'ജോലി കിട്ടി കയ്യിൽ പൈസ വന്നാൽ ഭർത്താവിന് വിലകൊടുക്കില്ല, എല്ലാ കാര്യത്തിലും അഭിപ്രായം പറയാൻ തുടങ്ങും'

പക്ഷേ സ്ത്രീകൾ ജോലിക്ക് പോവുക, വിദേശ പഠനം, വിദേശത്ത് ജോലിക്കായി പോകുക എന്ന രീതിയിൽ ഇപ്പോൾ വളരെ വലിയ മുന്നേറ്റം കേരളത്തിൽ ഉണ്ട്. എന്നാൽ സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പണം എങ്ങനെ ചിലവാക്കണം എന്ന് തീരുമാനിക്കാൻ ഭാര്യയെ അനുവദിക്കാത്ത ഭർത്താക്കന്മാരും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്

When she gets a job and starts making money she wont respect her husband and will start giving her opinion on everything

നൂറു ശതമാനം സാക്ഷരതയുള്ള നാടാണ് നമ്മുടേത്. വിദ്യാഭ്യാസത്തിത്തിന് അത്രമാത്രം പ്രാധാന്യം നമ്മൾ നൽകുന്നു. വളരെ വർഷങ്ങൾക്ക് മുന്നേ തന്നെ സ്ത്രീകൾക്കും വിദ്യാഭ്യാസം നേടാനുള്ള അവസരം നമ്മുടെ നാട്ടിൽ ഉണ്ട്. അതുകൊണ്ട് തന്നെ മിക്കവരും ബിരുദധാരികൾ ആകാനുള്ള സാഹചര്യം ഉണ്ടായിരുന്നു. പക്ഷേ സ്ത്രീകൾ ജോലിക്ക് പോവുക, വിദേശ പഠനം, വിദേശത്ത് ജോലിക്കായി പോകുക എന്ന രീതിയിൽ ഇപ്പോൾ വളരെ വലിയ മുന്നേറ്റം കേരളത്തിൽ ഉണ്ട്. എന്നാൽ സ്വന്തമായി ജോലി ചെയ്ത് കിട്ടുന്ന പണം എങ്ങനെ ചിലവാക്കണം എന്ന് തീരുമാനിക്കാൻ ഭാര്യയെ അനുവദിക്കാത്ത ഭർത്താക്കന്മാരും ഇപ്പോഴും നമ്മുടെ സമൂഹത്തിൽ ഉണ്ട്. 

മാനസികാരോഗ്യം സ്ത്രീകൾക്ക് പൊതുവേ കുറവാണ് എന്ന് ഒരു കളിയാക്കലോടുകൂടി പറയുന്ന രീതി ചിലരിൽ ഉള്ളതായി കാണാൻ കഴിയും. എന്നാൽ ഇന്ന് മാനസികാരോഗ്യത്തിന് സ്ത്രീകൾ മുൻകാലങ്ങളെക്കാളും കൂടുതൽ പ്രാധാന്യം നൽകുന്നുണ്ട്. മുൻപും അവർ മാനസികാരോഗ്യം മെച്ചപ്പെടുത്തണം എന്ന് ആഗ്രഹിച്ചിരുന്നുവെങ്കിലും ഭർത്താവിന്റെ പിന്തുണ ഇല്ലാതെയിരിക്കുക, ഒറ്റയ്ക്ക് പുറത്തേക്ക് പോകാനുള്ള അനുമതി നൽകാത്തതും ആത്മവിശ്വാസം ഇല്ലാതെയിരിക്കുന്ന അവസ്ഥകൾ ഉണ്ടായിരുന്നു. എന്നാൽ സ്ത്രീകൾ ജോലിക്ക് പോകാനും സാമ്പത്തികമായി മെച്ചപ്പെടുകയും ചെയ്തപ്പോൾ കൂടുതൽ ആത്മവിശ്വാസം ഉള്ളവരായി മാറാൻ തുടങ്ങിയിട്ടുണ്ട്. അതുകൊണ്ടുതന്നെ മുൻകാലങ്ങളെ അപേക്ഷിച്ച് ഭർത്താവിന്റെ സപ്പോർട്ട്, കുടുംബാംഗങ്ങളുടെ അംഗീകാരം എന്നിവ അധികമായി ചിലർക്കെങ്കിലും ഉണ്ടാകുന്ന സാഹചര്യം ഉണ്ട്.

