പ്രകൃതി സൗന്ദര്യത്തിനും പാരാഗ്ലൈഡിംഗ്, റാഫ്റ്റിംഗ് പോലെയുള്ള സാഹസിക വിനോദങ്ങൾക്കും പേരുകേട്ട മണാലി ഹണിമൂൺ ആഘോഷിക്കുന്നവർക്കും ഏറെ പ്രിയപ്പെട്ടയിടമാണ്.
പ്രൗഢിയോടെ നിലകൊള്ളുന്ന ഹിമാലയന്‍ മലനിരകളുടെ താഴ്വരയില്‍ ശാന്തസുന്ദരമായ ഒരു ഭൂമിയുണ്ട്. ഇന്ത്യയിലെ ഏറ്റവും ജനപ്രിയ വിനോദ സഞ്ചാര കേന്ദ്രമായ മണാലി. ഓരോ വര്‍ഷവും ലോകത്തിന്‍റെ പല കോണുകളില്‍ നിന്നായി എണ്ണിയാലൊടുങ്ങാത്തത്ര സഞ്ചാരികളാണ് മണാലിയിലേയ്ക്ക് എത്തുന്നത്.
ക്രിസ്തുമസ്-ന്യൂ ഇയർ അവധിക്കാലം അടുത്തതോടെ കുളു-മണാലിയിലേയ്ക്ക് യാത്ര പ്ലാൻ ചെയ്യുന്നവർ ഏറെയാണ്. മണാലി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യമായ സമയമാണിത്. കാരണം ഒക്ടോബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലത്തെ മഞ്ഞുവീഴ്ചയാണ് പ്രധാന ആകർഷണം. സാധാരണയായി ഡിസംബർ - ജനുവരി മാസങ്ങളിൽ − 5 ഡിഗ്രി സെൽഷ്യസിലേക്ക് വരെ ഇവിടെ താപനില താഴാറുണ്ട്.
ഹിമാലയത്തോട് ചേര്‍ന്നു കിടക്കുന്ന മണാലിയുടെ പ്രകൃതി സൗന്ദര്യം നുകരാനും സാഹസിക വിനോദങ്ങളില്‍ ഏര്‍പ്പെടാനുമാണ് സഞ്ചാരികള്‍ കൂടുതലും ഇവിടെ എത്താറുള്ളത്. ഇന്ത്യയിലെ പ്രശസ്തമായ ഹണിമൂണ്‍ ഡെസ്റ്റിനേഷന്‍ കൂടിയാണ് മണാലി. സാഹസികപ്രിയരുടെ ഇഷ്ട കേന്ദ്രമായ ഇവിടെ വൈറ്റ് വാട്ടര്‍ റാഫ്റ്റിംഗ്, പാരാഗ്ലൈഡിംഗ്, സ്‌കീയിംഗ്, ട്രെക്കിംഗ്, ഹൈക്കിംഗ് തുടങ്ങി നിരവധി സാഹസിക വിനോദങ്ങളുണ്ട്.
മണാലിയിലെത്തിയാൽ സോളാങ് താഴ്വര, ഹഡിംബ പോലെയുള്ള നിരവധി ക്ഷേത്രങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയും ചൂടുള്ള നീരുറവയ്ക്ക് പ്രശസ്തമായ വസിഷ്ഠ് എന്ന ഗ്രാമവും സന്ദർശിക്കാം. ജൂൺ മുതൽ ഒക്ടോബര്‍ വരെയുള്ള സീസണിൽ മണാലിയില്‍ പോകുന്നവര്‍ കാണേണ്ട സ്ഥലമാണ് റോഹ്താങ് പാസ്. മണാലിയിൽ നിന്ന് ഏകദേശം 50 കി.മീ അകലെയാണ് റോഹ്താങ്ങ് പാസ് സ്ഥിതി ചെയ്യുന്നത്. ഇവിടേയ്ക്ക് ടാക്‌സി സര്‍വീസുകള്‍ ലഭ്യമാണ്. 13,050 അടിയോളം ഉയരമുള്ള റോഹ്തങ്ങ് ഈ മേഖലയിലെ ജനങ്ങളെ രാജ്യത്തിന്റെ മറ്റ് ഭാഗമുമായി ബന്ധിപ്പിക്കുന്ന ഏകമാര്‍ഗമാണ്.
മണാലിയില്‍ രണ്ട് പ്രദേശങ്ങളാണ് ഉള്ളത്. മണാലി ടൗണും ഓള്‍ഡ് മണാലിയും. മണാലി ടൗണില്‍ പ്രത്യേകിച്ച് കണ്ടിരിക്കേണ്ടതായി ഒന്നുമില്ല. ഷോപ്പിംഗ് നടത്താനും, ട്രാവല്‍ ഏജന്റുമാരെ കാണാനും മണാലി ടൗണില്‍ പോകാം. ഓള്‍ഡ് മണാലിയാണ് സന്ദര്‍ശകരെ ആകര്‍ഷിക്കുന്ന പ്രധാന സ്ഥലം. ടിബറ്റൻ മാർക്കറ്റ്, മനു മാർക്കറ്റ്, മാൾ റോഡ്, ഹിമാചൽ എംപോറിയം തുടങ്ങി നിരവധി വിപണികൾ ഓൾഡ് മണാലിയിൽ ഉണ്ട്.


