ഐപിഎൽ മാതൃകയിൽ സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ധർമ്മടം വള്ളംകളിയിൽ അഴിക്കോടൻ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് വിജയികളായി. 

കണ്ണൂർ: കാണികളുടെ ആവേശവും മത്സരവീര്യവും ഒരുപോലെ നിറഞ്ഞുനിന്ന പകലിൽ അഞ്ചരക്കണ്ടി പുഴയിലെ ഓളങ്ങളിൽ കരുത്തോടെ തുഴയെറിഞ്ഞ് സംസ്ഥാന ടൂറിസം വകുപ്പിന്റെ ചാമ്പ്യൻസ് ബോട്ട് ലീഗ് (സിബിഎൽ) ധർമ്മടം വള്ളംകളിയിൽ അഴിക്കോടൻ അച്ചാംതുരുത്തി ബോട്ട് ക്ലബ്ബ് ജേതാക്കളായി. ഐപിഎൽ മാതൃകയിൽ ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന വള്ളംകളി ലീഗായ സിബിഎലിന്റെ അഞ്ചാം പതിപ്പിലെ മലബാർ മേഖലാ മത്സരത്തിൽ അഴീക്കോടൻ അച്ചാംതുരുത്തിയിലെ തുഴച്ചിൽക്കാർ 1:54.221 മിനിറ്റിലാണ് വയലക്കര വെങ്ങാട്ട് ബോട്ട് ക്ലബ്ബിനെ (1:54.611) മറികടന്ന് ഫിനിഷിംഗ് ലൈനിലെത്തിയത്. പാലിച്ചോൻ അച്ചാംതുരുത്തി എ ടീം (1:56.052) മൂന്നാം സ്ഥാനം നേടി.

Add Asianetnews as a Preferred SourcegooglePreferred

ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്താൻ സർക്കാർ നിരവധി നൂതന സംരംഭങ്ങൾ നടപ്പിലാക്കുന്നുണ്ടെന്ന് സിബിഎലിന്റെ മലബാർ മേഖലാ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ചടങ്ങിൽ വിജയികൾക്കുള്ള സമ്മാനങ്ങളും മുഖ്യമന്ത്രി വിതരണം ചെയ്തു. കേരളത്തിന്റെ ഐക്യത്തിന്റെയും സാഹോദര്യത്തിന്റെയും പ്രതീകമാണ് വള്ളംകളിയെന്നും ഓരോ സീസണിലും ചാമ്പ്യൻസ് ബോട്ട് ലീഗ് വിപുലീകരിക്കാനാണ് ടൂറിസം വകുപ്പ് ശ്രമിക്കുന്നതെന്നും അധ്യക്ഷപ്രസംഗത്തിൽ ടൂറിസം പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. സിബിഎൽ ഇതിനകം ആഗോളശ്രദ്ധ പിടിച്ചുപറ്റിയിട്ടുണ്ട്. അതിലൂടെ മലബാർ മേഖലയുടെ ടൂറിസം സാധ്യതകൾ പ്രയോജനപ്പെടുത്താനും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചടങ്ങിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ, രജിസ്‌ട്രേഷൻ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി കടന്നപ്പള്ളി രാമചന്ദ്രൻ എന്നിവർ മുഖ്യാതിഥികളായിരുന്നു. കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.കെ രത്‌നകുമാരി, കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ, മുഖ്യമന്ത്രിയുടെ മണ്ഡലം പ്രതിനിധി പി.ബാലൻ, എടക്കാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി.കെ പ്രമീള, തലശ്ശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി.പി അനിത, മുഴുപ്പിലങ്ങാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.സജിത, ധർമ്മടം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൻ.കെ രവി, പിണറായി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ രാജീവൻ, അഞ്ചരക്കണ്ടി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.പി ലോഹിതാക്ഷൻ എന്നിവരും പങ്കെടുത്തു. ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ചടങ്ങിന് സ്വാഗതവും ടൂറിസം ജോയിന്റ് ഡയറക്ടർ ഡി.ഗിരീഷ് കുമാർ നന്ദിയും പറഞ്ഞു.

അഞ്ചരക്കണ്ടി പുഴയിൽ മമ്മാക്കുന്ന് പാലം മുതൽ മുഴപ്പിലങ്ങാട് കടവ് വരെയുള്ള ഒരു കിലോമീറ്റർ ദൂരത്താണ് ജലോത്സവം നടന്നത്. ഓരോ വള്ളത്തിലും 20 തുഴച്ചിലുകാരാണ് ഉണ്ടായിരുന്നത്. അഞ്ച് ഹീറ്റ്‌സ് മത്സരങ്ങളും അതിൽ നിന്ന് സമയക്രമം അനുസരിച്ച് മൂന്ന് ഫൈനലുകളും (ഫസ്റ്റ് ലൂസേഴ്‌സ്, ലൂസേഴ്‌സ്, ഫൈനൽ) നടന്നു. ധർമ്മടം സിബിഎൽ വള്ളംകളിയുടെ ആകെ സമ്മാനത്തുക 3 ലക്ഷം രൂപയാണ്. ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങളിലെത്തിയവർക്ക് യഥാക്രമം ഒന്നര ലക്ഷം രൂപ, ഒരു ലക്ഷം രൂപ, അമ്പതിനായിരം രൂപ എന്നിങ്ങനെയാണ് സമ്മാനത്തുകയായി ലഭിച്ചത്. പങ്കെടുത്ത വള്ളങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ബോണസ് ലഭിച്ചു.

എ.കെ.ജി മയിച്ച, ഇ.എം.എസ് മുഴക്കീൽ, കൃഷ്ണപിള്ള കാവുംചിറ, പാലിച്ചോൻ അച്ചാംതുരുത്തി എ ടീം, നവോദയ മംഗലശേരി, എ.കെ.ജി പോടോത്തുരുത്തി എ ടീം, പാലിച്ചോൻ അച്ചാംതുരുത്തി ബി ടീം, ഫൈറ്റിങ് സ്റ്റാർ ക്ലബ് കുറ്റിവയൽ, വയൽക്കര വെങ്ങാട്ട്, എ.കെ.ജി പോടോത്തുരുത്തി ബി ടീം, ന്യൂ ബ്രദേഴ്‌സ് മയിച്ച, റെഡ്സ്റ്റാർ കാര്യങ്കോട്, സുഗുണൻ മാസ്റ്റർ മെമ്മോറിയൽ ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബ് മേലൂർ, അഴിക്കോടൻ അച്ചാംതുരുത്തി, വയൽക്കര മയിച്ച എന്നിവയാണ് പങ്കെടുത്ത ടീമുകൾ. വള്ളംകളിയുടെ ഇടവേളകളിൽ ജലാഭ്യാസ പ്രകടനങ്ങളും നടന്നു. മലബാറിലെ അടുത്ത സിബിഎൽ മത്സരങ്ങൾ ഒക്‌ടോബർ 12 ന് കോഴിക്കോട് ബേപ്പൂരിലും ഒക്‌ടോബർ 19 ന് കാസർഗോഡ് ചെറുവത്തൂരിലും നടക്കും.