ഇപ്പോൾ സ്കൂൾ പഠനം കഴിയുമ്പോൾ മുതലേ പെൺകുട്ടികൾ ഒറ്റയ്ക്ക് വിദേശത്തേക്ക് പോയി പഠനം നടത്തുകയും സ്വയം തീരുമാനങ്ങൾ എടുക്കുകയും, ഭാവി മെച്ചപ്പെടുത്താൻ ശ്രമിക്കുകയും ചെയ്യുന്ന രീതി നമ്മൾ കൂടുതലായി കാണുന്നുണ്ട്. ഇനി വിവാഹത്തിന്റെ കാര്യത്തിലേക്ക് വരുമ്പോഴും സ്ത്രീകളുടെ ചിന്താഗതിയിൽ വലിയ മാറ്റം ഉണ്ട്. വിവാഹശേഷം വീട്ടിലെ ഉത്തരവാദിത്തങ്ങളിൽ മാത്രം ഒതുങ്ങിക്കൂടാതെ തീരുമാനങ്ങൾ എടുക്കുമ്പോഴും, സാമ്പത്തിക കാര്യങ്ങളിലും എല്ലാം ഭർത്താവിനൊപ്പം സമത്വം വേണമെന്ന് അവർ ചിന്തിക്കുന്നു. കാലഹരണപ്പെട്ട രീതികൾ തുടരാനും, ഒന്നിനും അഭിപ്രായം പറയാൻ അവകാശമില്ലാത്ത സാഹചര്യത്തിൽ ജീവിക്കാനും അവർ ഇഷ്ടപ്പെടുന്നില്ല.

ഈയിടെ ഒരമ്മ പറഞ്ഞതാണ്- മകൾ ഒരു പയ്യനുമായി ഫോണിൽ സംസാരിക്കുന്നത് കേട്ടു. അതോടെ അമ്മയ്ക്ക് ആധിയായി. അവൻ ആരാണെന്നു പറ, നമുക്ക് അന്വേഷിച്ചു കല്യാണം നടത്താൻ പറ്റുമോ എന്ന് നോക്കാമെന്ന് അമ്മ. പക്ഷേ മകളുടെ പ്രതികരണം കേട്ട് അമ്മ ഞെട്ടി. കല്യാണമോ അമ്മ ഇതെന്തു മണ്ടത്തരമാണ് ഈ പറയുന്നത്. ഞങ്ങൾ ഡേറ്റ് ചെയുന്നതേ ഉള്ളൂ, കല്യാണത്തെക്കുറിച്ച് ഒന്നും ഇപ്പോൾ ചിന്തിക്കണ്ട എന്നാണ് അവൾ പറയുന്നത്. മുൻകാലങ്ങളിലെ പോലെ ചെറുപ്പക്കാർ ഒരാളെ കണ്ട് ഉടനെ വിവാഹം എന്ന് തീരുമാനിക്കാൻ ഇപ്പോൾ തയ്യാറല്ല. പരസ്പരം സമയമെടുത്ത് മനസ്സിലാക്കിയതിന് ശേഷമേ സീരിയസായ റിലേഷൻഷിപ് എന്ന് തീരുമാനിക്കാൻ പോലും അവർ തയ്യാറാകൂ. 

