ബെംഗളൂരുവിനും മുംബൈക്കും ഇടയിൽ പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ അവതരിപ്പിക്കാനൊരുങ്ങി റെയിൽവേ. നിലവിലെ 22-23 മണിക്കൂറിലധികം വരുന്ന യാത്രാസമയം ഏകദേശം 18 മണിക്കൂറായി കുറയും. 

ദില്ലി: ബെംഗളൂരുവിൽ നിന്ന് മുംബൈയിലേക്കുള്ള യാത്ര പലപ്പോഴും യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടേറിയ ഒന്നാണ്. ഇന്ത്യയിലെ രണ്ട് പ്രധാന മെട്രോ നഗരങ്ങളാണെങ്കിലും ഇവ തമ്മിലുള്ള ദൂരം യാത്രക്കാരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. വിമാനത്തിൽ പോകാമെന്ന് വെച്ചാൽ പലപ്പോഴും, പ്രത്യേകിച്ച് അവസാന നിമിഷത്തെ ബുക്കിംഗുകളിൽ ചെലവ് താങ്ങാനാകുകയുമില്ല. ഈ സാഹചര്യത്തിൽ, ബെംഗളൂരുവിനും മുംബൈക്കുമിടയിലെ യാത്രക്കാരുടെ ദുരിതത്തിന് അയവു വരുത്താൻ ഒരുങ്ങുകയാണ് ഇന്ത്യൻ റെയിൽവേ. ഇതിനായി പുതിയ സൂപ്പർഫാസ്റ്റ് ട്രെയിനാണ് റെയിൽവേ അവതരിപ്പിക്കുന്നത്.

യാത്രാ സമയം ഏകദേശം 18 മണിക്കൂറായി കുറയ്ക്കുക എന്നതാണ് ഈ പുതിയ സംരംഭത്തിന്റെ പ്രധാന ലക്ഷ്യം. ഇത് രണ്ട് പ്രമുഖ ബിസിനസ് ഹബ്ബുകൾ തമ്മിലുള്ള കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനുള്ള നിർണായക ചുവടുവയ്പ്പായാണ് വിലയിരുത്തപ്പെടുന്നത്. ഇതുവരെ, ഉദ്യാൻ എക്സ്പ്രസ് ആയിരുന്നു ബെംഗളൂരുവിനെയും മുംബൈയെയും ബന്ധിപ്പിച്ചിരുന്ന നേരിട്ടുള്ള ഏക ട്രെയിൻ. 1,136 കിലോമീറ്ററിലധികം ദൂരം സഞ്ചരിക്കുന്ന ഈ ട്രെയിൻ ഏകദേശം 22-23 മണിക്കൂ‍ര്‍ സമയം എടുത്താണ് യാത്രാ പൂർത്തിയാക്കിയിരുന്നത്. ഈ റൂട്ടിൽ 30-ലധികം സ്റ്റോപ്പുകളും ഉണ്ടായിരുന്നു. എന്നാൽ, ഹുബ്ബള്ളി വഴി കടന്നുപോകുന്ന പുതിയ സൂപ്പർഫാസ്റ്റ് ട്രെയിൻ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. ഇത് യാത്രക്കാർക്ക് മെച്ചപ്പെട്ട സൗകര്യവും സുഗമമായ യാത്രാനുഭവവും ഉറപ്പാക്കുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ബെംഗളൂരുവിലെ സർ എം. വിശ്വേശ്വരയ്യ ടെർമിനലിൽ (എസ്എംവിടി) നിന്ന് ആരംഭിച്ച് മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് ടെർമിനലിൽ (സിഎസ്എംടി) ആയിരിക്കും ട്രെയിൻ യാത്ര അവസാനിപ്പിക്കുക. മധ്യ കർണാടകയിലൂടെ ഏകദേശം 600 കിലോമീറ്റർ സഞ്ചരിക്കുന്ന ഈ റൂട്ടിൽ തുംകുരു, ദാവനഗെരെ, ഹാവേരി, ഹുബ്ബള്ളി-ധാർവാഡ്, ബെലഗാവി എന്നിവയായിരിക്കും പ്രധാന സ്റ്റോപ്പുകൾ. സ്റ്റോപ്പുകളുടെ എണ്ണം കുറച്ച് വേഗത്തിലുള്ള യാത്ര ഉറപ്പാക്കാൻ വേണ്ടിയാണ് ഈ റൂട്ട് രൂപകൽപ്പന ചെയ്തിരിക്കുന്നത്. 

കർണാടകയിലെയും മഹാരാഷ്ട്രയിലെയും യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യത്തെ തുടർന്നാണ് ഈ പുതിയ ട്രെയിൻ അവതരിപ്പിക്കാൻ റെയിൽവേ തീരുമാനിച്ചത്. ഈ ട്രെയിൻ പ്രാദേശിക കണക്റ്റിവിറ്റി വർദ്ധിപ്പിക്കുകയും ടൂറിസത്തെ പ്രോത്സാഹിപ്പിക്കുകയും തെക്കൻ, പടിഞ്ഞാറൻ സംസ്ഥാനങ്ങൾക്കിടയിലുള്ള സാമ്പത്തിക ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുമെന്നാണ് വിലയിരുത്തൽ. സ്റ്റേഷനുകളുടെ അന്തിമ പട്ടിക റെയിൽവേ ബോർഡിന്റെ ഔദ്യോഗിക അറിയിപ്പിന് ശേഷം മാത്രമേ സ്ഥിരീകരിക്കുകയുള്ളൂവെന്ന് അധികൃതർ വ്യക്തമാക്കി. ട്രെയിനിന്റെ ലോഞ്ച് തീയതിയും ഷെഡ്യൂളും ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല. പ്രഖ്യാപനം വൈകാതെ തന്നെ ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.