ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അപകടകരമായ കാലാവസ്ഥ തുടരുകയാണ്. ശക്തി ചുഴലിക്കാറ്റ് കാരണം മഹാരാഷ്ട്രയിലും ഗുജറാത്തിലും കനത്ത മഴയാണ് പെയ്യുന്നത് ഈ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കാൻ കർശന നിർദ്ദേശമുണ്ട്.
ദില്ലി: ഇന്ത്യയിൽ നിലവിൽ പലയിടത്തും അപകടകരമായ കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്. ഈ സാഹചര്യത്തിൽ അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശിച്ചിട്ടുണ്ട്. ശക്തി ചുഴലിക്കാറ്റിനെ തുടർന്ന് മഹാരാഷ്ട്ര, ഗുജറാത്ത് തീരങ്ങളിലും സഞ്ചാരികൾക്ക് ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. കനത്ത മഴയും മണ്ണിടിച്ചിലുമുണ്ടായ പശ്ചിമ ബംഗാളിലെ ഡാർജിലിംഗിലും ബീഹാറിലെ വെള്ളപ്പൊക്ക ഭീഷണിയുള്ള പ്രദേശങ്ങളിലും സഞ്ചാരികൾ ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ അറിയിച്ചു.
ശക്തി ചുഴലിക്കാറ്റിന്റെ സ്വാധീനം കാരണം ഒക്ടോബർ 8 വരെ മുംബൈ, താനെ, റായ്ഗഡ് എന്നിവിടങ്ങളിൽ മഴ പെയ്യാൻ സാധ്യതയുണ്ട്. എന്നാൽ പാൽഘറിൽ കൂടുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഗുജറാത്ത്-മഹാരാഷ്ട്ര തീരത്ത് കടൽ പ്രക്ഷുബ്ധമാകാനും മണിക്കൂറിൽ 60-100 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശാനും സാധ്യതയുണ്ട്. അടിയന്തര സാഹചര്യം ഉണ്ടാകാനുള്ള സാധ്യത മുന്നിൽ കണ്ട് അധികൃതർ ദുരന്ത നിവാരണ സംവിധാനങ്ങൾ സജ്ജമാക്കിയിട്ടുണ്ട്. പ്രദേശവാസികളോട് ജാഗ്രത പാലിക്കാനും അനാവശ്യ യാത്രകൾ ഒഴിവാക്കാനും നിർദ്ദേശിച്ചിട്ടുണ്ട്.
കനത്ത മഴയും മണ്ണിടിച്ചിലും കാരണം ഡാർജിലിംഗിലും അയൽ ഹിമാലയൻ ജില്ലകളായ കലിംപോങ്, കൂച്ച് ബിഹാർ, ജൽപൈഗുരി, അലിപുർദുവാർ എന്നിവിടങ്ങളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മിരിക്കിൽ അടുത്തിടെയുണ്ടായ മണ്ണിടിച്ചിലിൽ ആറ് പേർ മരിച്ചിരുന്നു. മിരിക്കിനെയും കുർസിയോങ്ങിനെയും ബന്ധിപ്പിക്കുന്ന ദുഡിയ ഇരുമ്പ് പാലം തകരുകയും ചെയ്തിട്ടുണ്ട്. ഗ്രാമങ്ങളിൽ നിന്ന് ദേശീയ പാതകളിലേക്കുള്ള റോഡുകൾ ചെളിയിൽ മുങ്ങിയതിനാൽ യാത്ര ദുസ്സഹമായിരിക്കുകയാണ്. കനത്ത മഴ തുടരുന്നതിനാൽ ഈ റൂട്ടുകൾ പുനഃസ്ഥാപിക്കാൻ കൂടുതൽ സമയമെടുത്തേക്കാം. വരും ദിവസങ്ങളിൽ ഈ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഒഴിവാക്കാൻ സഞ്ചാരികൾക്ക് കർശന നിർദ്ദേശമുണ്ട്.
ദിവസങ്ങളോളം തുടർച്ചയായി പെയ്യുന്ന മഴയെ തുടർന്ന് പട്‌ന, ഗയ, റോഹ്താസ്, ഭഗൽപൂർ, ദർഭംഗ എന്നിവയുൾപ്പെടെ 28 ജില്ലകളിൽ വെള്ളപ്പൊക്ക ജാഗ്രതാ നിർദ്ദേശം നൽകിയിരിക്കുകയാണ്. വെള്ളക്കെട്ടിൽ നിരവധി വാഹനങ്ങൾ അകപ്പെടുന്ന സാഹചര്യമുണ്ടായി. വെള്ളക്കെട്ട് കാരണം ഓഫീസുകൾ, ആശുപത്രികൾ, സ്‌കൂളുകൾ എന്നിവയുടെ പ്രവർത്തനങ്ങൾ തടസ്സപ്പെടുകയും പല പ്രദേശങ്ങളിലും മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്തു. നദികൾ കരകവിഞ്ഞൊഴുകുന്ന സാഹചര്യത്തിൽ പ്രദേശവാസികൾ ജാഗ്രത പാലിക്കാനും, അനാവശ്യ യാത്രകൾ ഒഴിവാക്കാനും അധികൃതർ നിർദ്ദേശം നൽകി.


