തൊഴിലിടങ്ങളില്‍ സ്ത്രീകള്‍ വ്യാപകമായി ലൈംഗിക പീഡനത്തിനിരയാവുന്നുണ്ടെന്ന് കഴിഞ്ഞ ദിവസം പുറത്തുവന്നൊരു റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ഇന്ത്യയിലെ സാഹചര്യം കണക്കിലെടുത്തുകൊണ്ടുള്ള റിപ്പോര്‍ട്ടായിരുന്നു. തൊഴിലാളികളായ സ്ത്രീകള്‍ മാത്രമാണ് ഇത്തരത്തിലുള്ള ദുരവസ്ഥകളിലൂടെ കടന്നുപോകുന്നത് എന്നാണ് പൊതുവേ നമ്മള്‍ വിലയിരുത്തുന്നത്. എന്നാല്‍ സംഗതിയുടെ സത്യാവസ്ഥ അങ്ങനെയൊന്നുമല്ലെന്നാണ് പുതിയൊരു വിദേശപഠനം വ്യക്തമാക്കുന്നത്.

സ്വീഡനിലെ സ്റ്റോക്‌ഹോം യൂണിവേഴ്‌സിറ്റിയില്‍ നിന്നുള്ള ഒരുകൂട്ടം ഗവേഷകരും അമേരിക്ക- ജപ്പാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ള മറ്റൊരു സംഘവും ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. മൂന്ന് രാജ്യങ്ങളില്‍ നിന്നുമായി ശേഖരിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഗവേഷകര്‍ പഠനത്തിന്റെ നിഗമനത്തിലെത്തിയിരിക്കുന്നത്.

ഒരു സ്ഥാപനത്തില്‍ ഉന്നത തസ്തികയില്‍ പ്രവര്‍ത്തിക്കുന്നത് കൊണ്ട് മാത്രം സ്ത്രീകള്‍ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷ നേടുന്നില്ലെന്നും അത് വ്യാപകമായ തെറ്റിദ്ധാരണയാണെന്നുമായിരുന്നു ഇവരുടെ കണ്ടെത്തല്‍. മറിച്ച് ഉന്നത തസ്തികകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ അതിന് താഴെ വരുന്ന പുരുഷ ജോലിക്കാരുടെ ഭാഗത്ത് നിന്നും, മുകളില്‍ വരുന്ന മുതലാളിമാരുടെ സംഘങ്ങളില്‍ നിന്നും പീഡനം നേരിടുന്നുവെന്നും പഠനം സ്ഥാപിക്കുന്നു.

ഇത് കൃത്യമായും ഗവേഷകര്‍ വിവരങ്ങള്‍ ശേഖരിച്ച മൂന്ന് രാജ്യങ്ങളെ സംബന്ധിച്ച് മാത്രമാണ് പസക്തമാകുന്നത്. എങ്കില്‍പ്പോലും ഞെട്ടിക്കുന്നതാണ് ഇതിലെ വിവരങ്ങള്‍. ഉന്നത തസ്തികയില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ വലിയ അളവില്‍ ലൈംഗികാതിക്രമങ്ങള്‍ക്ക് ഇരയാവുകയും എന്നാല്‍ അതേസമയം, അവര്‍ക്ക് അതെപ്പറ്റി പറയാനോ പരാതിപ്പെടാനോ ഉള്ള സാഹചര്യം ഇല്ലാതിരിക്കുകയും ചെയ്യുന്നുവെന്നാണ് പഠനം പറയുന്നത്.

തീര്‍ച്ചയായും ഇന്ത്യയിലെ തൊഴില്‍മേഖലകളിലെ സാഹചര്യം വ്യത്യസ്തമായിരിക്കും. എന്നാല്‍ ഇത്തരത്തിലുള്ള സൂക്ഷ്മമായ പഠനങ്ങളോ അതിന്മേലുള്ള ചര്‍ച്ചകളോ ഇത്തരം വിഷയങ്ങളില്‍ ഇവിടെയുണ്ടാകുന്നില്ലായെന്നത് ഖേദകരം തന്നെയാണ്.