51.86 കോടി രൂപ ചെലവില്‍ കണ്ണൂരിലെ മുഴപ്പിലങ്ങാട് നിര്‍മ്മിച്ച കെടിഡിസിയുടെ മലബാര്‍ കോര്‍ട്യാര്‍ഡ് റിസോര്‍ട്ട് ഫെബ്രുവരി 25-ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. 

കണ്ണൂര്‍: മലബാര്‍ മേഖലയിലെ ബീച്ച് ടൂറിസത്തിന് പുതിയ സാധ്യതകള്‍ തുറന്ന് കണ്ണൂര്‍ മുഴപ്പിലങ്ങാട് കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്റെ (കെടിഡിസി) മലബാര്‍ കോര്‍ട്യാര്‍ഡ് റിസോര്‍ട്ട് പ്രവര്‍ത്തനമാരംഭിക്കുന്നു. ഇതിന്റെ ഉദ്ഘാടനം ഫെബ്രുവരി 25 ന് വൈകുന്നേരം 3.30 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് അധ്യക്ഷത വഹിക്കും.

തലശ്ശേരിക്കും കണ്ണൂരിനും ഇടയില്‍ സ്ഥിതിചെയ്യുന്ന തീരദേശ മേഖലയായ മുഴപ്പിലങ്ങാട് ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ്-ഇന്‍ ബീച്ചാണ്. മുഴുപ്പിലങ്ങാട്-ധര്‍മ്മടം ബീച്ച് ടൂറിസം സര്‍ക്യൂട്ടില്‍ 6.5 ഏക്കര്‍ വിസ്തൃതിയുള്ള മലബാര്‍ കോര്‍ട്ട്യാഡില്‍ ലോകോത്തര സൗകര്യങ്ങളാണുള്ളത്. കിഫ്ബി ധനസഹായത്തോടെ 51.86 കോടി രൂപ ചെലവഴിച്ചാണ് റിസോര്‍ട്ട് വികസിപ്പിച്ചിരിക്കുന്നത്. എട്ട് കോട്ടേജുകള്‍ വീതമുള്ള നാല് കോട്ടേജ് ബ്ലോക്കും നാല് മുറികള്‍ വീതമുള്ള രണ്ട് സ്വീറ്റ് റൂം ബ്ലോക്കും ഉള്‍പ്പെടെ 40 മുറികളാണ് റിസോര്‍ട്ടിലുള്ളത്. വിശാലമായ നീന്തല്‍ക്കുളവും ഇന്‍ഡോര്‍ റീക്രിയേഷന്‍ ഏരിയയും ഹെല്‍ത്ത് ക്ലബ്ബും റിസോര്‍ട്ടില്‍ സജ്ജമാണ്.

അക്വാ ഗ്രോവ്, അക്വാ വിസ്താ എന്നീ പേരുകളില്‍ 285 ചതുരശ്ര അടി വീതമുള്ള രണ്ട് തരം മുറികള്‍, ലിവിംഗ് സ്പെയ്സും 548 ചതുരശ്ര അടി വിസ്തീര്‍ണ്ണവുമുള്ള സ്യൂട്ട് റൂമുകള്‍, 100 പേര്‍ക്ക് ഇരിക്കാവുന്ന കോണ്‍ഫറന്‍സ് ഹാള്‍, ബിസിനസ്, ഔദ്യോഗിക മീറ്റിംഗുകള്‍ നടത്തുന്നതിന് ഡിജിറ്റല്‍ സംവിധാനത്തോടെയുള്ള ബോര്‍ഡ് റൂം എന്നിവയും ഇതിലുണ്ട്.

വടക്കന്‍ കേരളത്തില്‍ അതിവേഗം വളരുന്ന ടൂറിസത്തിന്റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി പ്രീമിയം ഡെസ്റ്റിനേഷന്‍ പ്രോപ്പര്‍ട്ടിയായിട്ടാണ് മലബാര്‍ കോര്‍ട്യാര്‍ഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നതെന്ന് ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. വലിയ പരിപാടികള്‍ക്ക് ഉള്‍പ്പെടെ ഇത് വേദിയാക്കാനാകും. വിശാലമായ പശ്ചാത്തല സൗകര്യവും കോര്‍പ്പറേറ്റ് ബോര്‍ഡ് മീറ്റിംഗ് റൂമും കോണ്‍ഫറന്‍സ് ഹാളും ഉള്‍പ്പെടെ മൈസ് ടൂറിസത്തിന് അനുയോജ്യമായ ഇടമായി റിസോര്‍ട്ടിനെ മാറ്റുന്നു. അതേസമയം വിനോദസഞ്ചാരികള്‍ക്കും കൂടുംബങ്ങളുടെയും മറ്റും ഒത്തുചേരലുകള്‍ക്കുമുള്ള ആകര്‍ഷകമായ സ്ഥലമായും ഇത് പ്രവര്‍ത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിശാലമായ സ്വിമ്മിംഗ് പൂളും അതിന് ഉതകുന്ന മനോഹരമായ ലാന്‍ഡ്‌സ്‌കേപ്പിങ്ങും റിസോര്‍ട്ടിനെ വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് തികച്ചും വ്യത്യസ്തമായ അനുഭവം പ്രദാനം ചെയ്യുമെന്ന് കെടിഡിസി അധികൃതര്‍ പറഞ്ഞു. മലബാര്‍ കോര്‍ട്യാര്‍ഡിന്റെ അന്തരീക്ഷം ഡെസ്റ്റിനേഷന്‍ വെഡ്ഡിങ്, ഹണിമൂണ്‍, കുടുംബ ഒത്തുചേരലുകള്‍ എന്നിവയെ മനോഹരമാക്കാന്‍ പോന്നതാണന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 2021 ഒക്ടോബര്‍ 30 നാണ് മുഖ്യമന്ത്രി കെട്ടിടത്തിന് തറക്കല്ലിട്ടത്. സമയബന്ധിതമായും സൗന്ദര്യാത്മകമായും നിര്‍മ്മാണം പൂര്‍ത്തിയായ മലബാര്‍ കോര്‍ട്യാര്‍ഡിലൂടെ കെടിഡിസി മലബാര്‍ മേഖലയില്‍ ശക്തമായ സാന്നിധ്യം ഉറപ്പാക്കുകയാണ്.