ബോട്ടിംഗ്, പൂന്തോട്ടം, പാർക്ക്, ഫ്ലോട്ടിംഗ് റെസ്റ്റോറന്റ് തുടങ്ങിയ ആകർഷണങ്ങൾ ഇവിടെയുണ്ട്.
തിരുവനന്തപുരം: കുടുംബത്തോടൊപ്പം അൽപ്പ നേരം ചെലവഴിക്കുകയെന്ന ആഗ്രഹം എല്ലാവര്‍ക്കുമുണ്ടാകും. അതിന് അനുയോജ്യമായ സ്ഥലങ്ങൾ കണ്ടെത്തുകയെന്നതാണ് എല്ലായ്പ്പോഴും തലവേദന സൃഷ്ടിക്കാറുള്ളത്. വലിയ ആളും ബഹളവുമൊന്നും ഇല്ലാത്ത സ്ഥലമാണ് ഭൂരിഭാഗമാളുകളും അന്വേഷിക്കാറുള്ളത്. അത്തരത്തിൽ കുടുംബത്തോടൊപ്പമോ കുട്ടികൾക്കൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ മനോഹരമായ രീതിയിൽ സമയം ചെലവഴിക്കാൻ അനുയോജ്യമായ സ്ഥലമാണ് തിരുവനന്തപുരം ജില്ലയിലെ വേളി ടൂറിസ്റ്റ് വില്ലേജ്.
തിരുവനന്തപുരം നഗരത്തിൽ നിന്ന് 12 കിലോമീറ്റര്‍ അകലെയാണ് വേളി വിനോദ ടൂറിസ്റ്റ് വില്ലേജ് സ്ഥിതി ചെയ്യുന്നത്. ബോട്ടിംഗിനും മറ്റ് ഉല്ലാസ നിമിഷങ്ങള്‍ക്കുമുള്ള സൗകര്യങ്ങള്‍ വേളിയെ സന്ദര്‍ശകരുടെ ഇഷ്ടകേന്ദ്രമാക്കുന്നു. പൂന്തോട്ടം, കുട്ടികള്‍ക്കായുള്ള പാര്‍ക്ക്, പ്രതിമകളുടെ പാര്‍ക്ക്, സ്വയം പെഡല്‍ ചെയ്യാവുന്നതും അല്ലാത്തതുമായ ബോട്ടിംഗ് സൗകര്യങ്ങള്‍ എന്നിവ വേളിയിലുണ്ട്. കെ.റ്റി.ഡി.സി.യുടെ ഉടമസ്ഥതയിലുളള 'ഫ്‌ളോട്ടിംഗ് റെസ്‌റ്റോറന്റും' വേളിയിലെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. ഒരു കപ്പ് ചായയും കുടിച്ച് സൂര്യാസ്തമയം കാണാൻ വേളി ടൂറിസ്റ്റ് വില്ലേജിൽ സൗകര്യമുണ്ട്. ഇവിടെയുള്ള ബീച്ചും അതിമനോഹരമാണ്. രാവിലെ 9 മണി മുതല്‍ വൈകിട്ട് 6 മണി വരെയാണ് ഇവിടുത്തെ സന്ദര്‍ശന സമയം.
എങ്ങനെ എത്താം
അടുത്തുളള റെയില്‍വേ സ്‌റ്റേഷന്‍ : തിരുവനന്തപുരം, 8 കി. മീ.
അടുത്തുളള വിമാനത്താവളം : തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 3 കി. മീ.


