ഉത്തരേന്ത്യൻ നഗരങ്ങളിലെ രൂക്ഷമായ വായുമലിനീകരണത്തിൽ നിന്നും പുകമഞ്ഞിൽ നിന്നും രക്ഷനേടാൻ ശൈത്യകാലത്ത് വിനോദസഞ്ചാരികൾ കുളു, മണാലി എന്നിവിടങ്ങളിലേക്ക് ഒഴുകിയെത്തുന്നു. 

മണാലി: ശൈത്യകാലം എത്തിയതോടെ കുളു , മണാലി എന്നിവയുൾപ്പെടെ ഹിമാചൽ പ്രദേശിലെ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങളിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്. ദില്ലിയിലെയും ഉത്തരേന്ത്യയിലെ മറ്റ് നിരവധി നഗരങ്ങളിലെയും പുകമഞ്ഞും മോശം വായു ഗുണനിലവാരവും കാരണം ബുദ്ധിമുട്ടുന്ന സാഹചര്യത്തിലാണ് ശുദ്ധവായു തേടി ആളുകൾ കുളു, മണാലി മേഖലയിലേയ്ക്ക് എത്തുന്നത്. ഇവിടെ എത്തിയതോടെ ഉയർന്ന വായു മലിനീകരണം മൂലമുണ്ടായ ശ്വാസതടസ്സം, ചുമ, കണ്ണിലെ അസ്വസ്ഥത എന്നിവയിൽ നിന്ന് ആശ്വാസം ലഭിച്ചതായി വിനോദസഞ്ചാരികൾ പറഞ്ഞു.

'നഗരത്തിലെ വായു ഇപ്പോൾ മോശമാണ്. അതുകൊണ്ടാണ് സുഹൃത്തുക്കളോടൊപ്പം മണാലിയിലേക്ക് ഒരു യാത്ര പ്ലാൻ ചെയ്തത്. മണാലിയിലെ എന്റെ ആദ്യ ദിവസമാണിത്. ഞങ്ങൾ ഹഡിംബ ദേവി ക്ഷേത്രം സന്ദർശിച്ചു. തുടർന്ന് മാൾ റോഡിലേക്ക് പോയി. നാളെ ഞങ്ങൾ ക്ലബ് ഹൗസ്, അടൽ ടണൽ, സിസ്സു, റോഹ്താങ് പാസ്, ഗ്രാംഫു എന്നിവിടങ്ങൾ സുഹൃത്തുക്കളോടൊപ്പം സന്ദർശിക്കാൻ പദ്ധതിയിടുന്നു'. ഫരീദാബാദിൽ നിന്നുള്ള വിനോദസഞ്ചാരിയായ പങ്കജ് പറഞ്ഞു. മലിനീകരണത്തിന്റെ ദൂഷ്യഫലങ്ങളിൽ നിന്ന് രക്ഷപ്പെടാൻ തന്റെ പ്രദേശത്തെ ചില കടയുടമകൾ താൽക്കാലികമായി കടകൾ അടച്ചിട്ടെന്നും മണാലിയിൽ വന്നതിനുശേഷം സമാധാനവും ഉന്മേഷവും തോന്നുന്നുവെന്നുമായിരുന്നു ഗുരുഗ്രാമിൽ നിന്നുള്ള വിനോദസഞ്ചാരിയായ സൗരവ് പാണ്ഡെയുടെ പ്രതികരണം.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് 15,000-ത്തിലധികം വാഹനങ്ങൾ കുളു - മണാലിയിൽ എത്തിയിട്ടുണ്ടെന്ന് കുളു ജില്ലാ ടൂറിസം വികസന ഓഫീസർ രോഹിത് ശർമ്മ പറഞ്ഞു. ഇത് സംസ്ഥാനത്തിന്റെ ടൂറിസം വ്യവസായത്തിന് വലിയ ഉത്തേജനം നൽകി. മണാലി, മണികരൺ, കസോൾ, തീർത്ഥൻ, ബഞ്ചാർ, ജിഭി എന്നിവിടങ്ങളിൽ ഉൾപ്പെടെ ജില്ലയിലുടനീളം വിനോദസഞ്ചാരികളുടെ വരവിൽ വർധനവുണ്ടായി. ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ സമയമായതിനാലാണ് വിനോദസഞ്ചാരികളുടെ ഒഴുക്ക് വർദ്ധിച്ചത്. ക്രിസ്മസും പുതുവത്സരവും അടുക്കുമ്പോൾ, രാജ്യമെമ്പാടുമുള്ള വിനോദസഞ്ചാരികൾ മുൻകൂട്ടി ബുക്കിംഗ് നടത്തുന്നുണ്ടെന്നും വരും ദിവസങ്ങളിൽ മഞ്ഞുവീഴ്ച ഉണ്ടായാൽ അത് ടൂറിസം ബിസിനസിന് കൂടുതൽ ഗുണം ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രകൃതി ദുരന്തങ്ങൾക്ക് ശേഷം ടൂറിസം ബിസിനസ്സ് വീണ്ടും പൂർവ സ്ഥിതിയിലേയ്ക്ക് നീങ്ങുകയാണെന്ന് മണികരൺ വാലി ഹോട്ടൽ അസോസിയേഷൻ പ്രസിഡന്റ് കിഷൻ താക്കൂർ പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ധാരാളം വിനോദസഞ്ചാരികൾ മണികരൺ താഴ്‌വരയിൽ എത്തുന്നുണ്ട്. ക്രിസ്മസിനും പുതുവത്സരത്തിനും വേണ്ടി ഹോട്ടൽ ഉടമകൾ ഒരുക്കങ്ങൾ നടത്തിയിട്ടുണ്ട്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിനോദസഞ്ചാരികൾക്കായി ലൈവ് സംഗീതവും ആരതിയും സംഘടിപ്പിക്കുന്നതുൾപ്പെടെ വിപുലമായ ഒരുക്കങ്ങളാണ് നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.