അമ്മയാവാൻ നോവ് അറിയണമെന്ന് ഒരു നിബന്ധനയുമില്ല. എപ്പിഡ്യൂറൽ ഉപയോഗിച്ച് വേദന അറിയാതെ പ്രസവിക്കാം. ഡോക്ടർ തീരുമാനിക്കുന്നതനുസരിച്ച് സിസേറിയൻ നടത്താം.

തമിഴകത്തിൻറെ താര റാണി നയൻതാരയ്ക്കും വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. വിഘ്നേഷ് ശിവനാണ് തങ്ങൾ മാതാപിതാക്കളായ വിവരം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 

നയൻതാര വിവാഹത്തിന് മുൻപേ ഗർഭിണിയായിരുന്നോ അതോ വാടക ഗർഭധാരണമായിരുന്നു എന്നൊക്കെ ഉള്ള സംശയങ്ങൾ സോഷ്യൽ മീഡിയയിലെ പാപ്പരാസികൾ ഉന്നയിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് ‍ഡോ. നെൽസൺ ജോസഫ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പാണ് ഇപ്പോൾ വെെറലായിരിക്കുന്നത്.

അമ്മയെക്കുറിച്ചുള്ള തെറ്റിദ്ധാരണകൾ :
1) " നൊന്ത് പ്രസവിച്ചാലേ അമ്മയാവൂ "
തെറ്റ്. അമ്മയാവാൻ നോവ് അറിയണമെന്ന് ഒരു നിബന്ധനയുമില്ല. എപ്പിഡ്യൂറൽ ഉപയോഗിച്ച് വേദന അറിയാതെ പ്രസവിക്കാം. ഡോക്ടർ തീരുമാനിക്കുന്നതനുസരിച്ച് സിസേറിയൻ നടത്താം.
ഇനി ഇതൊന്നുമല്ല, ഒരു കുഞ്ഞിനെ ദത്തെടുത്ത് അവർക്ക് സമയവും കരുതലുമൊക്കെ നൽകുന്നയാളും അമ്മതന്നെയാണ്. അർഹത തീരുമാനിക്കാൻ വഴിയേ പോവുന്നവർക്ക് അവകാശമില്ല.
2) " അമ്മയാവുന്നതിലാണ് സ്ത്രീയുടെ പൂർണത "
തെറ്റ്. ഒരു കുഞ്ഞുണ്ടായി എന്ന് കരുതി ആരും പൂർണരാവണമെന്നില്ല. കുഞ്ഞ് ഇല്ല/വേണ്ട എന്ന് കരുതി അപൂർണരുമാവില്ല.
3) " അമ്മയാവുന്നതും മുലയൂട്ടുന്നതുമൊക്കെ സ്ത്രീക്ക് പ്രകൃതി നൽകിയ വരദാനമാണ് "
തെറ്റ്. ഇതൊക്കെ പലപ്പൊഴും പഠിച്ചെടുക്കേണ്ടി വരുന്ന സ്കില്ലുകൾ തന്നെയാണ്. അണ്ണാൻ കുഞ്ഞിനെ മരം കേറ്റം പഠിപ്പിക്കേണ്ട എന്നുള്ള ഡയലോഗൊന്നും ഇവിടെ വർക്കാവില്ല.
ആദ്യനാളുകളിൽ മുലയൂട്ടുമ്പൊ അനായാസത തോന്നിയില്ല എന്നുള്ളത് നിങ്ങളുടെ തെറ്റല്ല. 
4) " പ്രസവിച്ച ശേഷം കുഞ്ഞിനെ കാണുമ്പൊ തന്നെ നിർവൃതി തോന്നും, വേദനകൾ മറക്കും "
തെറ്റ്. എല്ലാവർക്കും അങ്ങനെ സംഭവിക്കണമെന്ന് ഒരു നിർബന്ധവുമില്ല. ആദ്യമേ തന്നെ അങ്ങനെയൊരു വികാരം അനുഭവിക്കാൻ കഴിയുന്നെങ്കിൽ നല്ലതുതന്നെ.
കുഞ്ഞിനെ തൊട്ടും താലോലിച്ചും മുലയൂട്ടിയുമൊക്കെ സാവകാശം അമ്മയും കുഞ്ഞും തമ്മിൽ ബന്ധം ഉടലെടുക്കുന്നതിലും അസ്വഭാവികത ഇല്ല.
5) " ഒരു സ്ത്രീക്ക് കിട്ടാവുന്നതിൽ വച്ച് ഏറ്റവും വലിയ ബഹുമതി അമ്മയെന്ന വിളിയാണ് "
തെറ്റ്. അങ്ങ് നൊബേൽ സമ്മാനവും ഓസ്കാറും തൊട്ട് ഇങ്ങ് കൊച്ചു കേരളത്തിലെ കൊച്ചുകൊച്ച് സമ്മാനങ്ങൾ വരെ നീണ്ടുനിവർന്ന് കിടക്കുന്നുണ്ട് ബഹുമതികൾ പല സൈസിൽ..
അക്കാദമിക തലത്തിലോ കായിക മേഖലയിലോ സിനിമയിലോ സയൻസിലോ ഒക്കെ കഴിവ് തെളിയിക്കുന്നവർക്ക് ലഭിക്കുന്ന ബഹുമതികൾക്ക് ഒട്ടും വലിപ്പക്കുറവില്ല.
6) " തള്ള ചവിട്ടിയാൽ പിള്ളയ്ക്ക് കേടില്ല "
തെറ്റ്. കുഞ്ഞിനെ ആര് ഉപദ്രവിച്ചാലും കേട് കേടുതന്നെയാണ്. അതിപ്പൊ അമ്മയായാലും അച്ഛനായാലും അധ്യാപകനായാലും അതെ.
7) അമ്മമാരാണ് ലോകത്തേറ്റവും ക്ഷമയുള്ളവർ.
തെറ്റ്. ലോകത്ത് മറ്റ് ആർക്കുമുള്ളതുപോലെയുളള ക്ഷമയും വികാരങ്ങളുമേ അമ്മയായ ആൾക്കുമുള്ളൂ.
ഗതികേടിനെയും രക്ഷപ്പെടാൻ വഴിയില്ലാത്തതിനെയും ക്ഷമയായി തെറ്റിദ്ധരിച്ച് ഗ്ലോറിഫൈ ചെയ്യുന്നത് അമ്മയ്ക്ക് തന്നെയാണ് പാര
വാൽ : " കുഞ്ഞിനോട് സ്നേഹം തോന്നണമെങ്കിൽ നൊന്ത് പ്രസവിക്കണം. സിസേറിയൻ പറ്റൂല. "
ങാ... ഉവ്വ....സിസേറിയൻ ചെയ്തവരുടെ മക്കളൊക്കെയങ്ങ് സ്നേഹം കിട്ടാതെ മുരടിച്ചു പോയല്ലോ..
പ്രസവിച്ചവത് മറ്റുള്ളോരാണേലും വേദന മുഴുവൻ ചുറ്റുമുള്ളോർക്കാ...

എന്താണ് യഥാർത്ഥത്തിൽ വാടകഗർഭധാരണം? അറിയേണ്ടതെല്ലാം...