ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റുന്നതിനുള്ള 'ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ഭാഗമായി പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങൾ നവീകരിക്കും. 

'ആലപ്പുഴ- എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ്' പദ്ധതിയുടെ ഭാഗമായി രണ്ടാമത് ഡെസ്റ്റിനേഷൻ കമ്മിറ്റിയുടെ യോഗം ജില്ല കളക്ടർ അലക്സ് വർഗീസിന്റെ അധ്യക്ഷതയിൽ കൂടി. എം എൽ എ മാരായ പി പി ചിത്തരഞ്ജൻ, എച്ച് സലാം എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു യോഗം. സ്വദേശ് ദർശൻ 2.0 പദ്ധതിക്ക് കീഴിൽ ആലപ്പുഴയെ ലോകോത്തര ജല വിനോദസഞ്ചാര കേന്ദ്രമായി ഉയർത്താനുള്ള പദ്ധതിയുടെ ഭാഗമായി ജില്ലയിലെ പ്രധാന വിനോദ സഞ്ചാരാകർഷണ കേന്ദ്രങ്ങളായ ആലപ്പുഴ ബീച്ച്, കനാൽ തീരങ്ങൾ, അന്താരാഷ്ട്ര ക്രൂയിസ് ടെർമിനൽ എന്നിവയെ ഉന്നത നിലവാരത്തിലേക്ക് മാറ്റുന്നതിനുള്ള വികസനവും നവീകരണവുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.

ഫിനിഷിംഗ് പോയിൻ്റിലെ ടൂറിസത്തിന്റെ ഉപയോഗശൂന്യമായ അഞ്ച് കെട്ടിടങ്ങളും മുനിസിപ്പാലിറ്റിയുടെ ഒരു കെട്ടിടവും പൊളിച്ചു മാറ്റും. നെഹ്റു ട്രോഫി വള്ളംകളി നടക്കുന്ന ദിവസമായ ഓഗസ്റ്റ് 30ന് ഇതുമായി ബന്ധപ്പെട്ട പണികൾ നിർത്തി വെക്കാനും കളക്ടർ നിർദ്ദേശം നൽകിയിട്ടുണ്ട്. വാട്ടർ അതോറിറ്റിയുടെ കാലപ്പഴക്കം സംഭവിച്ച പൈപ്പുകൾ മാറ്റി പുതിയത് സ്ഥാപിക്കണം.

സംസ്ഥാന സർക്കാർ തയ്യാറിക്കിയ ആലപ്പുഴ - എ ഗ്ലോബൽ വാട്ടർ വണ്ടർലാൻഡ് എന്ന പദ്ധതിക്ക് 93.177 കോടി രൂപയാണ് കേന്ദ്ര ടൂറിസം മന്ത്രാലയം വായ്പയായി അനുവദിച്ചത്. ആലപ്പുഴയുടെ ജീവനാഡിയായ കനാലുകളുടെ കരകൾ നവീകരിക്കുന്നതിന് 37 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. കേരള ടൂറിസം ഇൻഫ്രാസ്ട്രക്ചർ ലിമിറ്റഡ് ആണ് നിർവഹണ ഏജൻസി. ഉരാളുങ്കലിനാണ് നിർമാണച്ചുമതല നൽകിയിട്ടുള്ളത്. ഇരിപ്പിടങ്ങൾ, നടപ്പാതകൾ, ദീപാലങ്കാരങ്ങൾ, ലാൻഡ് സ്കേപ്പിങ്, സൂചന ബോർഡുകൾ, പാർക്കിംഗ് ഗ്രൗണ്ട്, പ്രദർശന വേദികൾ, കോസ്റ്റ് ഗാർഡ് സ്റ്റേഷനുകൾ, കായിക വേദികൾ, സി സി ടി വികൾ, മാലിന്യ സംസ്കരണ സംവിധാനങ്ങൾ എന്നിവയെല്ലാമാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.