ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ അഞ്ചാം സീസണിൽ വീയപുരം ചുണ്ടൻ കിരീടം നേടി. എന്നാൽ കൊല്ലത്ത് നടന്ന അവസാന മത്സരമായ പ്രസിഡന്‍റ്സ് ട്രോഫിയിൽ നിരണം ചുണ്ടൻ അട്ടിമറി വിജയം സ്വന്തമാക്കി.
കൊല്ലം: സംസ്ഥാന ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന ചുണ്ടന്‍ വള്ളങ്ങളുടെ ഐപിഎല്‍ മാതൃകയിലുള്ള ലീഗ് മത്സരമായ ചാമ്പ്യന്‍സ് ബോട്ട് ലീഗ് അഞ്ചാം സീസണിൽ ഏറ്റവും കൂടുതല്‍ പോയിന്‍റ് നേടി വില്ലേജ് ബോട്ട് ക്ലബ് കൈനകരി തുഴഞ്ഞ വീയപുരം ചുണ്ടന്‍ ചാമ്പ്യന്‍മാരായി. എന്നാല്‍ അവസാന മത്സരമായ കൊല്ലത്തെ പ്രസിഡന്‍റ്സ് ട്രോഫിയില്‍ വീയപുരത്തെ വീഴ്ത്തി നിരണം ബോട്ട് ക്ലബ് തുഴഞ്ഞ നിരണം ചുണ്ടന്‍ (03:36:548 മിനിറ്റ്) ജേതാക്കളായി. പതിനൊന്നില്‍ ഒമ്പത് കളിയും വിജയിച്ച് പോയിന്‍റ് നിലയില്‍ ഒന്നാമതെത്തി വീയപുരം നേരത്തെ തന്നെ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചിരുന്നു.
അഷ്ടമുടിക്കായലിലെ നെട്ടായത്തില്‍ നേരിയ വളവുള്ളതിനാല്‍ ഫൈനല്‍ മത്സരത്തിലെ ആദ്യത്തെ ലീഡ് നില നേരിട്ടുള്ള കാഴ്ചയില്‍ ദൃശ്യമായിരുന്നില്ല. എന്നാല്‍ ടിവി സ്ക്രീനിലെ ദൃശ്യങ്ങളില്‍ നിന്നാണ് മത്സരത്തിന്‍റെ കാഠിന്യം വ്യക്തമായത്. അവസാന ലാപ്പ് വരെ മേല്‍പ്പാടം (പള്ളാത്തുരുത്തി ബോട്ട് ക്ലബ്), വീയപുരം, നിരണം എന്നീ മൂന്നു വള്ളങ്ങളും ഒപ്പത്തിനൊപ്പമെത്തി. അവസാന ലാപ്പില്‍ അടനയമ്പ് കുത്തിമറിച്ച് നിരണം ഇരച്ചെത്തിയപ്പോള്‍ വീയപുരത്തിനും മേല്‍പ്പാടത്തിനും തുഴ തെറ്റി. വീയപുരം (03:37:826 മിനിറ്റ്) രണ്ടും മേല്‍പ്പാടം (03:40:233 മിനിറ്റ്) മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു.
കൈനകരി, താഴത്തങ്ങാടി, പിറവം, കോട്ടപ്പുറം, പുളിങ്കുന്ന്, കരുവാറ്റ, പാണ്ടനാട്, കായംകുളം, കല്ലട എന്നീ മത്സരങ്ങളില്‍ ട്രിപ്പിള്‍ ഹാട്രിക് നേടിയാണ് വീയപുരം എന്ന ആരാധകരുടെ 'വീരു' അഞ്ചാം സീസണ്‍ ചാമ്പ്യന്‍ഷിപ്പ് ഉറപ്പിച്ചത്. കഴിഞ്ഞ നാല് സീസണിലും ചാമ്പ്യനായിരുന്ന പള്ളാത്തുരുത്തി ബോട്ട് ക്ലബിനെ ഇക്കുറി ഒരിടത്തു പോലും മുന്നില്‍ കയറാന്‍ വീയപുരം വിട്ടില്ലെന്നത് പോരാട്ട വീര്യം വെളിവാക്കുന്നു. ചാമ്പ്യന്‍ഷിപ്പ് തുകയായ 25 ലക്ഷം രൂപയും സിബിഎല്‍ ട്രോഫിയും വീയപുരം ചുണ്ടന് വേണ്ടി വില്ലേജ് ബോട്ട് ക്ലബ് ഭാരവാഹികള്‍ ഏറ്റുവാങ്ങി.
അടുത്ത സീസണിലേക്കുള്ള സൂചന നിലനിർത്തിയാണ് നിരണം ചുണ്ടന്‍ പ്രസിഡന്‍റ്സ് ട്രോഫിയില്‍ അഷ്ടമുടിക്കായലിലെ നെട്ടായത്തിലിറങ്ങിയത്. എറണാകുളം മറൈന്‍ ഡ്രൈവില്‍ അജയ്യരായ വീയപുരത്തിനെ അട്ടിമറിച്ച് ചാമ്പ്യന്‍മാരായത് കേവലം ഭാഗ്യം കൊണ്ടല്ലെന്ന് നിരണം തെളിയിക്കുകയായിരുന്നു. ആദ്യത്തെ ആറ് മത്സരങ്ങളില്‍ മൂന്ന്, നാല്, അഞ്ച് സ്ഥാനത്തായി പോയതിന്‍റെ ക്ഷീണം അവര്‍ക്ക് അവസാന മത്സരങ്ങളില്‍ കാര്യമായി ബാധിച്ചു. പത്തനംതിട്ട ജില്ലയില്‍ നിന്ന് ഒരു ടീം ആലപ്പുഴ, കോട്ടയം എന്നിവിടങ്ങളിലെ ജലരാജാക്കന്‍മാരെ വീഴ്ത്തുന്നത് വള്ളംകളിയ്ക്ക് ഇതര ജില്ലകളില്‍ ലഭിക്കുന്ന പൊതു സ്വീകാര്യത ഉയർത്തികാണിക്കുന്നു.
ക്ഷീരവികസന-മൃസംരക്ഷണ മന്ത്രി ജെ ചിഞ്ചുറാണി പ്രസിഡന്‍റ്സ് ട്രോഫി മത്സരങ്ങള്‍ ഉദ്ഘാടനം ചെയ്തു. എന്‍ കെ പ്രേമചന്ദ്രന്‍ എം പി, മത്സരങ്ങള്‍ ഫ്ലാഗ് ഓഫ് ചെയ്തു.എം മുകേഷ് എം എല്‍ എ അധ്യക്ഷനായി. എം.എല്‍.എ എന്‍. നൗഷാദ്, കൊല്ലം മേയര്‍ എം കെ ഹഫീസ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് ഡോ. ആര്‍. ലതാ ദേവി, കൊല്ലം ഡെപ്യൂട്ടി മേയര്‍ ഡോ. ഉദയാ സുകുമാരന്‍, ജില്ലാകളക്ടര്‍ എന്‍ ദേവീദാസ് തുടങ്ങിയവര്‍ സംബന്ധിച്ചു.