'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ', 'ജയ ജയ ജയഹേ' എന്നെല്ലാമുള്ള സിനിമകൾ നമ്മുടെ സമൂഹത്തിലെ പെൺമനസുകളിൽ വന്ന മാറ്റത്തെ മനസ്സിലാക്കാൻ സഹായിക്കുന്നവയാണ്. 'ഗ്രേറ്റ് ഇന്ത്യൻ കിച്ചൻ' കണ്ടതിനുശേഷം ഭർത്താവ് എന്നെ ഒരുപാട് കഷ്ടപെടുത്തുന്ന സ്വഭാത്തിൽ അല്പം മാറ്റം വരുത്തിയിട്ടുണ്ട് എന്ന് പറയുന്ന സ്ത്രീകളെയും കാണാൻ കഴിയും.

കുഞ്ഞുങ്ങളെ വളർത്താൻ ഭാര്യയോ ഭർത്താവോ ആരാണ് ജോലി ഉപേക്ഷിക്കുന്നത് എന്ന കാര്യത്തിൽ കൂടുതലും ഭാര്യ എന്നതായിരുന്നു മുൻകാലങ്ങളിൽ കണ്ടിരുന്നത്. എന്നാൽ ഈ രീതിയിൽ ഇപ്പോൾ മാറ്റങ്ങൾ വന്നിട്ടുണ്ട്. ഭർത്താവിനൊപ്പമോ അതിലധികമോ മികച്ച നിലയിൽ ഭാര്യ ജോലി ചെയ്യുന്ന സാഹചര്യം ഇന്നുണ്ട്. സ്ത്രീകൾ തനിയെ വിദേശ രാജ്യങ്ങളിലും മറ്റും ജോലി കണ്ടെത്തി അവിടെ നല്ല സാഹചര്യങ്ങൾ ഉണ്ടായ ശേഷം മക്കളെയും ഭർത്താവിനെയും ഒപ്പം കൊണ്ടുപോകുന്ന രീതിയിലേക്ക് ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ സ്ത്രീകൾ മാറിക്കഴിഞ്ഞു.

പല സ്ത്രീകളും പ്രത്യേകിച്ചും കോവിഡിനു ശേഷം ബിസിനസ് രംഗത്തേക്ക് വന്ന കാഴ്ച കാണാനാവും. സോഷ്യൽ മീഡിയ ഇൻഫ്ലുൻസർ, ഇ- കോമേഴ്സ്, ടെക്നോളജി എന്നിങ്ങനെ പല രംഗത്തേക്കും സ്ത്രീകൾ കടന്നുവരികയും വളരെ പുരോഗതി നേടുകയും ചെയ്തിട്ടുണ്ട്. ഒറ്റയ്ക്ക് യാത്ര ചെയ്യാനും ഇന്ന് പല സ്ത്രീകൾക്കും ധൈര്യമുണ്ട്.

പക്ഷേ ഇത്രത്തോളം മുന്നേറ്റത്തിന്റെ പാതയിലാണ് സ്ത്രീകൾ എങ്കിൽപോലും ഗാർഹിക പീഡനങ്ങൾ, അതേത്തുടർന്നുണ്ടാകുന്ന ആത്മഹത്യകൾ എന്നിവയിൽ നിന്നും പൂർണ്ണമായി രക്ഷപെടാൻ സ്ത്രീകൾക്ക് കഴിഞ്ഞിട്ടില്ല. ഇന്നും സ്ത്രീകൾ ധൈര്യമായി തീരുമാനങ്ങൾ എടുത്ത് ഇത്തരം ടോക്സിക് ബന്ധങ്ങളിൽ നിന്നും പുറത്തേക്ക് വരാൻ ഭയക്കുന്നു. സമൂഹത്തിന്റെ പിന്തുണ പൂർണ്ണമായും കിട്ടുന്നില്ല എന്നതാണ് കാരണം. 

