തായ്‌ലൻഡിലുടനീളമുള്ള പ്രദേശങ്ങളിലേക്ക് വിനോദസഞ്ചാരികളെ ആകർഷിക്കുകയാണ് പുതിയ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.  

വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിനായി അമ്പരപ്പിക്കുന്ന നീക്കവുമായി തായ്ലൻഡ്. 2,00,000 വിദേശ സഞ്ചാരികൾക്ക് സൗജന്യ ആഭ്യന്തര വിമാന ടിക്കറ്റുകൾ നൽകാൻ ടൂറിസം, കായിക മന്ത്രാലയം പദ്ധതിയിടുന്നതായാണ് റിപ്പോർട്ട്. മൂന്ന് മാസത്തിനുള്ളിൽ രാജ്യവ്യാപകമായി വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ നീക്കം. തായ് എയർവേയ്‌സ്, തായ് എയർ ഏഷ്യ, ബാങ്കോക്ക് എയർവേയ്‌സ്, നോക്ക് എയർ, തായ് ലയൺ എയർ, തായ് വിയറ്റ്‌ജെറ്റ് എന്നീ ആറ് തായ് വിമാനക്കമ്പനികളിൽ അന്താരാഷ്ട്ര വിമാന ടിക്കറ്റ് കൈവശമുള്ള വിദേശികൾക്ക് 20 കിലോഗ്രാം ബാഗേജുള്ള ഒരു റൗണ്ട് ട്രിപ്പ് ആഭ്യന്തര വിമാന ടിക്കറ്റ് സൗജന്യമായി ക്ലെയിം ചെയ്യാൻ കഴിയുമെന്നും ഇതുവരെ ബാങ്കോക്കിലേയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്യാത്ത വിദേശ സന്ദർശകർക്കുള്ള ഒരു പ്രത്യേക ക്യാമ്പെയ്‌നാണിതെന്നും ടൂറിസം, കായിക മന്ത്രി സൊറാവോങ് തിയെൻതോംഗ് പറഞ്ഞു.

വിനോദസഞ്ചാരികൾ നേരിട്ട് വിമാനക്കമ്പനികളിൽ നിന്നോ ഓൺലൈൻ ട്രാവൽ ഏജന്റുമാരിൽ നിന്നോ അന്താരാഷ്ട്ര വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്യുമ്പോൾ സൗജന്യ ആഭ്യന്തര ടിക്കറ്റുകൾ ലഭിക്കും. തായ്‌ലൻഡിലുടനീളമുള്ള പ്രദേശങ്ങളിലേക്ക്, പ്രത്യേകിച്ച് വലിയ തോതിൽ അന്താരാഷ്ട്ര സഞ്ചാരികളെ ആകർഷിക്കാത്ത പ്രദേശങ്ങളിലേക്ക് സഞ്ചാരികളെ എത്തിക്കാനും ഇതുവഴി ടൂറിസം വരുമാനം വർദ്ധിപ്പിക്കാനും ഈ പദ്ധതി സഹായിക്കുമെന്നാണ് ടൂറിസം, കായിക മന്ത്രാലയത്തിന്റെ പ്രതീക്ഷ. സീസൺ സമയങ്ങളിൽ പലപ്പോഴും തിരക്ക് അനുഭവപ്പെടുന്ന ബാങ്കോക്ക്, ഫുക്കറ്റ് പോലെയുള്ള പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലെ തിരക്ക് ലഘൂകരിക്കാനും ഇതുവഴി സാധിക്കുമെന്നാണ് വിലയിരുത്തൽ. സെപ്റ്റംബർ മുതൽ നവംബർ വരെയാണ് ഈ ക്യാമ്പയിൻ നടക്കുന്നത്. പദ്ധതിയ്ക്ക് ഇനിയും മന്ത്രിസഭയുടെ അംഗീകാരം ആവശ്യമാണ്.

ഓഗസ്റ്റ് 17ലെ കണക്കനുസരിച്ച്, ഈ വർഷം 20.8 ദശലക്ഷം വിദേശ വിനോദസഞ്ചാരികൾ തായ്‌ലൻഡ് സന്ദർശിച്ചു. എന്നാൽ, ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 7% കുറവാണ്. പുതിയ ക്യാമ്പയിൻ ആരംഭിക്കുന്നതോടെ വിനോദസഞ്ചാരികളുടെ വരവിൽ ഗണ്യമായ വർധനവ് ഉണ്ടാകുമെന്നാണ് അധികൃതർ പ്രതീക്ഷിക്കുന്നത്. ഈ വർഷം ആദ്യം ജപ്പാനും സമാനമായ രീതിയിൽ വിനോദസഞ്ചാരികൾക്ക് സൗജന്യ ആഭ്യന്തര വിമാന യാത്രകൾ വാഗ്ദാനം ചെയ്തിരുന്നു.