Asianet News MalayalamAsianet News Malayalam

റംലാബീ​ഗം; മതവിലക്കുകൾ മറികടന്ന് വേദിയിലെത്തിയ ആദ്യകാല മുസ്ലിം വനിതകളിലൊരാൾ, മറഞ്ഞത് ജനകീയ കലാകാരി 

 കണ്ണൂരിലും കോഴിക്കോടും റംലക്കെതിരെ ഭീഷണിയുണ്ടായി. എന്നാൽ, എല്ലാ വിലക്കുകളെയും നേരിട്ട് റംലാബീ​ഗം വേദികളിൽ നിറഞ്ഞു. പിന്നീട് ആസ്വാദകവൃന്ദം റംലാ ബീ​ഗത്തെ ഏറ്റെടുത്തു. 

mappilapattu singer Ramla beegum life and journey prm
Author
First Published Sep 27, 2023, 6:12 PM IST

കോഴിക്കോട്: പ്രശസ്ത മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗത്തിന്റെ മരണത്തോടെ അവസാനിച്ചത് ഒരു യു​ഗത്തിന്റെ അവസാന കണ്ണി. മാപ്പിളപ്പാട്ട് രം​ഗത്തെ അതികായയായിരുന്നു റംലാബീ​ഗം. മതത്തിന്റെ വേലിക്കെട്ടുകൾ തകർത്ത് മാപ്പിളപ്പാട്ടും കഥാപ്രസം​ഗവുമായി റംല മലയാളിയുടെ മനസ്സ് കീഴടക്കി. സാംബശിവൻ അരങ്ങുവാണ കാലത്താണ് സ്ത്രീകൾ നന്നേ കുറവായ കഥാപ്രസം​ഗ രം​ഗത്തേക്കും മാപ്പിളപ്പാട്ട് രം​ഗത്തേക്കും റംലാബീ​ഗം കാലെടുത്തുവെക്കുന്നത്. ഇ​സ്​​ലാ​മി​ക ക​ഥ​ക​ള്‍ക്ക് പു​റ​മെ പി കേശവദേവിന്റെ ഓ​ട​യി​ല്‍നി​ന്ന്, കാളിദാസന്റെ ശാ​കു​ന്ത​ളം, കുമാരനാശാന്റെ ന​ളി​നി എ​ന്നീ ക​ഥ​ക​ളും ക​ഥാ​പ്ര​സം​ഗ രൂ​പ​ത്തി​ല്‍ അ​വ​ത​രി​പ്പി​ച്ചു. ഹു​സ്നു​ല്‍ ജ​മാ​ല്‍ ബ​ദ്​​റു​ല്‍ മു​നീ​ര്‍ ക​ഥാ​പ്ര​സം​ഗം അക്കാലത്ത് തരം​ഗമായി.

500ലേറെ കാസറ്റുകൾ പുറത്തിറങ്ങി. 10000 വേദികളിൽ പാടി. വലിയ രീതിയിലുള്ള ജനകീയ ​ഗായികയായി അവര്‍ മാറി. മാപ്പിളകല സാഹിത്യരംഗത്തെ സമഗ്രസംഭാവനകള്‍ക്ക് മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ പുരസ്‌കാരം ലഭിച്ചു. 1946 ന​വം​ബ​ര്‍ മൂ​ന്നി​ന് ജ​നി​ച്ച റം​ല ബീ​ഗം ഏ​ഴാം വ​യസു മു​ത​ല്‍ അമ്മാവൻ സത്താർഖാന്റെ നേതൃത്വത്തിലുള്ള ആ​ല​പ്പു​ഴ ആ​സാ​ദ് മ്യൂ​സി​ക് ട്രൂ​പ്പി​ല്‍ ഹി​ന്ദി ഗാ​ന​ങ്ങ​ള്‍ പാ​ടിയാണ് കലാരം​ഗത്തേക്ക് ചുവടുവെക്കുന്നത്. പാട്ടുകാരിയാകണമെന്ന ആ​ഗ്രഹത്തിന് റംലയുടെ  മാതാപിതാക്കൾ പിന്തുണ നൽകി.

മാപ്പിളപ്പാട്ട് ഗായിക റംലാ ബീഗം അന്തരിച്ചു

ഉമ്മയും പാട്ടുകാരിയായിരുന്നു. ആസാദ് മ്യൂസിക് ക്ലബ്ബിൽ തബല വായിച്ചിരുന്ന അബ്ദുൽ സലാം റംലയെ വിവാഹം കഴിച്ചു. മതവിലക്കുകൾ മറികടന്ന് മാപ്പിളപ്പാട്ട് അവതരിപ്പിച്ച ആദ്യ മുസ്‍ലിം വനിതയെന്ന വിശേഷണവും റംല ബീഗത്തിന് സ്വന്തം. കണ്ണൂരിൽ വേദിയിൽ പരിപാടി അവതരിപ്പിക്കുന്നതിനെതിരെ ഒരുവിഭാഗം രംഗത്തെത്തി. വധഭീഷണി വരെ റംല നേരിട്ടു. എന്നാൽ ഭർത്താവ് ഉറച്ച പിന്തുണ നൽകിയതോടെ റംലാ ബീ​ഗം സധൈര്യം പരിപാടി അവതരിപ്പിച്ചു. കോഴിക്കോട്ടെ കൊടുവള്ളിയിലും റംലക്കെതിരെ ഭീഷണിയുണ്ടായി. എന്നാൽ, എല്ലാ വിലക്കുകളെയും നേരിട്ട് റംലാബീ​ഗം വേദികളിൽ നിറഞ്ഞു. പിന്നീട് ആസ്വാദകവൃന്ദം റംലാ ബീ​ഗത്തെ ഏറ്റെടുത്തു. 

Latest Videos
Follow Us:
Download App:
  • android
  • ios