ഗര്‍ഭകാലം എന്നത് ഏതൊരു സ്ത്രീയുടെയും ജീവിതത്തിലെ അവിസ്മരണീയമായ സമയമാണ്. അത് പോലെ തന്നെയാണ് പലതരത്തിലുള്ള ആരോ​ഗ്യപ്രശ്നങ്ങളുണ്ടാകുന്ന സമയം കൂടിയാണ് ​ഗർഭകാലം. പ്രസവ ശേഷം സ്ത്രീ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും വളരെ വലുതാണ്. ഭാര്യയുടെ പ്രസവം നേരിട്ട് കണ്ട ഭര്‍ത്താവ് ഫേസ്ബുക്കില്‍ കുറിച്ച പോസ്റ്റ് വെെറലാവുകയാണ്. നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എന്ന യുവാവാണ് കുറിപ്പ് പങ്കുവച്ചിരിക്കുന്നത്. 

പ്രസവശേഷം സ്ത്രീ ശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും വളരെ വലുതാണ്. കുട്ടികള്‍ക്ക് പാലുകൊടുക്കുന്നത് വഴി ഇടിയുന്ന മുലകളും, ഗര്‍ഭാവസ്ഥയില്‍ വലുതായ വയര്‍ പിന്നീട് തിരിച്ച് പൂര്‍വ സ്ഥിതിയില്‍ ആകാത്തതും, വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുന്നതുമെല്ലാം കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീശരീരത്തില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളാണ്. ആലില വയറും ഒതുങ്ങിയ മുലകളും ഉള്ള പെണ്ണിനെ കല്യാണം കഴിക്കാന്‍ നോക്കി നടക്കുന്നവര്‍ ഒന്നോര്‍ക്കുക, ഒരു പ്രസവം വരേയുള്ളൂ ആലിലകള്‍ എല്ലാം- നസീര്‍ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ രൂപം....

സ്ത്രീകളെക്കുറിച്ചുള്ള എന്റെ ധാരണകള്‍ പലതും മാറിയത് ഒരു പ്രസവരംഗം നേരില്‍ കണ്ടതോട് കൂടിയാണ്. മകന്‍ ജനിച്ചപ്പോള്‍ ഇവിടെ ഡെലിവറി റൂമില്‍ ഞാനുമുണ്ടായിരുന്നു. ഗര്‍ഭാവസ്ഥയിലും , പ്രസവത്തിനു ശേഷവും സ്ത്രീയുടെ ശരീരം കടന്നു പോകുന്ന മാറ്റങ്ങള്‍ നേരിട്ട് കണ്ടവര്‍ക്കെല്ലാം സ്ത്രീകളോടുള്ള ബഹുമാനവും ആരാധനയും കൂടാതെ വഴിയില്ല.

ഇവിടെ പ്രസവത്തിനു മുന്‍പ് ഞങ്ങള്‍ ക്ലാസ്സുകളില്‍ പോയി പ്രസവസമയത്ത് എങ്ങിനെ ശ്വാസം എടുക്കണം എന്നും മറ്റും പഠിച്ചിരുന്നു. കുട്ടികളുടെ ഡയപ്പര്‍ മാറ്റാനും, കുളിപ്പിക്കാനും മറ്റുമുള്ള ക്ലാസുകള്‍ വേറെ. എന്നാല്‍ ശരിക്കും പ്രസവ സമയത്ത് എപിഡ്യൂറല്‍ എടുക്കുന്നവരെ വേദന കൊണ്ട് പുളയുന്ന ഭാര്യയോട് , ഗര്‍ഭകാലത്ത് ക്ലാസ്സുകളില്‍ പോയി പഠിച്ച ബ്രീത്തിങ് ടെക്നിക്കുകള്‍ ഉപയോഗിക്കാന്‍ പറഞ്ഞപ്പോള്‍ കിട്ടിയ ചീത്തയില്‍ നിന്നാണ് ഇത് സാധാരണ നിലയില്‍ ഉള്ള വേദനയല്ല എന്ന് മനസിലായത്.

യഥാര്‍ത്ഥത്തില്‍ പ്രസവസമയത്ത് ralaxin എന്ന ഹോര്‍മോണ്‍ സ്ത്രീകളുടെ ഇടുപ്പെല്ല് രണ്ടുവശത്തേക്കും മാറി ബര്‍ത്ത് കനാലിനു വലുതാകാന്‍ അവസരം ഒരുക്കിക്കൊടുക്കുന്നുണ്ട്. ഇത് പലപ്പോഴും പഴയ സ്ഥിതിയിലേക്ക് തിരിച്ചു വരാത്ത വിധമുള്ള ഒരു മാറ്റമാണ്. നമ്മുടെ ശരീരത്തിലെ എല്ലുകള്‍ നുറുങ്ങുന്ന വേദന എന്നൊക്കെ ആലങ്കാരികമായി പറയാവുന്ന ഒന്നാണ് പ്രസവം. ആണുങ്ങള്‍ക്ക് ഈ വേദന വിചാരിക്കാവുന്നതിനേക്കാള്‍ വലുതാണ്.

