സെൻട്രൽ റെയിൽവേ ഒക്ടോബർ മാസം മുതൽ ട്രെയിനുകളിൽ പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിൻ ആരംഭിച്ചു. ഗ്രൂപ്പ് ടിക്കറ്റിൽ യാത്ര ചെയ്യുന്നവരിൽ ഒരാളെങ്കിലും ഒറിജിനൽ തിരിച്ചറിയൽ രേഖ കരുതണം, കൂടാതെ ടിക്കറ്റില്ലാത്ത യാത്രയ്ക്കുള്ള പിഴ 500 രൂപയായി ഉയർത്തി

ട്രെയിൻ യാത്രക്കാരുടെ ടിക്കറ്റ് പരിശോധന കൂടുതൽ കർശനമാക്കി സെൻട്രൽ റെയിൽവേ. 2026 ഒക്ടോബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ ഒരു മാസം നീളുന്ന പ്രത്യേക ടിക്കറ്റ് പരിശോധനാ ക്യാമ്പയിനാണ് റെയിൽവേ ആരംഭിച്ചിരിക്കുന്നത്. ടിക്കറ്റിന്റെ സാധുത, ഇളവുകൾ, റിസർവേഷൻ ക്വാട്ട, റെയിൽവേ പാസുകൾ എന്നിവയാണ് പ്രധാനമായും പരിശോധിക്കുക.

ഒരു ടിക്കറ്റിൽ ഒന്നിലധികം യാത്രക്കാരെങ്കിൽ ശ്രദ്ധിക്കണം

ഒന്നിലധികം യാത്രക്കാർക്കായി ഒരുമിച്ച് ബുക്ക് ചെയ്ത ടിക്കറ്റിൽ യാത്ര ചെയ്യുന്നവർ ഇനി കൂടുതൽ ശ്രദ്ധിക്കണം. ഒരേ ടിക്കറ്റിൽ നിരവധി പേരുടെ പേരുകളുണ്ടെങ്കിൽ, അതിൽ കുറഞ്ഞത് ഒരാൾ നിർദേശിച്ചിരിക്കുന്ന ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതണം. ആർക്കും ഒറിജിനൽ തിരിച്ചറിയൽ രേഖ ഹാജരാക്കാൻ കഴിയാത്ത പക്ഷം, ആ ടിക്കറ്റിലുള്ള മുഴുവൻ യാത്രക്കാരെയും സാധുവായ ടിക്കറ്റില്ലാതെ യാത്ര ചെയ്യുന്നവരായി കണക്കാക്കാൻ സാധ്യതയുണ്ട്. തുടർന്ന് റെയിൽവേ ചട്ടപ്രകാരം നടപടി സ്വീകരിക്കാം.

ഇളവ് ലഭിക്കുന്ന യാത്രക്കാരും രേഖകൾ കരുതണം

യാത്രാനിരക്കിൽ ഇളവ് ലഭിക്കുന്നവർക്ക് ടിക്കറ്റ് മാത്രം കൈവശം വെച്ചാൽ മതിയാകില്ല. ഇളവിന് അർഹത തെളിയിക്കുന്ന ഒറിജിനൽ രേഖകളും യാത്രയ്ക്കിടെ കൈവശം ഉണ്ടായിരിക്കണം. റിസർവേഷൻ ക്വാട്ടയുടെ അടിസ്ഥാനത്തിൽ ടിക്കറ്റ് ലഭിച്ചവരെയും റെയിൽവേ ഉദ്യോഗസ്ഥർ വിശദമായി പരിശോധിക്കും. ഇളവോ പ്രത്യേക ക്വാട്ടയോ ലഭിച്ചതിന്റെ അടിസ്ഥാന രേഖകൾ ആവശ്യപ്പെട്ടാൽ ഹാജരാക്കേണ്ടിവരും.

റെയിൽവേ ജീവനക്കാരും കുടുംബാംഗങ്ങളും ശ്രദ്ധിക്കണം

റെയിൽവേ ജീവനക്കാരും അവരുടെ കുടുംബാംഗങ്ങളും ഇ-പാസ് അല്ലെങ്കിൽ പാസഞ്ചർ ഓർഡർ ടിക്കറ്റി ഉപയോഗിച്ച് യാത്ര ചെയ്യുമ്പോഴും ഒറിജിനൽ തിരിച്ചറിയൽ രേഖ നിർബന്ധമായി കരുതണം. യാത്ര ആരംഭിക്കുന്നതിന് മുമ്പ് ഇ-പാസ് അല്ലെങ്കിൽ പാസഞ്ചർ ഓർഡർ ടിക്കറ്റി ഔദ്യോഗിക യാത്രാ അധികാരപത്രമായി മാറ്റിയിരിക്കണം. ഇത് ചെയ്യാതെ യാത്ര ചെയ്യുന്നവരെ ടിക്കറ്റില്ലാത്ത യാത്രക്കാരായി കണക്കാക്കാനും നടപടിയെടുക്കാനും സാധ്യതയുണ്ട്.

ടിക്കറ്റില്ലാത്ത യാത്രയ്ക്ക് പിഴ ഉയർന്നു

ടിക്കറ്റില്ലാതെയോ അനധികൃതമായോ യാത്ര ചെയ്യുന്നവർക്കുള്ള കുറഞ്ഞ പിഴ 250 രൂപയിൽനിന്ന് 500 രൂപയായി ഉയർത്തിയിട്ടുണ്ട്. ഇത് യാത്രാനിരക്കിന് പുറമേ അടയ്ക്കേണ്ടതാണ്.

സംശയമുള്ള ടിക്കറ്റുകൾ പരിശോധിക്കും

റിസർവേഷൻ ടിക്കറ്റുകൾക്കൊപ്പം അൺറിസർവ്ഡ് ടിക്കറ്റുകളുടെ പരിശോധനയും ശക്തമാക്കും. ടിക്കറ്റ് യഥാർഥമാണോ എന്നതിൽ സംശയം തോന്നിയാൽ പരിശോധനാ ഉദ്യോഗസ്ഥർ ടിക്കറ്റ് എക്സാമിനർ ആപ്പ് ഉപയോഗിച്ച് വിവരങ്ങൾ പരിശോധിക്കും.

യാത്രക്കാർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

യാത്രയ്ക്കിടെ ഫോട്ടോകോപ്പിക്ക് പകരം ഒറിജിനൽ തിരിച്ചറിയൽ രേഖ കൈവശം കരുതുക. ഇളവിനും പ്രത്യേക ക്വാട്ടയ്ക്കും ആവശ്യമായ രേഖകൾ സൂക്ഷിക്കുക. ഇ-പാസ് അല്ലെങ്കിൽ പാസഞ്ചർ ഓർഡർ ടിക്കറ്റി യാത്രയ്ക്ക് മുമ്പ് ഔദ്യോഗിക യാത്രാ അധികാരപത്രമാക്കി മാറ്റുക. ടിക്കറ്റ് പരിശോധനാ ഉദ്യോഗസ്ഥരുമായി സഹകരിക്കുകയും ആവശ്യപ്പെടുന്ന രേഖകൾ കൃത്യമായി ഹാജരാക്കുകയും ചെയ്യുക. റിസർവേഷൻ ദുരുപയോഗം, ഇളവുകളുടെ അനധികൃത ഉപയോഗം, റെയിൽവേ പാസുകളുടെ ദുരുപയോഗം എന്നിവ തടയുകയാണ് ഒരു മാസം നീളുന്ന പ്രത്യേക പരിശോധനാ ക്യാമ്പയിന്റെ ലക്ഷ്യം.