ഓസ്ട്രേലിയയിലെ ക്രിസ്മസ് ദ്വീപിൽ ദശലക്ഷക്കണക്കിന് ചെമ്പൻ ഞണ്ടുകൾ പ്രജനനത്തിനായി മഴക്കാടുകളിൽ നിന്ന് കടൽത്തീരത്തേക്ക് വാർഷിക ദേശാടനം ആരംഭിച്ചിരിക്കുകയാണ്. 

ഓസ്ട്രേലിയയിലെ ചെമ്പൻ ഞണ്ടുകളുടെ കിലോമീറ്ററുകൾ നീളുന്ന ദേശാടനത്തിന് തുടക്കമായി. 100 മില്യൺ ചെമ്പൻ ഞണ്ടുകളാണ് ഇത്തവണ ക്രിസ്മസ് ​ദ്വീപിലെ മഴക്കാട്ടിൽ നിന്നും കടൽത്തീരത്തേക്ക് പുറപ്പെട്ടിരിക്കുന്നത്. എന്താണ് ഈ യാത്രയുടെ പ്രത്യേകതയെന്ന് നോക്കാം.

പ്രജനനത്തിന് വേണ്ടിയാണ് ചെമ്പൻ ഞണ്ടുകളുടെ വർഷം തോറുമുള്ള ഈ നീണ്ട യാത്ര. നാലോ അഞ്ചോ വർഷമെടുത്താണ് ചെമ്പൻ ഞണ്ടുകളുടെ വളർച്ച പൂർത്തിയാവുന്നത്. ഇതിന് ശേഷമാണ് പ്രജനനത്തിന് തയ്യാറെടുക്കുന്നതും. ഒക്ടോബറിൽ ആദ്യ മഴ പെയ്ത് കഴിയുമ്പോൾ പൊത്തുകളില്‍ നിന്ന് ആണ്‍ ഞെണ്ടുകള്‍ ആദ്യം പുറത്തിറങ്ങും. യാത്രയുടെ തുടക്കമായെന്നതിനുള്ള മുന്നറിയിപ്പാണിത്. ആണ്‍ ഞണ്ടുകള്‍ നടന്ന് തുടങ്ങുന്നതോടെ പെണ്‍ ഞണ്ടുകളും പുറത്തേക്ക് എത്തിത്തുടങ്ങും. പിന്നെ ദേശാന്തര സഞ്ചാരമാണ്. ഒറ്റ തിരിഞ്ഞല്ല. ഒറ്റ കൂട്ടമായി. ദശലക്ഷകണക്കിന് ചുവപ്പന്‍ ഞണ്ടുകള്‍ തങ്ങളുടെ ദീര്‍ഘദൂര യാത്രയ്ക്ക് തുടക്കം കുറിക്കും.

വർഷത്തിൽ ഭൂരിഭാഗം കാലവും ക്രിസ്മസ് ദ്വീപുകളിലെ വനാന്തരങ്ങളിലെ പൊത്തുകളിലാവും ഈ ഞണ്ടുകൾ. പ്രത്യേകിച്ച് വേനൽക്കാലത്ത്. ഇണ ചേരാനും മുട്ടയിടാനുമായാണ് പൊത്തുകളിൽ നിന്ന് പുറത്തിറങ്ങുക. ദക്ഷിണാർധ ​ഗോളത്തിലെ ആദ്യത്തെ മൺസൂൺ മഴയോടെയാണ് ഈ പ്രജനന കാലം ആരംഭിക്കുന്നത്. അതായത് ഒക്ടോബർ-നവംബർ മാസങ്ങളിലായി. കാലാവസ്ഥയ്ക്ക് അനുസരിച്ച് ഇതിൽ മാറ്റങ്ങളുണ്ടാകാറുണ്ട്. ഇക്കൊല്ലം മറ്റ് വർഷങ്ങളേക്കാൾ നേരത്തെയാണ് യാത്ര തുടങ്ങിയത്. കാലാവസ്ഥാ വ്യതിയാനം ഞണ്ടുകളുടെ മൈ​ഗ്രേഷൻ പാറ്റേണിനെ എത്രത്തോളം ബാധിച്ചിട്ടുണ്ട് എന്നത് നിലവിൽ വ്യക്തമല്ല.

ആദ്യം യാത്രതിരിക്കുന്ന ആണ്‍ ഞണ്ടുകളാണ് കടല്‍ത്തീരത്ത് ആദ്യമെത്തുക. അവ അവിടെ പൊത്തുകളുണ്ടാക്കി കാത്തിരിക്കും. പെണ്‍ ഞണ്ടുകള്‍ കൂടി കടല്‍ത്തീരത്തേക്ക് എത്തുന്നതോടെ ഇണ ചേരാനുള്ള സമയമായി. ഇണചേര്‍ന്ന് കഴിഞ്ഞാല്‍ ആണ്‍ ഞണ്ടുകള്‍ തിരികെ വനാന്തര്‍ഭാഗത്തേക്ക് തന്നെ തിരികെപ്പോകും. പെണ്‍ ഞണ്ടുകള്‍ പൊത്തുകളില്‍‌ അടയിരിക്കും. മൂന്ന് ദിവസം കൊണ്ട് ഇവ മുട്ടകൾ ഉൽപാദിപ്പിക്കും.

