ചിത്രത്തില്‍ കാണുന്നത് തന്റെ മുത്തശ്ശിയാണെന്നാണ് കൈല വെളിപ്പെടുത്തുന്നത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ കൂട്ടുകാരിയെ ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുകയാണ് മുത്തശ്ശിയെന്ന് കൈല സുഹൃത്തുക്കളോട് പറയുന്നു. ആരോഗ്യമേഖലയില്‍ പ്രര്‍ത്തിക്കുന്നവരായിരുന്നു ഇരുവരും. ജോലിസംബന്ധമായി തന്നെയാണ് ഇവര്‍ കണ്ടുമുട്ടിയതെന്നും കൈല പറയുന്നു

'എല്‍ജിബിടിക്യൂ' സമുദായത്തിനകത്ത് ഉള്‍പ്പെടുന്നവരുടെ ക്ഷേമത്തിനായും, അവരുടെ ജീവിതപരിസരങ്ങളെ ഉറച്ച് അടയാളപ്പെടുത്തുന്നതിനുമായാണ് 'പ്രൈഡ് മാസം' എന്ന പേരില്‍ മുപ്പത് ദിവസത്തെ ആഘോഷങ്ങള്‍ പലയിടങ്ങളിലും നടന്നുവരുന്നത്. ഇന്ത്യയിലും ഇതിന്റെ അലയൊലികള്‍ നാം കണ്ടതാണ്. 

സ്വവര്‍ഗരതിക്കാരും ട്രാന്‍സ്‌ജെന്‍ഡര്‍ സമുദായങ്ങളില്‍ പെടുന്നവരുമെല്ലാം സ്വാഭിമാനപൂര്‍വ്വം അവരുടെ സ്വത്വം പ്രഖ്യാപിക്കുകയും അതിനെ ആഘോഷിക്കുകയും അതിലൂടെ ശക്തമായ രാഷ്ട്രീയ സന്ദേശം സമൂഹത്തിന് കൈമാറുകയും ചെയ്യുന്ന മാസം കൂടിയാണ് 'പ്രൈഡ് മാസം'. 

ഈ ദിവസങ്ങളില്‍ 'എല്‍ജിബിടിക്യൂ' സമുദായങ്ങളുടെ ക്ഷേമവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളും, പൊതുസമൂഹത്തിനുള്ള ബോധവത്കരണങ്ങളും, ചര്‍ച്ചകളും, ആഘോഷങ്ങളുമെല്ലാം ഒരുപോലെ നടക്കുന്നു. ലോകത്തിന്റെ പല ഭാഗങ്ങളിലും ഈ മുന്നേറ്റം നമുക്ക് കാണാന്‍ സാധിക്കും. 

ഇതിനിടെ ഒറ്റപ്പെട്ട ചില സംഭവങ്ങളും ഈ ധാരയിലേക്ക് വന്നുചേരുകയാണ്. അത്തരമൊരു സംഭവത്തെ കുറിച്ചാണ് പങ്കുവയ്ക്കുന്നത്. കൈല സ്മാള്‍സ് എന്ന ട്വിറ്റര്‍ യൂസര്‍ ഇന്ന് അവരുടെ ട്വിറ്റര്‍ പേജില്‍ ഏതാനും ചിത്രങ്ങള്‍ പങ്കുവയ്ക്കുകയുണ്ടായി. ഒരു 'ലെസ്ബിയന്‍' വിവാഹത്തിന്റെ (സ്വവര്‍ഗരതിക്കാരായ സ്ത്രീകള്‍ തമ്മിലുള്ള വിവാഹം) ചിത്രങ്ങളായിരുന്നു അവ. 

ചിത്രത്തില്‍ കാണുന്നത് തന്റെ മുത്തശ്ശിയാണെന്നാണ് കൈല വെളിപ്പെടുത്തുന്നത്. മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടുമുട്ടിയ കൂട്ടുകാരിയെ ഇപ്പോള്‍ വിവാഹം ചെയ്തിരിക്കുകയാണ് മുത്തശ്ശിയെന്ന് കൈല സുഹൃത്തുക്കളോട് പറയുന്നു. ആരോഗ്യമേഖലയില്‍ പ്രര്‍ത്തിക്കുന്നവരായിരുന്നു ഇരുവരും. ജോലിസംബന്ധമായി തന്നെയാണ് ഇവര്‍ കണ്ടുമുട്ടിയതെന്നും കൈല പറയുന്നു. 

Scroll to load tweet…

ഏതായാലും ഇരുവരും പരസ്പരം മറന്നില്ലെന്നും മുപ്പത്തിയഞ്ച് വര്‍ഷങ്ങള്‍ക്കിപ്പുറവും അവരുടെ പ്രണയം രേഖപ്പെടുത്തപ്പെടുകയാണെന്നും കൈല സസന്തോഷം പങ്കുവയ്ക്കുന്നു. 'പ്രൈഡ് മാസ'ത്തില്‍ തന്നെ ഈ വാര്‍ത്ത പങ്കുവയ്ക്കാനായതിന്റെ ആഹ്ലാദവും കൈല ട്വീറ്റില്‍ സൂചിപ്പിക്കുന്നു. 

നിരവധി പേരാണ് കൈലയുടെ ട്വീറ്റിനോട് പ്രതികരണമറിയിച്ചത്. 'എല്‍ജിബിടിക്യൂ' സമുദായത്തിലുള്‍പ്പെടുന്നവരോട് പൊതുസമൂഹത്തിനുള്ള പല മോശം മനോഭാവങ്ങളിലും കാര്യമായ മാറ്റങ്ങള്‍ വന്നുചേരുന്ന കാലമാണിത്. ഈ ഘട്ടത്തില്‍ ഇത്തരം പ്രചോദനപരമായ സംഭവങ്ങള്‍ കാണാനും അറിയാനും സാധിക്കുന്നത് തീര്‍ച്ചയായും പ്രതീക്ഷ പകരുന്നുവെന്നാണ് മിക്കവരും അറിയിക്കുന്നത്. 

കൈല പങ്കുവച്ച ചിത്രങ്ങളും ഇതിനോടകം വൈറലായിട്ടുണ്ട്. പ്രിയപ്പെട്ടവര്‍ക്കൊപ്പം പുഞ്ചിരിച്ചുകൊണ്ട് നില്‍ക്കുന്ന, മദ്ധ്യവയസ് കടന്ന സ്ത്രീകളുടെ ചിത്രം വലിയ രീതിയിലാണ് ട്വിറ്ററില്‍ ആഘോഷിക്കപ്പെട്ടത്. ഇരുവര്‍ക്കും മംഗളമാശംസിച്ചുകൊണ്ടുള്ള കമന്റുകള്‍ തന്നെയാണ് ഏറെയും വന്നിരിക്കുന്നതും.

Also Read:- 'സ്വപ്‌നം കണ്ട ജീവിതം കയ്യിലെത്തിയപ്പോള്‍'; കേരളത്തിലെ ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ഡോക്ടര്‍ വി എസ് പ്രിയ