ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സമയമാണ് ഗര്‍ഭാവസ്ഥ. ഈ സമയം മുതല്‍ പ്രസവം വരെ സ്ത്രീകള്‍ സൂക്ഷിക്കേണ്ട അനവധി കാര്യങ്ങളുണ്ട്. ശാരീരികവും മാനസികവുമായ ഘടകങ്ങള്‍ ഇതില്‍ ഉള്‍പ്പെടുന്നു. 

ഗര്‍ഭധാരണം നടക്കുന്നതോടെ സ്ത്രീയുടെ ശരീരത്തില്‍ അതിന്റെ ചില ലക്ഷണങ്ങള്‍ പ്രകടമായി തുടങ്ങുന്നു. ശാരീരികമായുണ്ടാകുന്ന എന്തൊക്കെ ലക്ഷണങ്ങളാണ് ഗര്‍ഭിണിയാണെന്ന് മനസ്സിലാക്കാന്‍ സഹായിക്കുന്നത് എന്ന് നോക്കാം.

1. ഛര്‍ദി...

ഗര്‍ഭധാരണ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ട ഒന്നാണ് ഛര്‍ദി. ഭൂരിപക്ഷം സ്ത്രീകളിലും ഗര്‍ഭത്തിന്റെ ഭാഗമായി ഛര്‍ദില്‍ അനുഭവപ്പെടാറുണ്ട്. രാവിലെ ഉറക്കമുണരുമ്പോഴാണ് സാധാരണയായി ഓക്കാനവും ഛര്‍ദിയും കൂടുതലായി ഉണ്ടാകുന്നത്. ചിലരില്‍ ഇത് ദിവസം മുഴുവന്‍ നീണ്ടുനിന്നെന്നും വരാം. ഗര്‍ഭിണിയാകുന്നതോടെ ശരീരത്തിലുണ്ടാകുന്ന ഹോര്‍മോണ്‍ മാറ്റങ്ങളാകാം ഇതിനു കാരണം. ഗര്‍ഭത്തിന്റെ ആദ്യ നാളുകളില്‍ ഇത് സ്ഥിരമായിരിക്കും. ഗര്‍ഭധാരണം സംഭവിച്ച് 12 ആഴ്ച വരെ മിക്കവരിലും ഛര്‍ദി കൂടുതലായും കാണപ്പെടുന്നു. എന്നാല്‍ ചിലരില്‍ ഇത് പ്രസവം വരെയും തുടരാം.

2. ആര്‍ത്തവത്തിലുള്ള മാറ്റം...

ആര്‍ത്തവം തെറ്റുന്നത് പലപ്പോഴും ഗര്‍ഭത്തിന്റെ പ്രധാന ലക്ഷണമായി കണക്കാക്കപ്പെടുന്നു. കൃത്യമായി മാസമുറ ഉണ്ടാകുന്ന ഒരു സ്ത്രീയില്‍ ലൈംഗികബന്ധത്തിനു ശേഷം രണ്ടാഴ്ചത്തെ ഇടവേളയില്‍ ആര്‍ത്തവം ഉണ്ടാകുന്നില്ലെങ്കില്‍ അത് ഗര്‍ഭധാരണത്തിന്റെ ലക്ഷണമാകാം. എന്നാല്‍ ഈ ലക്ഷണങ്ങള്‍ മാത്രം കണക്കിലെടുത്ത് ഗര്‍ഭധാരണം ഉറപ്പിക്കുവാന്‍ സാധിക്കുകയില്ല. 

3. മാറിടങ്ങളില്‍ ഉണ്ടാകുന്ന മാറ്റങ്ങള്‍...

