1909ൽ ജനിച്ച എഥേൽ, ലോകമഹായുദ്ധങ്ങൾ മുതൽ സാങ്കേതിക വിപ്ലവങ്ങൾ വരെയുള്ള വലിയ ആഗോള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.
ദീർഘവും സംതൃപ്തവുമായ ജീവിതം നയിക്കാൻ ആളുകൾ നെട്ടോട്ടം ഓടുമ്പോൾ ലോകത്ത് അസാധാരണമായ ദീർഘായുസ്സ് നേടിയവരുടെ ജ്ഞാനം വിലമതിക്കാൻ ആകാത്തതാണെന്ന് പറയാം. ലോകത്തിലെ ഏറ്റവും പ്രായം കൂടിയ സ്ത്രീയായ 115 വയസ്സുള്ള എഥേൽ കാറ്റർഹാമിന്റെ ജീവിതം വളരെ ലളിതമാണ്. ബ്രസീലിൽ നിന്നുള്ള 116 വയസ്സുള്ള ഇനാ കനബാരോ ലൂക്കാസിന്റെ മരണശേഷം, യുഎസ് ആസ്ഥാനമായുള്ള ജെറോന്റോളജിക്കൽ റിസർച്ച് ഗ്രൂപ്പ് (ജിആർജി) ഉം ലോംഗെവിക്വസ്റ്റ് ഡാറ്റാബേസും അനുസരിച്ച്, ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് എഥേൽ കാറ്റർഹാം. ഇത്രയും ശ്രദ്ധേയമായ ജീവിതം എങ്ങനെ നയിച്ചു എന്നതിനെക്കുറിച്ച് എല്ലാവർക്കും സംശയങ്ങൾ ഉണ്ടാവാം.
1909ൽ ജനിച്ച എഥേൽ, ലോകമഹായുദ്ധങ്ങൾ മുതൽ സാങ്കേതിക വിപ്ലവങ്ങൾ വരെയുള്ള വലിയ ആഗോള മാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിലൂടെയെല്ലാം സമാധാനപരവും ആരോഗ്യകരവും ഊർജ്ജസ്വലവുമായി നിലനിൽക്കാൻ എഥേൽ സ്വന്തമായി ഒരു തത്ത്വചിന്തയെ വളർത്തിയെടുത്തു.
ഒരു നൂറ്റാണ്ടിലേറെയായി അവരെ ജീവിക്കാൻ സഹായിച്ച, അവർ വിശ്വസിക്കുന്ന ആ തത്വം ഇതാണ്, 'ആരോടും ഒരിക്കലും തർക്കിക്കരുത്. ഞാൻ കേട്ടിരിക്കുന്നു, എനിക്ക് ഇഷ്ടമുള്ളത് ഞാൻ ചെയ്യുന്നു' ശാന്തതയിലും ആത്മാഭിമാനത്തിലും വേരൂന്നിയ ഈ തത്വം, വൈകാരിക ക്ഷേമത്തിനും ദീർഘായുസ്സിനും ഇടയിലുള്ള ബന്ധത്തെക്കുറിച്ച് ധാരാളം വെളിപ്പെടുത്തുന്നു.
തർക്കങ്ങൾ ഒഴിവാക്കുന്നതിലൂടെ താൻ സ്വയം തന്റെ ശരീരത്തെയും മനസിനെയും സംരക്ഷിക്കുകയും അതിലൂടെ ആരോഗ്യകരമായ അന്തരീക്ഷം സൃഷ്ടിക്കുകയും സന്തോഷം ലഭിക്കുകയും ചെയ്യുമെന്ന് എഥേൽ പറയുന്നു.