പ്രസവശേഷം സ്ത്രീശരീരത്തിനുണ്ടാവുന്ന മാറ്റങ്ങളും വളരെ വലുതാണ്. കുട്ടികള്‍ക്ക് പാലുകൊടുക്കുന്നത് വഴി ഇടിയുന്ന മുലകളും, ഗര്‍ഭാവസ്ഥയില്‍ വലുതായ വയര്‍ പിന്നീട് തിരിച്ച് പൂര്‍വ സ്ഥിതിയില്‍ ആകാത്തതും, വയറില്‍ സ്‌ട്രെച്ച് മാര്‍ക്കുകള്‍ ഉണ്ടാകുന്നതുമെല്ലാം കുട്ടികള്‍ ഉണ്ടാകുന്നതോടെ സ്ത്രീശരീരത്തില്‍ സംഭവിക്കുന്ന വലിയ മാറ്റങ്ങളാണ്. ആലില വയറും ഒതുങ്ങിയ മുലകളും ഉള്ള പെണ്ണിനെ കല്യാണം കഴിക്കാന്‍ നോക്കി നടക്കുന്നവര്‍ ഒന്നോര്‍ക്കുക, ഒരു പ്രസവം വരേയുള്ളൂ ആലിലകള്‍ എല്ലാം.

പ്രസവം ഇത്ര വേദനാജനകമാകാന്‍ കാരണം മനുഷ്യന്റെ വളരുന്ന തലച്ചോറും, മനുഷ്യന്‍ നിവര്‍ന്നു നില്ക്കാന്‍ തുടങ്ങിയതുമാണ്. തലച്ചോര്‍ വലുതാവുകയും, എന്നാല്‍ നിവര്‍ന്ന് നില്‍ക്കുന്നത് കൊണ്ട് ബര്‍ത്ത് കനാല്‍ ചെറുതാവുകയും ചെയ്തത് കൊണ്ട് എല്ലാ മനുഷ്യ പ്രസവങ്ങളും ഒരര്‍ത്ഥത്തില്‍ പാകമെത്താത്ത പ്രസവങ്ങളാണ്, കുട്ടി ജനിച്ച് പിന്നെയോ വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മനുഷ്യന്‍ തനിയെ ജീവിക്കാന്‍ പഠിക്കുന്നത്. പക്ഷെ ഇത്ര നേരത്തെ പ്രസവം നടന്നിട്ടും, സ്ത്രീയുടെ ബര്‍ത്ത് കനാല്‍ ഒരു കുട്ടിയെ പുറത്തേക്ക് എത്തിക്കാന്‍ മാത്രം വലുതല്ല. 

അത്തരം സന്ദര്‍ഭങ്ങളില്‍ ഡോക്ട്ടര്‍മാര്‍ സ്ത്രീകളുടെ യോനിക്കും മലദ്വാരത്തിനും ഇടയില്‍ ഒരു മുറിവുണ്ടാക്കാറുണ്ട്. episiotomy എന്നാണിതിനെ പറയുന്നത്. മിക്കവാറും, പ്രസവവേദനയുടെ കൂടെ ഇതുകൂടി സഹിക്കണം എന്ന് മാത്രമല്ല, പ്രസവശേഷം ഈ മുറിവുണങ്ങാനും കുറെ സമയമെടുക്കും.

ഈ സ്റ്റിച്ച് ഒക്കെയിട്ട് വാഷ് ചെയ്യാനായി ചെറു ചൂട് വെള്ളത്തില്‍ ഇരിക്കുന്ന കാര്യമൊക്കെ എനിക്കോര്‍ക്കാനേ കഴിയുന്നില്ല. മാത്രമല്ല പ്രസവത്തിനു ശേഷം മിക്ക സ്ത്രീകള്‍ക്കും മലബന്ധം പോലുള്ള മറ്റു പ്രശനങ്ങളുമുണ്ടാവും. ഒരു മാസമാണെകിലും എടുക്കും കുറച്ചെങ്കിലും സ്ത്രീകള്‍ക്ക് പൂര്‍വസ്ഥിതീയിലേക്ക് വരാന്‍.

പക്ഷെ മലയാളി പുരുഷന് ലോട്ടറിയാണ്. കാരണം പ്രസവരക്ഷ എന്നൊക്കെ പറഞ്ഞ് അവര്‍ സ്ത്രീകളെ ഒന്നുകില്‍ അവളുടെ വീട്ടില്‍ കൊണ്ടുചെന്നാക്കും, അല്ലെങ്കില്‍ വീട്ടില്‍ ആണെകില്‍ നോക്കാന്‍ ഏതെങ്കിലും പെണ്ണുങ്ങളെ വയ്ക്കും. ആണുങ്ങള്‍ ഏറ്റവും കൂടുതല്‍ സ്ത്രീകളുടെ കൂടെ നില്‍ക്കേണ്ട ഒരു സമയമാണ് പ്രസവം.

അവരോടുള്ള നമ്മുടെ ബഹുമാനവും സ്‌നേഹവും പ്രേമവും എല്ലാം ആകാശം വരെ ഉയരുന്ന ഒരു സമയം, നഷ്ടപ്പെടുത്തരുത്. ഇടിഞ്ഞ മുലകളും, തൂങ്ങിയ വയറും, സ്ട്രെച് മാര്‍ക്കുകളും അവളുടെ ഒരു യുദ്ധം കഴിഞ്ഞതിന്റെ അടയാളമാണ്, അത് ഒറ്റക്കുള്ള ഒരു യുദ്ധം ആക്കി മാറ്റരുത്, രണ്ടുപേരും കൂടി ചെയ്ത ഒരു യുദ്ധത്തിന്റെ സ്‌നേഹസ്മാരകങ്ങളാകണം...