ഗുജറാത്ത്: ഏറ്റവും നീളമേറിയ മുടിയുള്ള കൗമാരക്കാരി എന്ന ​ഗിന്നസ് ലോക റെക്കോർഡ് ഇനി ​ഗുജറാത്തിൽ നിന്നുള്ള നിലാൻഷി പട്ടേലിന് സ്വന്തം. 190 സെന്റീമീറ്ററാണ് നിലാൻഷിയുടെ മുടിയുടെ നീളം. അതായത് ആറടി 2.8 ഇഞ്ച്. കഴിഞ്ഞവർഷം നവംബറിൽ 170.5 സെന്റീമീറ്റർ മുടിയുമായി നിലാൻഷി റെക്കോർഡ് സ്ഥാപിച്ചിരുന്നു. ​

ഗിന്നസ് വേൾഡ് റെക്കോർഡ് തങ്ങളുടെ ഇൻസ്റ്റ​ഗ്രാം പേജിൽ നിലാൻഷിയുടെ മുടിയുടെ ഫോട്ടോയും കുറിപ്പും പോസ്റ്റ് ചെയ്തിട്ടുണ്ട്. 'ഏറ്റവും നീളമുള്ള മുടിയുള്ള കൗമാരിക്കാരി എന്ന റെക്കോർഡിനുടമയായ ഇന്ത്യയിൽ നിന്നുള്ള നിലാൻഷി പട്ടേൽ. 190 സെന്റീ മീറ്ററാണ് ഇവരുടെ മുടിയുടെ നീളം.' ഫോട്ടോയ്ക്കൊപ്പം ചേർത്തിരിക്കുന്ന കുറിപ്പിൽ പറയുന്നു. 

തന്റെ മനോഹരമായ മുടിയുടെ പിന്നിലെ രഹസ്യം അമ്മ വീട്ടിലുണ്ടാക്കുന്ന എണ്ണയാണെന്ന് നിലാൻഷി വ്യക്തമാക്കുന്നു. എന്നാൽ അതിൽ ഉപയോ​​ഗിക്കുന്ന ചേരുവകൾ അമ്മയ്ക്ക് മാത്രമറിയാവുന്ന പരമരഹസ്യമാണ്.

''ആഴ്ചയിൽ ഒരു തവണ മാത്രമേ മുടി കഴുകാറുള്ളൂ. ഇത്രയും നീളമുള്ള മുടി ഉണങ്ങാൻ തന്നെ ഒന്നരമണിക്കൂർ സമയമെടുക്കും. ചീകിയൊതുക്കാൻ വേണ്ടത് കുറഞ്ഞത് ഒരു മണിക്കൂറാണ്. എനിക്ക് എന്റെ മുടി വളരെയധികം ഇഷ്ടമാണ്. അത് മുറിക്കാൻ ഇഷ്ടമല്ല. എന്റെ പേര് ​ഗിന്നസ് ബുക്കിൽ എത്തണമെന്നത് അമ്മയുടെ ആ​ഗ്രഹമായിരുന്നു.'' നിലാൻഷി എഎൻഐയോട് വെളിപ്പെടുത്തി. 

​ഗിന്നസ് ബുക്കിൽ ഇടം നേടാനായതിൽ വളരെയധികം സന്തോഷമുണ്ടെന്നാണ് പന്ത്രണ്ടാം ക്ലാസ് വിദ്യാർത്ഥിനിയായ നിലാൻഷിയുടെ പ്രതികരണം.  സോഫ്റ്റ് വെയർ‌ എഞ്ചിനീയറാകണം എന്നാണ് നിലാൻഷിയുടെ സ്വപ്നം. പഠനത്തിന് മുടി ഒരു തടസ്സമേയല്ല എന്ന് ഇവർ പറയുന്നു.

'അമ്മയാണ് മുടി പരിപാലിക്കുന്നത്. ചെറുപ്പം മുതൽ അമ്മ മുടി പരിപാലിക്കുന്ന സമയത്ത് തന്റെ കയ്യിൽ പുസ്തകവുമുണ്ടായിരിക്കും' എന്ന് നിലാൻഷി പറയുന്നു. ഭാവിയിലും ഏറ്റവും നീളം കൂടിയ മുടിയുള്ള വ്യക്തിയായി അറിയപ്പെടണമെന്നാണ് നിലാൻഷിയുടെ ആ​ഗ്രഹം.