിവയെ എല്ലാം ആശ്രയിക്കാവുന്നതാണ്. മാനസികസമ്മര്‍ദ്ദം കൂട്ടുന്ന തരത്തിലുള്ള ചിന്തകളും പരമാവധി അകറ്റിനിര്‍ത്തണം. ഉറക്കക്കുറവുണ്ടെങ്കില്‍ അതും പരിഹരിക്കാന്‍ മാര്‍ഗം കണ്ടെത്തണം. 

രണ്ട്...

ഏറ്റവും മികച്ചൊരു ഡയറ്റായിരിക്കണം ആര്‍ത്തവവിരാമത്തോട് അടുപ്പിച്ച് സ്ത്രീകള്‍ തെരഞ്ഞേടുക്കേണ്ടത്. ശാരീരികമായി വിലയൊരു മാറ്റത്തെ നേരിടുമ്പോള്‍ അതിനായി സ്വയം തയ്യാറാകാന്‍ ഭക്ഷണം ഉത്തമമായ പ്രതിരോധമാണെന്ന് മനസിലാക്കുക. ധാന്യങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍ എന്നിവയെല്ലാം ധാരാളമായി ഭക്ഷണത്തിലുള്‍പ്പെടുത്തുക. ഇത് മുടികൊഴിച്ചിലിനെ ഒരു പരിധി വരെ പ്രതിരോധിക്കാന്‍ സഹായിക്കും. ഗ്രീന്‍ ടീ, അതുപോലെ വിറ്റാമിന്‍- ബി 6, ഫോളിക് ആസിഡ് സപ്ലിമെന്റുകളും മുടിവളര്‍ച്ചയുണ്ടാകാന്‍ സഹായിക്കും. 

മൂന്ന്...

ഹെയര്‍ ഡ്രൈയറിന്റെ ഉപയോഗം, ധാരാളം ഷാമ്പൂ ഉപയോഗിക്കുന്നത്, മറ്റ് രാസപദാര്‍ത്ഥങ്ങളടങ്ങിയ ഹെയര്‍ പ്രോഡക്ടുകളുടെ ഉപയോഗം എന്നിവയെല്ലാം പരമാവധി ഒഴിവാക്കണം. പൊതുവേ ഇവയെല്ലാം മുടിക്ക് പ്രതികൂലമായി വരുന്ന ഘടകങ്ങളാണ്. ആര്‍ത്തവവിരാമത്തിലാണെങ്കില്‍, ഇത്തരം പ്രതികൂലഘടകങ്ങളെ മറികടക്കാനുള്ള ബലം മുടിക്ക് ഇല്ലാതായിരിക്കുന്ന അവസ്ഥയാണ്. അതിനാല്‍ 'നാച്വറല്‍' ആയി മുടി പരിപാലിക്കാന്‍ ഈ സമയങ്ങളില്‍ ശ്രദ്ധിക്കുക.