ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് ട്രെയിനിലെ കറങ്ങുന്ന സീറ്റുകൾ, ഭക്ഷണം, ആധുനിക സൗകര്യങ്ങൾ, കുറഞ്ഞ യാത്രാ ചെലവ് എന്നിവ ജർമ്മൻ വ്ലോഗറായ അലക്സാണ്ടർ വെൽഡറെ അമ്പരപ്പിച്ചു. 

ദില്ലി: ഇന്ത്യയുടെ സ്വന്തം വന്ദേ ഭാരത് ട്രെയിനുകളിലെ സൗകര്യങ്ങൾ കണ്ട് അമ്പരന്ന് ജർമ്മൻ സഞ്ചാരി. അലക്സാണ്ടർ വെൽഡർ എന്ന വ്ലോ​ഗറാണ് വന്ദേ ഭാരത് ട്രെയിനിന്റെ എക്സിക്യൂട്ടീവ് ക്ലാസിൽ യാത്ര ചെയ്തത്. ട്രെയിനിലെ സൗകര്യങ്ങളെ കുറിച്ച് അദ്ദേഹം പങ്കുവെച്ച കാര്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്. ‘ഇന്ത്യയിലെ ഏറ്റവും ആധുനികമായ ട്രെയിൻ’ എന്നാണ് അലക്സാണ്ടർ വന്ദേ ഭാരതിനെ പരിചയപ്പെടുത്തിയത്.

വന്ദേ ഭാരതിന്റെ എക്സിക്യൂട്ടീവ് ക്ലാസിലേയ്ക്ക് കയറിയപ്പോൾ തന്നെ സീറ്റുകളുടെ സജ്ജീകരണത്തിൽ അലക്സാണ്ടർ ആകൃഷ്ടനായി. ജാപ്പനീസ് അല്ലെങ്കിൽ ചൈനീസ് ഹൈ സ്പീഡ് ട്രെയിനുകളിൽ കാണപ്പെടുന്ന സീറ്റുകളോടാണ് അലക്സാണ്ടർ വന്ദേ ഭാരതിനെ താരതമ്യം ചെയ്തത്. ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റ് അദ്ദേഹത്തെ അത്ഭുതപ്പെടുത്തി. അതിൽ ഒരു വലിയ സ്യൂട്ട്കേസ് എങ്ങനെ എളുപ്പത്തിൽ വെയ്ക്കാമെന്ന് അദ്ദേഹം വീഡിയോയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്.

സീറ്റുകൾ ജനാലയ്ക്ക് അഭിമുഖമായി തിരിക്കാൻ കഴിയുമെന്നതാണ് അലക്സാണ്ടറിന് ഏറെ രസകരമായി തോന്നിയത്. ട്രെയിൻ യാത്രയ്ക്കിടെ അദ്ദേഹവും കൂട്ടാളിയും തമാശയായി സീറ്റുകൾ തിരിക്കുന്നത് വീഡിയോയിൽ കാണാം. ട്രെയിനിലെ വ്യത്യസ്ത തരം ടോയ്‌ലറ്റുകളെക്കുറിച്ചും അദ്ദേഹം സംസാരിക്കുന്നുണ്ട്. ഇതിന് ശേഷം വന്ദേ ഭാരത് എക്സിക്യൂട്ടീവ് ക്ലാസ്സിലെ ഭക്ഷണം എങ്ങനെയുണ്ടെന്നും അലക്സാണ്ടർ കാണിക്കുന്നുണ്ട്. ചപ്പാത്തി, കറി, ഐസ്ക്രീം തുടങ്ങിയ നീണ്ട നിര തന്നെ വീഡിയോയിൽ കാണാം. ‌അഞ്ചര മണിക്കൂർ യാത്രയ്ക്ക് ഭക്ഷണം ഉൾപ്പെടെ വെറും 2,100 രൂപ മാത്രമാണ് ചെലവായതെന്ന് അലക്സാണ്ടർ അത്ഭുതത്തോടെ വെളിപ്പെടുത്തി.

View post on Instagram

നിരവധി ആളുകളാണ് വീഡിയോയ്ക്ക് താഴെ കമന്റുകളുമായി എത്തിയത്. ‘ലോകമെമ്പാടുമുള്ള ഞങ്ങളുടെ അതിഥികൾ ഞങ്ങളുടെ സൗകര്യങ്ങൾ എന്തുതന്നെയായാലും അവ ആസ്വദിക്കുമ്പോൾ വളരെ സന്തോഷം തോന്നുന്നു. അതിഥി ദേവോ ഭവഃ!’ എന്നായിരുന്നു ഒരു ഉപയോക്താവിന്റെ പ്രതികരണം. യൂറോപ്പുമായി താരതമ്യപ്പെടുത്തുമ്പോൾ വന്ദേ ഭാരതിൽ ചെലവ് വളരെ കുറവാണെന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം. യുഎസിൽ 150 ഡോളറിൽ കൂടുതൽ വരുമെന്നായി ചിലർ. മഹാരാജാസ് എക്സ്പ്രസ്, പാലസ് ഓൺ വീൽസ്, ഗോൾഡൻ ചാരിയറ്റ്, ഡെക്കാൻ ഒഡീസി എന്നിവ പരീക്ഷിച്ചു നോക്കണമെന്ന് ഒരു ഉപയോക്താവ് അലക്സാണ്ടറോട് നിർദ്ദേശിച്ചു.