സുരക്ഷാ പ്രശ്‌നങ്ങളാൽ കാൽനടയാത്ര നിരോധിച്ചിരിക്കുന്നതിനാൽ, ബഗ്ഗി കാറിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്.
ഇടുക്കി: വലുപ്പത്തില്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആര്‍ച്ച് ഡാമാണ് ഇടുക്കിയിലേത്. ഏഷ്യയില്‍ ഒന്നാമത്തേതും ഇതുതന്നെയാണ്. ഓണക്കാല അവധിയോടനുബന്ധിച്ച് തുറന്നു കൊടുത്തതോടെ കുറവന്‍ മല, കുറത്തിമല എന്നീ രണ്ട് മലകള്‍ക്കിടയിലായി പെരിയാര്‍ നദിക്ക് കുറുകെ അതിമനോഹരമായി രൂപകല്പന ചെയ്ത് നിർമ്മിച്ച ഡാം കാണാൻ സഞ്ചാരികളുടെ തിരക്കാണിപ്പോൾ. എന്നാൽ, മറ്റ് ഡാമുകൾ സന്ദർശിക്കുന്നത് പോലെ അത്ര എളുപ്പത്തിൽ ഇടുക്കി ഡാം കാണാൻ സാധിക്കില്ല.
സുരക്ഷ പ്രശ്നത്തെ തുടർന്ന് ഇടുക്കി, ചെറുതോണി അണക്കെട്ടുകൾക്കു മുകളിലൂടെ കാൽനട യാത്ര പൊലീസ് നിരോധിച്ചിരിക്കുകയാണ്. അതിനാൽ, കെഎസ്ഇബി ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ ബഗ്ഗി കാറിലാണ് സഞ്ചാരികളെ കൊണ്ടുപോകുന്നത്. നവംബർ 30 വരെയാണ് സന്ദർശകർക്ക് ഇടുക്കി ഡാം കാണാൻ അനുമതി നൽകിയിരിക്കുന്നത്. മെറ്റൽ ഡിറ്റക്ടർ ഉപയോഗിച്ച് കർശന പരിശോധന നടത്തിയ ശേഷം മാത്രമേ സഞ്ചാരികളെ പൊലീസ് അകത്തേക്ക് കടത്തി വിടുകയുള്ളൂ. ചെറുതോണി ഡാമിനു മുകളിലൂടെ വൈശാലി ഗുഹയും കടന്ന് ആർച്ച് ഡാം വരെ കണ്ടു മടങ്ങാൻ അര മണിക്കൂർ സമയം ആവശ്യമാണ്.
കർശന സുരക്ഷയുടെ ഭാഗമായി മൊബൈൽ ഫോൺ, ക്യാമറ തുടങ്ങിയ ഇലക്ടോണിക് ഉപകരണങ്ങളും ബാഗുകളുമൊന്നും ഡാമിലേയ്ക്ക് കയ്യിൽ കൊണ്ടു പോകാൻ അനുവദിക്കില്ല. ഇവിടെ വനം വകുപ്പിൻറെ ബോട്ടും സർവീസ് നടത്തുന്നുണ്ട്. ഇത്തവണ ഒരാഴ്ച കൊണ്ട് 5,000ത്തിലധികം പേർ ഇടുക്കി ഡാം സന്ദർശിച്ചതായാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സമീപത്തെ ഹിൽവ്യൂ പാർക്ക് കാണാനും സഞ്ചാരികളുടെ തിരക്ക് അനുഭവപ്പെടുന്നുണ്ട്.
പ്രവേശന ഫീസ്
- മുതിർന്നവർ - 150 രൂപ
- കുട്ടികൾ - 100 രൂപ
8 ബഗ്ഗി കാറുകളിലായി പരമാവധി 1,248 പേർക്ക് മാത്രമാണ് ഒരു ദിവസം ഡാം സന്ദർശിക്കാൻ കഴിയുക. ഹൈഡൽ ടൂറിസം വിഭാഗത്തിൻറെ വെബ് സൈറ്റിൽ സമയം ബുക്ക് ചെയ്ത് ഓൺലൈനായി പണമടക്കണം. അല്ലെങ്കിൽ നിരാശരായി മടങ്ങേണ്ടി വരും.