ഗര്‍ഭധാരണത്തിന്റെ ആദ്യ മാസങ്ങളില്‍ തന്നെ സ്തനങ്ങളില്‍ മാറ്റങ്ങള്‍ കണ്ടുതുടങ്ങുന്നു. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍- ഹോര്‍മോണുകളുടെ അളവ് ഗര്‍ഭിണികളില്‍ കൂടുന്നതും പ്രഗ്‌നന്‍സി ഹോര്‍മോണുകളുടെ പ്രവര്‍ത്തന ഫലമായും ആണ് സ്തനങ്ങളിലെ ഈ മാറ്റങ്ങള്‍. സ്തനങ്ങള്‍ക്ക് വീര്‍പ്പുണ്ടാകുകയും ദൃഢമാകുകയും മുലക്കണ്ണിന് കറുപ്പ് വര്‍ധിക്കുകയും ചെയ്യുന്നു. അതുപോലെ സ്തനത്തിലെ ഞരമ്പുകളില്‍ രക്തം നിറഞ്ഞ്, തെളിഞ്ഞു നില്‍ക്കുന്നതായും കാണപ്പെടാം. അതുകൊണ്ട് മാറിടങ്ങളില്‍ ഉണ്ടാവുന്ന ചെറിയ ലക്ഷണങ്ങള്‍ പോലും ശ്രദ്ധിക്കേണ്ടതാണ്.

4. മൂത്രശങ്ക വര്‍ധിക്കുന്നത്...

മൂത്രശങ്ക വര്‍ധിക്കുന്നതും ഗര്‍ഭധാരണത്തിന്റെ പ്രധാന ലക്ഷണങ്ങളില്‍ ഒന്നാണ്. ഗര്‍ഭപാത്രം വലുതാവുന്നതോടെ മൂത്രസഞ്ചിയില്‍ ഭാരം വര്‍ധിക്കുന്ന അവസ്ഥയുണ്ടാവുന്നു. ഇതാണ് ഇടയ്ക്കിടെയുള്ള മൂത്രശങ്കയ്ക്ക് കാരണം. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളില്‍ അല്‍പം ശ്രദ്ധി പുലര്‍ത്താം. 

5. ക്ഷീണം...

ഗര്‍ഭകാലത്ത് പ്രൊജസ്‌ട്രോണ്‍ ഹോര്‍മോണിന്റെ നില ഉയരുന്നതാണ് പലപ്പോഴും ക്ഷീണത്തിന്റെ പ്രധാന കാരണം. എന്നാല്‍ ഇത് ഗര്‍ഭലക്ഷണമാണെന്ന് എപ്പോഴും കണക്കാക്കാനാകില്ല. ഇതെല്ലാം ഗര്‍ഭലക്ഷണമാണ് എന്ന് മനസ്സിലാക്കി കൃത്യമായ പരിശോധന നടത്താന്‍ ശ്രദ്ധിക്കണം.

6. ഉദരം വീര്‍ത്തുതുടങ്ങുന്നത്...

ഉദരം വീര്‍ത്തുതുടങ്ങുന്നതോടെയാണ് ഗര്‍ഭിണിയാണെന്ന് തിരിച്ചറിയപ്പെടുന്നത്. ഗര്‍ഭം മൂന്നുമാസം കഴിയുന്നതോടെ ഗര്‍ഭാശയം വളര്‍ന്ന് ഉദരത്തിലേക്ക് ഉയരുന്നു. നാല് മാസമാകുമ്പോള്‍ പൊക്കിളിനു താഴെ വരെയും ആറാം മാസത്തില്‍ പൊക്കിള്‍ വരെയും ഒമ്പതാം മാസം എത്തുമ്പോള്‍ ഉദരം മുഴുവനായും നിറഞ്ഞുനില്‍ക്കുന്നു.
 
എന്നാല്‍ ചിലരില്‍ മുകളില്‍ പറഞ്ഞ ലക്ഷണങ്ങള്‍ മുഴുവന്‍ ഉണ്ടായെന്ന് വരില്ല. എങ്കിലും ഗര്‍ഭധാരണത്തിനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല. ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് വൈദ്യപരിശോധന നടത്തുക മാത്രമേ വഴിയുള്ളൂ. ഗര്‍ഭിണിയാണെന്ന് സ്വയം സംശയം തോന്നുന്നതോടെ തന്നെ ഈ വൈദ്യപരിശോധനയ്ക്ക് വിധേയയാകാവുന്നതാണ്.