സംസ്ഥാന ടൂറിസം വകുപ്പിന്‍റെ നേതൃത്വത്തില്‍ ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കും. മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: ആയുര്‍വേദത്തിന്‍റെയും വെല്‍നസിന്‍റെയും ആഗോള കേന്ദ്രമെന്ന നിലയില്‍ കേരളത്തിന്‍റെ സ്ഥാനം ഉയര്‍ത്തിക്കാട്ടുന്നത് ലക്ഷ്യമിട്ടുള്ള ആദ്യ അന്താരാഷ്ട്ര ആയുര്‍വേദ, വെല്‍നസ് കോണ്‍ക്ലേവ് ഫെബ്രുവരി 2, 3 തീയതികളില്‍ കോഴിക്കോട് നടക്കും. ആയുര്‍വേദ പ്രൊമോഷന്‍ സൊസൈറ്റി (എപിഎസ്), അനുബന്ധ ടൂറിസം/ആരോഗ്യ സംഘടനകള്‍ എന്നിവയുമായി സഹകരിച്ച് സംസ്ഥാന ടൂറിസം വകുപ്പാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്.

ആയുര്‍വേദ പണ്ഡിതര്‍, ആഗോള വെല്‍നസ് വിദഗ്ധര്‍, നയരൂപീകര്‍ത്താക്കള്‍, അക്കാദമിക് വിദഗ്ധര്‍, വ്യവസായ നേതാക്കള്‍, ട്രാവല്‍- വ്യാപാര പ്രൊഫഷണലുകള്‍, അന്താരാഷ്ട്ര പങ്കാളികള്‍ എന്നിവരെ കോണ്‍ക്ലേവ് ഒരുമിച്ച് കൊണ്ടുവരും. വിജ്ഞാന സഹകരണം, നയരൂപീകരണം, ബി2ബി നെറ്റ് വര്‍ക്കിംഗ്, ആഗോള സഹകരണം എന്നിവയ്ക്കുള്ള വേദിയായി കോണ്‍ക്ലേവ് മാറും. ലോകത്തിലെ ഏറ്റവും മികച്ച ആയുര്‍വേദ- സമഗ്ര വെല്‍നസ് ടൂറിസകേന്ദ്രമായി കേരളത്തെ ഉയര്‍ത്തിക്കാട്ടാന്‍ ഇതിലൂടെ സാധിക്കും.

കേരളത്തില്‍ നിന്നുള്ള 100 സെല്ലര്‍മാര്‍, 120 അന്താരാഷ്ട്ര ഏജന്‍റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 ഇന്ത്യന്‍ ഏജന്‍റുമാര്‍/ഓപ്പറേറ്റര്‍മാര്‍, 30 യോഗ ഓപ്പറേറ്റര്‍മാര്‍, 30 അന്താരാഷ്ട്ര-20 ഇന്ത്യന്‍ ബ്ലോഗര്‍മാര്‍, മാധ്യമ പ്രതിനിധികള്‍ എന്നിവര്‍ക്കിടയില്‍ ബി2ബി നെറ്റ്വര്‍ക്കിംഗിന് കോണ്‍ക്ലേവ് അവസരമൊരുക്കും. മെഡിക്കല്‍ വാല്യു ട്രാവല്‍, വെല്‍നസ് റിട്രീറ്റുകള്‍, ആയുര്‍വേദത്തിലൂടെയുള്ള ആരോഗ്യ സംരക്ഷണം, യോഗ ടൂറിസം എന്നിവയില്‍ കേരളത്തിന്‍റെ സ്ഥാനം ശക്തിപ്പെടുത്തുന്നതിലും ഇത് ശ്രദ്ധ കേന്ദ്രീകരിക്കും.

കോണ്‍ക്ലേവിന്‍റെ ഒന്നാം ദിവസം (ഫെബ്രുവരി 2) 'ആയുര്‍വേദത്തിലെ ആഗോള വിപണി പ്രവണതകള്‍, ആയുര്‍വേദത്തെയും യോഗയെയും വെല്‍നസ് ടൂറിസത്തിലേക്ക് സംയോജിപ്പിക്കല്‍, ആയുര്‍വേദത്തിലെ ഗവേഷണവും അന്താരാഷ്ട്ര സ്വീകാര്യതയും, മെഡിക്കല്‍ വാല്യു ട്രാവലും ആയുര്‍വേദവും' എന്നീ വിഷയങ്ങളില്‍ സെഷനുകള്‍ ഉണ്ടാകും. കോണ്‍ക്ലേവിന്‍റെ രണ്ടാം ദിവസം (ഫെബ്രുവരി 3) 150 അന്താരാഷ്ട്ര-ആഭ്യന്തര ബയേഴ്സിനേയും കേരളത്തില്‍ നിന്നുള്ള 100 ആയുര്‍വേദ സേവന ദാതാക്കളെയും ബന്ധിപ്പിക്കുന്ന ബി2ബി പരിപാടി നടക്കും.

കോണ്‍ക്ലേവിന്‍റെ ഭാഗമായെത്തുന്ന പ്രതിനിധികള്‍ക്കായി ഫെബ്രുവരി 4 ന് കോഴിക്കോട് നിന്ന് ആരംഭിച്ച് ഫെബ്രുവരി 12 ന് തിരുവനന്തപുരത്ത് അവസാനിക്കുന്ന വിധത്തില്‍ പഠന-വിനോദയാത്രയും ആസൂത്രണം ചെയ്തിട്ടുണ്ട്. ഇതിന്‍റെ ഭാഗമായി ആയുര്‍വേദ റിസോര്‍ട്ടുകള്‍, വെല്‍നസ് റിട്രീറ്റുകള്‍, യോഗ ഡെസ്റ്റിനേഷനുകള്‍, ആയുര്‍വേദ ആശുപത്രികള്‍, സംസ്ഥാനത്തുടനീളമുള്ള ആയുര്‍വേദ നിര്‍മ്മാണ കേന്ദ്രങ്ങള്‍ തുടങ്ങിയവ പ്രതിനിധികള്‍ സന്ദര്‍ശിക്കും. കേരള കലാമണ്ഡലം, കൊച്ചി മുസിരിസ് ബിനാലെ, കൊച്ചി പോര്‍ട്ട് ക്രൂയിസ് തുടങ്ങിയ സാംസ്കാരിക, പൈതൃക ഇടങ്ങളും സന്ദര്‍ശിക്കാനാകും. കേരളത്തിന്‍റെ ആയുര്‍വേദ, വെല്‍നെസ്, സാംസ്കാരിക ആവാസവ്യവസ്ഥകളെക്കുറിച്ച് അന്താരാഷ്ട്ര പ്രതിനിധികള്‍ക്ക് സമഗ്രവിവരം നൽകാന്‍ ഇതിലൂടെ സാധിക്കും.

മെഡിക്കല്‍ വാല്യു ട്രാവല്‍, സുസ്ഥിര വെല്‍നസ് ടൂറിസം എന്നിവയിലെ കേരളത്തിന്‍റെ സാധ്യതകള്‍ തുറന്നുകാട്ടാന്‍ കോണ്‍ക്ലേവിലെ നയസംഭാഷണങ്ങള്‍, ആഗോള നെറ്റ് വര്‍ക്കിംഗ്, ശാസ്ത്ര സെഷനുകള്‍, വന്‍തോതിലുള്ള വ്യാപാര ഇടപെടലുകള്‍ തുടങ്ങിയവ സഹായകമാകും.