1909 ഓഗസ്റ്റ് 21 ന് ഇംഗ്ലണ്ടിലെ ഷിപ്റ്റൺ ബെല്ലിംഗർ ഗ്രാമത്തിലാണ് എഥേൽ കാറ്റർഹാം ജനിച്ചത്. എട്ട് സഹോദരങ്ങളുള്ള ഒരു കുടുംബത്തിലെ രണ്ടാമത്തെ മകളായി വളർന്ന അവരുടെ ആദ്യകാല ജീവിതം ലാളിത്യവും പരമ്പരാഗത മൂല്യങ്ങളുമാണ് ഉൾപ്പെട്ടതായിരുന്നു. അക്കാലത്തെ ജീവിതം വളരെ വ്യത്യസ്തമായിരുന്നു. കുതിരവണ്ടികൾ, കൈയെഴുത്തുപ്രതിയുള്ള കത്തുകൾ, ഒന്നാം ലോകമഹായുദ്ധത്തിന്റെ വക്കിലുള്ള ഒരു ലോകം. നിരവധി ചരിത്രപരമായ പ്രക്ഷോഭങ്ങൾ അനുഭവിച്ചിട്ടും, ജീവിതത്തിലുടനീളം എഥേൽ സ്ഥിരവും ശാന്തവുമായ ഒരു മനോഭാവം നിലനിർത്തി. സംയമനം പാലിക്കാനും പൊരുത്തപ്പെടാനും കഴിയുന്ന ഈ കഴിവ് അവരുടെ ആരോഗ്യത്തിനും ദീർഘായുസ്സിനും പിന്തുണയേകി.
അതേസമയം വൈകാരിക ആരോഗ്യവും ദീർഘായുസ്സിന് നിർണായക ഘടകമാണെന്ന് എഥേൽ പറയുന്നു. വികാരങ്ങളെ നന്നായി കൈകാര്യം ചെയ്യുകയും സ്ഥിരതയുള്ളതും പോസിറ്റീവുമായ ബന്ധങ്ങൾ നിലനിർത്തുകയും ചെയ്യുന്ന ആളുകൾ കൂടുതൽ കാലം ആരോഗ്യകരമായ ജീവിതം നയിക്കുമെന്ന് പഠനങ്ങളിലും കാണിക്കുന്നു. വിട്ടുമാറാത്ത വൈകാരിക സംഘർഷം ശരീരത്തിൽ വീക്കം ഉണ്ടാക്കും, ഇത് പ്രായവുമായി ബന്ധപ്പെട്ട നിരവധി രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. വാദപ്രതിവാദങ്ങൾക്ക് പകരം പോസിറ്റീവ് അനുഭവങ്ങൾക്ക് വേണ്ടി തന്റെ ഊർജ്ജം സംഭരിച്ചുകൊണ്ട് ആരോഗ്യകരമായ ആന്തരിക സന്തുലിതാവസ്ഥ നിലനിർത്താൻ അവർ ശ്രമിച്ചു.
18 വയസ്സുള്ളപ്പോൾ, പുതിയ സംസ്കാരങ്ങളും വെല്ലുവിളികളും സ്വീകരിച്ചുകൊണ്ട് എഥേൽ ഇന്ത്യയിലേക്ക് ജോലി ചെയ്യാൻ എത്തി. പിന്നീട്, ബ്രിട്ടീഷ് ആർമി മേജറായ ഭർത്താവിനൊപ്പം ഹോങ്കോങ്ങിലും ജിബ്രാൾട്ടറിലും താമസിച്ചു. ഈ അനുഭവങ്ങൾ അവരുടെ ജീവിതത്തെ സമ്പന്നമാക്കുകയും മാനസികമായി എപ്പോഴും സജീവമായി നിലനിർത്തുകയും ചെയ്തുവെന്ന് എഥേൽ പറയുന്നു. ജീവിതത്തിൽ നിരവധി മാറ്റങ്ങൾ വന്നുവെങ്കിലും എഥേൽ തന്റെ മനോഭാവത്തെ അതുപോലെ തന്നെ നിലനിർത്തി. ഭർത്താവിന്റെ മരണത്തിനുശേഷവും അവർ ആത്മവിശ്വാസത്തോടെ തന്നെ ജീവിച്ചു.


