ഔഷധ ഗുണങ്ങളുള്ളതെന്ന് വിശ്വസിക്കപ്പെടുന്ന ഈ വെള്ളച്ചാട്ടം മഴക്കാലത്ത് കൂടുതൽ മനോഹരമാകുന്നു.

മഴ തുടങ്ങിയാൽ പിന്നെ കേരളത്തിലെ വെള്ളച്ചാട്ടങ്ങളിലേക്ക് വിനോദ സഞ്ചാരികളുടെ ഒഴുക്കാണ്. എന്നാൽ പിന്നെ ഈ മഴക്കാലത്ത് കാനന ഭംഗി ആസ്വദിച്ച് ഒരു വെള്ളച്ചാട്ടത്തിൽ മുങ്ങിക്കുളിച്ചാലോ? കൊല്ലം ജില്ലയിലെ പാലരുവി വെള്ളച്ചാട്ടത്തെ കുറിച്ചാണ് പറഞ്ഞു വരുന്നത്. മഴയായാലും വെയിൽ ആയാലും ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന അതിമനോഹരമായ വെള്ളച്ചാട്ടമാണ് പാലരുവി.

കൊല്ലത്ത് നിന്ന് ഏതാണ്ട് 75 കിലോമീറ്റർ അകലെ ആര്യങ്കാവിനടുത്താണ് പാലരുവി സ്ഥിതി ചെയ്യുന്നത്. പേര് പോലെ തന്നെ ഈ വെള്ളച്ചാട്ടം പാറയുടെ മുകളിൽ നിന്ന് പാലൊഴുകി വരുന്ന ഫീലാണ് സഞ്ചാരികൾക്ക് നൽകുന്നത്. 300 അടി ഉയരത്തിലുള്ള പാറക്കെട്ടിന് മുകളിൽ നിന്നാണ് വെള്ളം കുത്തിയൊലിച്ച് എത്തുന്നത്. ഇടതൂർന്ന് കിടക്കുന്ന വനത്തിലൂടെ വേണം പാലരുവിയിലേക്ക് എത്താൻ.

സഹ്യപർ‌വ്വതനിരകളിൽപ്പെട്ട രാജക്കൂപ്പ് മലനിരകളിൽ നിന്നാണ് പാലരുവിയുടെ ഉത്ഭവം. മഞ്ഞുതേരി, കരിനാല്ലത്തിയേഴ്, രാജക്കൂപ്പ് അരുവികൾ സംഗമിച്ചാണ് പാലരുവി വെള്ളച്ചാട്ടം രൂപ്പപ്പെടുന്നത്. രാജവാഴ്ചക്കാലം മുതൽ തന്നെ ഒരു സുഖവാസകേന്ദ്രമായി പാലരുവി അറിയപ്പെട്ടിരുന്നു. ഈ കാലത്തിന്റെ അവശേഷിപ്പുകളായ കുതിരലായവും ഒരു കൽമണ്ഡപവും ഇവിടെ ഇപ്പോഴും നിലനിർത്തിയിയിട്ടുണ്ട്.

പാലരുവി വെള്ളച്ചാട്ടത്തിൽ കുളിച്ചാൽ അസുഖങ്ങൾ ഭേദമാകുമെന്ന് പ്രദേശവാസികൾക്കിടയിൽ ഒരു വിശ്വാസമുണ്ട്. ഈ വിശ്വാസത്തിന് ശാസ്ത്രീയ അടിത്തറയുണ്ടെന്ന് ചില വിദഗ്ദ്ധർ കരുതുന്നു. ഉൾ‌വനങ്ങളിലെ ഔഷധസസ്യങ്ങളെ തഴുകി ഒഴുകി വരുന്ന വെള്ളച്ചാട്ടത്തിന് ഔഷധ ഗുണമുണ്ടാകും എന്നാണ് അവരുടെ വാദം.

ഉയരത്തില്‍ നിന്ന് ചിന്നിച്ചിതറി വരുന്ന ജലകണികള്‍ ആരുടെയും മനംമയക്കുമെന്നതിൽ സംശയം വേണ്ട. കുത്തിയൊഴുകുന്ന പുഴയും പാറക്കെട്ടുകളുമായതിനാല്‍ സന്ദര്‍ശകര്‍ ഏറെ ശ്രദ്ധിക്കണം. മഴക്കാലത്ത്, പെട്ടെന്നുള്ള മഴ പുഴയില്‍ നീരൊഴുക്കും അപകടവും വര്‍ദ്ധിപ്പിക്കുന്ന സ്ഥലമാണ്. വെള്ളച്ചാട്ടം കാണാൻ ടിക്കറ്റെടുക്കണം. 13 വയസ്സിനു മുകളിലുള്ളവർക്ക് 25 രൂപയും കുട്ടികള്‍ക്ക് (5 - 13 വരെ) 10 രൂപയുമാണ് ടിക്കറ്റ് നിരക്ക്.

രാവിലെ 8 മണി മുതല്‍ വൈകുന്നേരം 4 മണി വരെയാണ് പാലരുവിയിലേയ്ക്ക് സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. വിശദ വിവരങ്ങള്‍ക്കായി വന സംരക്ഷണ സമിതിയുടെ +91 475 2211200 എന്ന നമ്പറില്‍ ബന്ധപ്പെടാം. അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍ : കൊല്ലം, ഏകദേശം 75 കി. മീ. അകലെ, അടുത്തുള്ള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, കൊല്ലത്ത് നിന്ന് 72 കി. മീ. അകലെ.