വയനാട്ടിലെത്തിയാൽ പച്ചപ്പ്, കോടമഞ്ഞ്, ബോട്ടിംഗ്, സുഗന്ധവ്യഞ്ജനത്തോട്ടങ്ങൾ എന്നിവ മതിയാവുവോളം ആസ്വദിക്കാം.

ഓണാവധി ആയതിനാൽ കുടുംബത്തോടൊപ്പവും സുഹൃത്തുക്കൾക്കൊപ്പവുമെല്ലാം യാത്രകൾ പ്ലാൻ ചെയ്യുന്ന തിരക്കിലാണോ നിങ്ങൾ? വൺഡേ ട്രിപ്പാണ് ആലോചിക്കുന്നതെങ്കിൽ വയനാട്ടിലേയ്ക്ക് പോകാം. ഒറ്റ ദിവസം കൊണ്ട് പോയി വരാൻ സാധിക്കുന്ന ചില സ്ഥലങ്ങൾ വയനാട്ടിലുണ്ട്. ബോട്ടിം​ഗും സു​ഗന്ധവ്യഞ്ജനത്തോട്ടങ്ങളും പച്ചപ്പും കോടമഞ്ഞുമൊക്കെ ആസ്വദിക്കാൻ മികച്ച സമയമാണിത്. മഴയൊക്കെ കുറഞ്ഞ സാഹചര്യത്തിൽ വയനാട്ടിലേയ്ക്ക് സഞ്ചാരികൾ കൂടുതലായി എത്തുമെന്നാണ് വിലയിരുത്തൽ. വയനാടിന്റെ കവാടമായ വൈത്തിരിയിൽ നിന്ന് ഏറെ അകലെയല്ലാതെ സ്ഥിതി ചെയ്യുന്ന ചില സ്ഥലങ്ങൾ പരിചയപ്പെടാം.

1. കര്‍ലാട് തടാകം

വൈത്തിരിയില്‍ നിന്ന് 8 കി. മീ. അകലെയാണ് മനോഹരമായ കര്‍ലാട് തടാകം സ്ഥിതി ചെയ്യുന്നത്. വയനാട്ടിലെ രണ്ടാമത്തെ വലിയ ശുദ്ധജല തടാകമാണിത്. ബോട്ടിംഗിനും ചൂണ്ടയിടലിനുമെല്ലാം ഇവിടെ സൗകര്യങ്ങളുണ്ട്. ഈ തടാകത്തിനരികിലേക്ക് സാഹസിക നടത്തത്തിനുമുള്ള സാധ്യതകളുള്ളതിനാൽ അഡ്വഞ്ചർ ആക്ടിവിറ്റികളോട് താത്പ്പര്യമുള്ളവർക്കും കർലാടിലേയ്ക്ക് വരാം. കൂടാതെ ഇവിടെ എത്തുന്നവർക്ക് 3 കി.മീ അകലെ ബാണാസുര സാഗർ അണക്കെട്ടും സന്ദർശിക്കാം.

2. ലക്കിടി

കോഴിക്കോട് നിന്ന് 55 കി. മീറ്ററും വൈത്തിരിയില്‍ നിന്ന് വെറും 5 കിലോ മീറ്ററും അകലെയാണ് ലക്കിടിയുള്ളത്. കോഴിക്കോട് - മൈസൂര്‍ പാതയില്‍ താമരശ്ശേരി ചുരം കഴിഞ്ഞാല്‍ ആദ്യത്തെ ജനവാസകേന്ദ്രമാണിത്. വയനാട്ടിലേക്കുള്ള ഈ പ്രവേശനകവാടം മലനിരകളും തോട്ടങ്ങളും വനവും അടങ്ങുന്ന സമ്മിശ്ര പ്രകൃതിയുടെ നേർക്കാഴ്ചകളാണ് തുറന്നിടുന്നത്. സമുദ്ര നിരപ്പില്‍ നിന്ന് 700 മീറ്റര്‍ ഉയരത്തിലുള്ള ഇവിടെ ചെറു അരുവികളുമുണ്ട്. വിദേശികൾക്കും മറ്റ് വിനോദസഞ്ചാരികൾക്കുമെല്ലാം ഇവിടെ താമസ സൗകര്യങ്ങളും ലഭ്യമാണ്. റിസോർട്ടുകളും പ്ലാന്റേഷൻ സ്റ്റേകളും ലക്കിടിയിൽ ധാരാളമുണ്ട്.

3. പൂക്കോട് തടാകം

വൈത്തിരിയില്‍ നിന്ന് 3 കി.മീ മാത്രം അകലെ സ്ഥിതി ചെയ്യുന്ന പൂക്കോട് തടാകത്തിലേയ്ക്ക് നിരവധിയാളുകളാണ് എത്താറുള്ളത്. ഉള്ളിൽ സ്വാഭാവിക വനങ്ങളാല്‍ ചുറ്റപ്പെട്ട ഒരു കൊച്ചു തടാകമാണ് ഇത്. കേരളത്തിലെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ശുദ്ധജല തടാകമെന്ന സവിശേഷതയും പൂക്കോട് തടാകത്തിനുണ്ട്. കയാക്കിംഗ്, വഞ്ചി തുഴയല്‍, പെഡല്‍ ബോട്ടിംഗ്, ശുദ്ധജല അക്വേറിയം, കുട്ടികളുടെ പാര്‍ക്ക്, കരകൗശല, സുഗന്ധ വ്യജ്ഞന വില്പനശാലകള്‍ എന്നിവ ഇവിടെയുണ്ട്. തടാകത്തിനു ചുറ്റുമുള്ള നടപ്പാത സഞ്ചാരികളെ ആകര്‍ഷിക്കും. രാവിലെ 9 മണി മുതൽ വൈകുന്നേരം 5 മണി വരെയാണ് ഇവിടെ പ്രവേശനം അനുവദിക്കുക. 

4. തുഷാരഗിരി വെള്ളച്ചാട്ടം

കോഴിക്കോട് നിന്ന് വരുന്നവർക്ക് വയനാട്ടിലേയ്ക്കുള്ള യാത്രയിൽ സന്ദർശിക്കാൻ സാധിക്കുന്ന മനോഹരമായ ഒരു സ്പോട്ടാണ് തുഷാര​ഗിരി വെള്ളച്ചാട്ടം. കോഴിക്കോട് നിന്ന് 50 കിലോമീറ്റര്‍ അകലെ പശ്ചിമഘട്ട നിരകളുടെ മടിത്തട്ടിലാണ് തുഷാരഗിരി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സെപ്റ്റംബർ മുതൽ നവംബർ വരെയുള്ള മാസങ്ങളാണ് തുഷാരഗിരി സന്ദർശിക്കാൻ ഏറ്റവും അനുയോജ്യം. ഇവിടെ നിന്ന് കാട്ടിലൂടെയുള്ള നടവഴിയിലൂടെ സഞ്ചരിച്ചാൽ വൈത്തിരിയിലെത്താം.