വിദ്യാഭ്യാസം ഉണ്ടെങ്കിലും പല സ്ത്രീകളേയും ഇപ്പോഴും ജോലിക്ക് പോകാൻ ഭർത്താവ് അനുവദിക്കുന്നില്ല. ഉദാ: ഒരു സ്ത്രീ ആഗ്രഹിക്കുന്നത് കുറച്ചുകൂടി പഠിച്ച് ഒരു ജോലി നേടുക എന്നതാണ്. അവർക്കു 32 വയസ്സുണ്ട്. 20 വയസ്സിൽ പ്രണയിച്ചു വിവാഹം കഴിച്ചു. രണ്ടു കുട്ടികളുടെ അമ്മയാണ്. ഭർത്താവ് അവരെ പഠിക്കാൻ എന്നല്ല വീടിന്റെ പുറത്തേക്കു വിടാൻപോലും തയ്യാറല്ല. സ്ത്രീകൾ വീടിനു വെളിയിൽ ഇറങ്ങിയാൽ വലിയ അപകടമാണ് എന്നാണ് അയാളുടെ വിശ്വാസം. ജോലി കിട്ടി കയ്യിൽ പൈസ വന്നാൽ ഭർത്താവിന് വിലകൊടുക്കില്ല, എല്ലാ കാര്യത്തിലും അഭിപ്രായം പറയാൻ തുടങ്ങും എന്ന ചിന്തയാണ് ഭർത്താവിന്. ഈ കാലത്തും അങ്ങനെ ചിന്തിക്കുന്ന പുരുഷന്മാർ ഉണ്ട് എന്നത് വളരെ കഷ്ടമാണ്. 

ഗാർഹിക പീഡനങ്ങൾ നടക്കുന്ന ഒരുപാട് കുടുംബങ്ങൾ നമ്മുടെ നാട്ടിൽ ഉണ്ട്. ഭാര്യക്കും മക്കൾക്കും ഒരു സ്വാതന്ത്ര്യവും നൽകില്ല, കൂടെ പണവും മറ്റുള്ള ഉത്തരവാദിത്തവും ഏറ്റെടുക്കാൻ തയ്യാറല്ല എന്ന് ചില ഭർത്താക്കന്മാർ തീരുമാനിക്കും. മദ്യം, മയക്കുമരുന്ന്, സ്വഭാവപ്രശ്നങ്ങൾ എന്നിവയാണ് ഇത്തരം തീരുമാനങ്ങൾക്കു കാരണം. മാത്രവുമല്ല വിവാഹമോചനം നൽകാൻ തയ്യാറാവാതെ ഭാര്യയ്ക്കും മക്കൾക്കും ഒരുപാട് ബുദ്ധിമുട്ടുകൾ ഉണ്ടാക്കാനും ചിലർ ശ്രമിക്കും. ഇത്തരം പ്രശ്നങ്ങളിൽ നിന്നും പൂർണ്ണമായ മോചനം സ്ത്രീകൾക്ക് ഇന്നും ഇല്ല. ഈ പ്രശ്നങ്ങൾ സ്ത്രീകളിൽ വിഷാദരോഗം, മാനസിക സമ്മർദ്ദം, ആത്മഹത്യാ ചിന്ത എന്നിവയ്ക്കു കാരണമാകുന്നു. 

സമൂഹത്തിൽ സ്ത്രീകളെക്കുറിച്ച് വളരെ ആഴത്തിൽ പതിഞ്ഞ തെറ്റായ ധാരണകൾ ഇപ്പോഴും പൂർണ്ണമായും മാറിയിട്ടില്ല. എന്നാൽ പുതുതലമുറ കുറച്ചുകൂടെ സ്ത്രീപുരുഷ സമത്വത്തിൽ വിശ്വസിക്കുന്നവരായി തോന്നിയിട്ടുണ്ട്. അതുകൊണ്ട് ഇനി കൂടുതൽ മാറ്റങ്ങൾ വരുമെന്ന് പ്രതീക്ഷിക്കാം.

വനിതാദിനം പ്രത്യേക ആര്‍ട്ടിക്കിളുകള്‍ ഇവിടെ വായിക്കാം

Latest Videos
Follow Us:
Download App:
  • android
  • ios