അഹമ്മദാബാദിലെ വിമാന ദുരന്തത്തിൽ 242 പേരുമായി എയർ ഇന്ത്യയുടെ ബോയിംഗ് 787-8 ഡ്രീംലൈനർ തകർന്നുവീണു. സുരക്ഷിതത്വത്തിന് പേരുകേട്ട ഈ വിമാനത്തിന്റെ അപകടം വ്യോമയാന മേഖലയെ ആശങ്കയിലാഴ്ത്തുന്നു.
അഹമ്മദാബാദിലെ വിമാന ദുരന്തത്തിന്‍റെ നടുക്കത്തിലാണ് രാജ്യം. ലണ്ടനിലെ ഗാറ്റ് വിക്ക് വിമാനത്താവളത്തിലേക്ക് പറന്നുയർന്ന എയർ ഇന്ത്യ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നുവീഴുകയായിരുന്നു. വിമാനത്തിൽ 230 യാത്രക്കാരും 12 ജീവനക്കാരും ഉൾപ്പെടെ ആകെ 242 പേരുണ്ടായിരുന്നു എന്നാണ് റിപ്പോർട്ടുകൾ. റൺവേയ്ക്ക് സമീപം അവശിഷ്‍ടങ്ങൾ തീജ്വാലകളാലും കട്ടിയുള്ള കറുത്ത പുകയും കൊണ്ട് മൂടുന്നത് സംഭവസ്ഥലത്തു നിന്നുള്ള ദൃശ്യങ്ങളിൽ കാണാം. വിശ്വാസ്യതയ്ക്കും നൂതന സുരക്ഷാ സവിശേഷതകൾക്കും പേരുകേട്ട ബോയിംഗ് 787-8 ഡ്രീംലൈനറിന് ശക്തമായ പ്രവർത്തന റെക്കോർഡാണുള്ളത്. അതുകൊണ്ടുതന്നെ ഇന്നത്തെ അപകടം ഇന്ത്യയുടെ വ്യോമയാന മേഖലയയാകെ പിടിച്ചുലച്ചിരിക്കുന്നു. ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനത്തെക്കുറിച്ച് അറിയാം.
കാര്യക്ഷമത, സുഖസൗകര്യങ്ങൾ, പാരിസ്ഥിതിക പ്രകടനം എന്നിവയ്ക്കായി രൂപകൽപ്പന ചെയ്ത അത്യാധുനിക, ദീർഘദൂര, വൈഡ്-ബോഡി വിമാനമാണ് ബോയിംഗ് 787-8 ഡ്രീംലൈനർ. 2011 ൽ അവതരിപ്പിച്ച 787-8, ബോയിംഗിന്റെ ഡ്രീംലൈനർ പരമ്പരയിലെ ആദ്യ മോഡലാണിത്. ഭൂഖണ്ഡാന്തര യാത്രകൾക്കായി ആഗോളതലത്തിൽ എയർലൈനുകൾ വ്യാപകമായി ഈ വാമനങ്ങൾ ഉപയോഗിക്കുന്നു.
ബോയിംഗ് 787-8 ഡ്രീംലൈനറിൽ സാധാരണയായി 242 നും 290 നും ഇടയിൽ യാത്രക്കാർക്ക് സഞ്ചരിക്കാം. എയർലൈൻ കോൺഫിഗറേഷൻ അനുസരിച്ച്, ഉയർന്ന ട്രാഫിക്കുള്ളതും ദീർഘദൂര റൂട്ടുകൾക്കും ഇത് അനുയോജ്യമാക്കുന്നു. 13,530 കിലോമീറ്റർ വരെ നിർത്താതെ പറക്കാൻ ഈ വിമാനങ്ങൾക്ക് കഴിയും. ഇത് ദൂരെയുള്ള നഗരങ്ങൾക്കിടയിൽ നേരിട്ടുള്ള വിമാന സർവീസുകൾ സാധ്യമാക്കുന്നു.
