രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം വീണ്ടും ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നാല്‍പത്തിയൊന്നുകാരിയായ കരീനയെന്നാണ് മനസിലാകുന്നത്. ഇക്കുറി പക്ഷേ യോഗയാണ് കരീനയുടെ മാര്‍ഗം
ഫിറ്റ്‌നസ് ആഗ്രഹിക്കുന്നവര്‍ തീര്‍ച്ചയായും വര്‍ക്കൗട്ടിനോ ( Doing Workout ) മറ്റ് ഏതെങ്കിലും തരത്തിലുള്ള കായികാധ്വാനങ്ങള്‍ക്കോ ( Doing exercise ) പ്രാധാന്യം നല്‍കുന്നവരായിരിക്കും. മിക്ക സിനിമാതാരങ്ങളും ( Film stars ) ഇന്ന് ഫിറ്റ്‌നസിന് വേണ്ടി കഠിനമായ പരിശ്രമങ്ങള്‍ നടത്തുന്നവരാണ്. സിനിമയില്‍ സജീവമല്ലാത്ത താരങ്ങള്‍ പോലും ഇക്കാര്യത്തില്‍ സന്ധി ചെയ്യാറില്ലെന്നതാണ് സത്യം.
ഇത്തരത്തില്‍ സിനിമയില്‍ സജീവമല്ലെങ്കില്‍ കൂടി ഫിറ്റ്‌നസിന് വേണ്ടി പരിശ്രമിക്കുന്നൊരു താരമാണ് കരീന കപൂര്‍. സിനിമയെക്കാളധികം പ്രാധാന്യം കുടുംബജീവിതത്തിന് നല്‍കുന്നൊരു വ്യക്തിയായിട്ടാണ് കരീനയെ ആരാധകര്‍ വിലയിരുത്തുന്നത്. സെയ്ഫുമായുള്ള വിവാഹത്തിന് ശേഷവും സിനിമകളില്‍ സജീവമായിരുന്നെങ്കിലും ആദ്യ മകന്‍ പിറന്നതോടെ വലിയ ഇടവേള വന്നു. ഇപ്പോഴിതാ രണ്ടാമത്തെ മകനും പിറന്നിരിക്കുന്നു.
രണ്ടാമത്തെ കുഞ്ഞ് പിറന്ന ശേഷം വീണ്ടും ഫിറ്റ്‌നസ് തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ് നാല്‍പത്തിയൊന്നുകാരിയായ കരീനയെന്നാണ് മനസിലാകുന്നത്. ഇക്കുറി പക്ഷേ യോഗയാണ് കരീനയുടെ മാര്‍ഗം. കരീന മാത്രമല്ല, ധാരാളം ബോളിവുഡ് താരങ്ങള്‍, പ്രത്യേകിച്ച് നടിമാര്‍ യോഗ പരിശീലിക്കുന്നവരാണ്.
എന്തായാലും വളരെ കാര്യമായിത്തന്നെയാണ് കരീന യോഗ പരിശീലിക്കുന്നതെന്ന് വ്യക്തമാക്കുന്നൊരു വീഡിയോ ആണിനി പങ്കുവയ്ക്കുന്നത്. കരീന തന്നെയാണ് ഇത് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ആരാധകര്‍ക്ക് വേണ്ടി പോസ്റ്റ് ചെയ്തത്. 108 സൂര്യനമസ്‌കാരം പൂര്‍ത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്.
സൂര്യനമസ്‌കാരം വളരെ ദീര്‍ഘമായി, പല ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തി ചെയ്യുന്നവരുണ്ട്. കരീന പക്ഷേ അല്‍പം കൂടി ലളിതമായ രീതിയിലാണിത് ചെയ്യുന്നത്. എന്നാല്‍ ഇതുതന്നെ ഇത്രയും തവണ ചെയ്യുകയെന്നത് അത്ര എളുപ്പവുമല്ല.
ഒരു ഭക്ഷണപ്രിയ കൂടിയായ കരീന, തന്റെ ഇന്നത്തെ യോഗാഭ്യാസത്തിന് ശേഷം താന്‍ മത്തന്‍ പൈ കഴിക്കാന്‍ ആഗ്രഹിച്ചിരിക്കുകയായണെന്നും വീഡിയോയ്‌ക്കൊപ്പം അടിക്കുറിപ്പില്‍ ചേര്‍ത്തിരിക്കുന്നു. എന്തായാലും നിരവധി പേരാണ് കരീനയുടെ വീഡിയോയോട് പ്രതികരണമറിയിക്കുന്നത്.
പ്രസവശേഷം ശരീരം പഴയപടി ആക്കുകയെന്നത് എളുപ്പമല്ലെന്ന് സ്ത്രീകള്‍ക്കിടയില്‍ പലപ്പോഴുമൊരു ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇത്തരം ആശങ്കകളിലൊന്നും വലിയ കഴമ്പില്ലെന്നും കരീനയെപ്പോലുള്ളവര്‍ തെളിയിക്കുകയാണ്. അല്‍പമൊന്ന് മനസ് വച്ചാല്‍ പ്രസവശേഷവും ഫിറ്റ്‌നസ് തിരിച്ചുപിടിക്കാമെന്ന് കരീനയെ പോലുള്ള അമ്മമാര്‍ ഓര്‍മ്മിപ്പിക്കുന്നു.
