Asianet News MalayalamAsianet News Malayalam

കള്ള് കുടിക്കുന്ന വീഡിയോക്ക് പിന്നാലെ യുവതിയുടെ അറസ്റ്റ്; രൂക്ഷമായി സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍...

സംഭവം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ ഇന്ന് രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്. പ്രമുഖരായ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസേഴ്സ് അടക്കം നിരവധി പേര്‍ എക്സൈസ് വകുപ്പിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതാണ് കാണാനാകുന്നത്. 

social media protest against womans arrest after she shared video of having toddy hyp
Author
First Published Mar 24, 2023, 2:19 PM IST

കള്ള് കുടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചതിന് പിന്നാലെ യുവതിയെ എക്സൈസ് വകുപ്പ് അറസ്റ്റ് ചെയ്തുവെന്ന വാര്‍ത്ത വന്നത് കഴിഞ്ഞ ദിവസമാണ്. വാര്‍ത്ത പുറത്തുവന്നതിന് പിന്നാലെ തന്നെ വിഷയത്തില്‍ പ്രതികരണവുമായി പലരും രംത്തെത്തിയിരുന്നു. 

സംഭവം കഴിഞ്ഞ് ഒരു ദിവസം പിന്നിടുമ്പോള്‍ ഇന്ന് രൂക്ഷമായ ഭാഷയിലാണ് വിഷയത്തില്‍ സോഷ്യല്‍ മീഡിയ പ്രതിഷേധങ്ങള്‍ നടക്കുന്നത്. പ്രമുഖരായ സോഷ്യല്‍ മീഡിയ ഇൻഫ്ളുവൻസേഴ്സ് അടക്കം നിരവധി പേര്‍ എക്സൈസ് വകുപ്പിനെതിരെ കടുത്ത ഭാഷയില്‍ പ്രതികരിക്കുന്നതാണ് കാണാനാകുന്നത്. 

കേസില്‍ 'പ്രതി'യായത് യുവതിയാണെന്നതിനാലാണ് ഇത് ഇത്രമാത്രം വലിയ ചര്‍ച്ചയായിരിക്കുന്നതെന്നും കള്ള് കുടിക്കുന്നത് അനാരോഗ്യകരമാണെന്നെരിക്കെ അതില്‍ സ്ത്രീ- പുരുഷ വ്യത്യാസം കാണുന്നതും അങ്ങനെ വിമര്‍ശനങ്ങളുയരുന്നതും സദാചാരപ്രശ്നമാണെന്നുമാണ് മിക്കവരും ചൂണ്ടിക്കാട്ടുന്നത്.

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍...

 

social media protest against womans arrest after she shared video of having toddy hyp

 

പൊതുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഇത്തരത്തിലുള്ള സദാചാര സങ്കല്‍പങ്ങള്‍ക്ക് നിയമസംവിധാനം കുട പിടിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും എക്സൈസ് വകുപ്പിനെതിരെ ആഞ്ഞടിച്ചുകൊണ്ട് പ്രതിഷേധക്കാര്‍ ചൂണ്ടിക്കാട്ടുന്നു. 

സ്ത്രീകളും വലിയ രീതിയില്‍ സോഷ്യല്‍ മീഡിയയില്‍ ഇതിനെതിരെ ശബ്ദമുയര്‍ത്തുന്നുണ്ട്. മദ്യപിക്കുന്ന ചിത്രങ്ങളും വീഡിയോകളും പങ്കുവച്ചുകൊണ്ട് പോലും പ്രതിഷേധങ്ങള്‍ ഉയരുന്നു. പുരുഷന്മാര്‍ ഇത് ചെയ്യുമ്പോള്‍ കേസ് വരികയോ നിയമനടപടിയുണ്ടാവുകയോ ചെയ്യാതിരിക്കുന്നിടത്തോളം തങ്ങള്‍ക്ക് ഇങ്ങനെ ചെയ്യാമെന്നാണ് ഇവരെല്ലാം ന്യായമായി വാദിക്കുന്നത്. 

അതുപോലെ തന്നെ കള്ളിനെയും കള്ളിന്‍റെ സംസ്കാരത്തെയും പ്രകീര്‍ത്തിക്കുന്ന സര്‍ക്കാരിന്‍റെ ഉദ്യോഗസ്ഥര്‍ തന്നെ ഇത്തരത്തിലുള്ള നടപടിയെടുക്കുന്നത് വൈരുധ്യമാണെന്നും അതിനാല്‍ തന്നെ യുവതിയെ അറസ്റ്റ് ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നും ചിലര്‍ ആവശ്യപ്പെടുന്നു. 

സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍...

 

social media protest against womans arrest after she shared video of having toddy hyp

 

ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ കള്ള് കുടിക്കുന്ന ചിത്രങ്ങളും വീഡിയോകളും വ്ളോഗര്‍മാര്‍ അടക്കമുള്ളവര്‍ പോസ്റ്റ് ചെയ്യുന്നത് പതിവാണെന്നും ഇങ്ങനെയാണെങ്കില്‍ അവ കൂടി നിരോധിക്കുകയോ, അവര്‍ക്കെതിരെ കൂടി നടപടിയെടുക്കുകയോ ചെയ്യണമെന്നും പക്ഷപാതത്തിനെതിരായി പ്രതിഷേധിക്കുന്നവര്‍ പറയുന്നുണ്ട്. എന്തായാലും സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചകള്‍ക്കും അതിലുപരി പ്രതിഷേധങ്ങള്‍ക്കുമാണ് വിഷയം വഴിയൊരുക്കിയിരിക്കുന്നത്. അതിനാല്‍ തന്നെ ഇനിയും ഇതില്‍ തുടര്‍നടപടികളോ വിശദീകരണങ്ങളോ എല്ലാം വന്നേക്കും. അതുവരെ പ്രതിഷേധങ്ങളും വാദപ്രതിവാദങ്ങളും സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിക്കുക തന്നെ ചെയ്യും.

Also Read:- ഷാപ്പിലിരുന്ന് കള്ള് കുടിച്ചു, വീഡിയോ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച യുവതിയെ എക്സൈസ് അറസ്റ്റ് ചെയ്തു

 

Follow Us:
Download App:
  • android
  • ios