ഈ വിമാനങ്ങളുടെ പ്രാഥമിക ഘടനയുടെ ഏകദേശം 50 ശതമാനവും നൂതന സംയുക്ത വസ്തുക്കൾ ഉപയോഗിച്ചാണ് നിർമ്മിച്ചിരിക്കുന്നത്. ഇത് ഭാരക്കുറവും കൂടുതൽ ഇന്ധനക്ഷമതയും വിമാനത്തിന് നൽകുന്നു. ഏറ്റവും പുതിയ ഏവിയോണിക്സ്, ഫ്ലൈ-ബൈ-വയർ നിയന്ത്രണങ്ങൾ, നൂതന സുരക്ഷാ സംവിധാനങ്ങൾ എന്നിവയാൽ സജ്ജീകരിച്ചിരിക്കുന്നു. സാഹചര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തന കാര്യക്ഷമത വർദ്ധിപ്പിക്കുന്ന നൂതന നാവിഗേഷൻ, സുരക്ഷാ സംവിധാനങ്ങൾ ബോയിംഗ് 787-8 ഡ്രീംലൈനറിൽ സജ്ജീകരിച്ചിരിക്കുന്നു. വിമാനത്തിലെ സിന്തറ്റിക് വിഷൻ സിസ്റ്റം (SVS) ഭൂപ്രകൃതിയുടെയും സാധ്യതയുള്ള തടസ്സങ്ങളുടെയും 3D കാഴ്ച നൽകുന്നു. ഈ സംവിധാനം കുറഞ്ഞ ദൃശ്യപരത സാഹചര്യങ്ങളിൽ പൈലറ്റുമാർക്ക് തീരുമാനമെടുക്കൽ മെച്ചപ്പെടുത്തുന്നു. ഈ വിമാനത്തിൽ ഇന്റഗ്രേറ്റഡ് മോഡുലാർ ഏവിയോണിക്സ് (IMA)സംവിധാനവും ഉണ്ട്. അറ്റകുറ്റപ്പണികൾ കാര്യക്ഷമമാക്കുകയും ഒന്നിലധികം ഏവിയോണിക്സ് ഫംഗ്ഷനുകൾ കുറച്ച് ഘടകങ്ങളായി സംയോജിപ്പിച്ച് പ്രകടനം ഒപ്റ്റിമൈസ് ചെയ്യുകയും ചെയ്യുന്ന ഒരു കേന്ദ്രീകൃത സംവിധാനം ആണിത്.
ഇത്രയും സംവിശേഷതകൾ ഉള്ള വിമാനത്തിന് സംഭവിച്ച ദുരന്തം വ്യോമയാനമേഖലെയാകെ ആശങ്കയിൽ ആഴ്ത്തുന്നു. ജനവാസ മേഖലയായ മേഘാനി പ്രദേശത്താണ് വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് ലണ്ടനിലെ ഗാറ്റ് വിക്ക് എയര്‍പോര്‍ട്ടിലേക്ക് പറന്നുയർന്നതിന് തൊട്ടുപിന്നാലെ ആയിരുന്നു അപകടം. ദീർഘദൂര യാത്രയ്ക്കായി വിമാനത്തിൽ വലിയ അളവിൽ ഇന്ധനം നിറച്ചിരുന്നുവെന്നും ഇത് അപകടത്തെ തുടർന്നുണ്ടായ സ്ഫോടനത്തിന്റെയും തീപിടുത്തത്തിന്റെയും തീവ്രത വർദ്ധിപ്പിച്ചിട്ടുണ്ടെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അപകടത്തെക്കുറിച്ച് എയർ ഇന്ത്യയും ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനും (ഡിജിസിഎ) ഇപ്പോഴും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. സംഭവത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി സിവിൽ വ്യോമയാന മന്ത്രി രാംമോഹൻ നായിഡുവുമായി സംസാരിക്കുകയും കാര്യങ്ങൾ വിലയിരുത്തുകയും ചെയ്തു.