ഒരു പെണ്‍ ഞണ്ട് ഒറ്റതവണ ഒരു ലക്ഷത്തോളം മുട്ടകളിടുമെന്നാണ് കണക്കുകള്‍. രണ്ടാഴ്ചത്തെ കാത്തിരിപ്പിന് ശേഷം വേലിയേറ്റ സമയത്താണ് മുട്ടകൾ വിരിയുക. ഉപ്പ് കലര്‍ന്ന കടല്‍ വെള്ളവുമായി കലരുന്നതോടെ മുട്ടകള്‍ വിരിഞ്ഞ് ലാർവകള്‍ പുറത്തെത്തും. ചാന്ദ്രചക്രവുമായി ബന്ധപ്പെട്ടാണ് ഈ പ്രക്രിയകളെല്ലാം നടക്കാറുള്ളത്. ഇതിനിടെ മുട്ടയിടൽ പൂർത്തിയാക്കിയ പെൺഞണ്ടുകൾ ക്രിസ്മസ് ദ്വീപിലേക്ക് മടങ്ങിയിട്ടുണ്ടാകും.

വിരഞ്ഞ ലാർവകളെല്ലാം ചെമ്പന്‍ ഞെണ്ടുകളാകില്ല. ഇതില്‍ ഭൂരിഭാ​ഗവും കടല്‍ മത്സ്യങ്ങളുടെ ഭക്ഷണമായിത്തീരും. ശേഷിക്കുന്ന ലാർവ വളർന്ന് മെ​ഗലോപ്പ എന്ന ചെറുജീവികളും പിന്നീട് കുഞ്ഞുഞണ്ടുകളുമായി രൂപാന്തരപ്പെടും. തുടര്‍ന്ന് ഇവ ക്രിസ്മസ് ദ്വീപിലേക്കുള്ള പലായനം തുടങ്ങും. ഏതാണ്ട് 9 ദിവസത്തെ യാത്രയാണ് ഇത്. കുഞ്ഞന്‍ ചെമ്പന്‍ ഞണ്ടുകള്‍ തങ്ങളുടെ ആദ്യ ദേശാന്തരം നടത്തി വനാന്തരത്തിലെത്തിയാല്‍ ഇവ പുതിയ മാളങ്ങളുണ്ടാക്കും. നാലും അഞ്ചും വർഷമെടുത്ത് പ്രായപൂർത്തിയാകുന്നതോടെ ഇവരും തീരത്തേക്ക് യാത്ര തുടങ്ങും. വനത്തിലൂടെയും നിരത്തിലൂടെയും നീളുന്ന, ചുവന്ന പരവതാനി നീട്ടി വിരിച്ചതുപോലെയുള്ള ഈ ഞണ്ട് യാത്ര കാണാൻ നിരവധിപ്പേരാണ് എത്താറുള്ളത്. ഇതോടെ നിരത്തുകളടക്കം ഇവർ പോകുന്ന വഴിയെല്ലാം ചുവപ്പ് നിറത്തിലാകും. അത്രയ്ക്കുണ്ട് ഈ കൂട്ടത്തിന്റെ വ്യാപ്തി.

നിരവധി വെല്ലുവിളികളെ നേരിട്ടാണ് ഈ മഹായാത്ര. റോഡിലൂടെ പോകുന്ന വാഹനങ്ങളെ പേടിക്കണം. ഞണ്ടുകളെ ഭക്ഷണമാക്കുന്ന ചിലയിനം ഉറുമ്പുകൾ അടക്കമുള്ള ക്ഷുദ്രജീവികളെ അതിജീവിക്കണം. അങ്ങനെ നീളും പ്രതിസന്ധികൾ. ഇവരുടെ സുഗമമായ യാത്രയ്ക്കായി ദ്വീപിലുടനീളം കിലോ മീറ്ററുകളോളം ബോർഡുകൾ വെച്ച് റോഡുകള്‍ അടയ്ക്കാറുണ്ട്. സന്ദര്‍ശകര്‍ക്കും തദ്ദേശീയര്‍ക്കുമായി ചെമ്പന്‍ ഞണ്ടുകളുടെ യാത്രപഥവും സമയവും അറിയിക്കാറുണ്ട്. ഈ ഞണ്ടുകളുടെ യാത്ര, ഭൂമിയിലെ ഏറ്റവും വലിയ വന്യജീവി ദേശാടനമായിട്ടാണ് കരുതപ്പെടുന്നത്.

1900ലാണ് ചെമ്പൻ ഞണ്ടുകളുടെ ഈ പ്രയാണം കണ്ടെത്തിയത്. ഈ മഹാ പ്രയാണം പാരിസ്ഥിതിക പ്രാധാന്യത്തോടൊപ്പം തന്നെ വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതിനുള്ള ഒരു വഴി കൂടിയാണ്. കാഴ്ചക്കാർക്കായി പ്രത്യേക ഇടങ്ങളും സൗകര്യങ്ങളും അധികൃതർ തയ്യാറാക്കിയിട്ടുണ്ട്.