പശ്ചിമേഷ്യൻ മേഖലയിലെ സംഘർഷം ടൂറിസം മേഖലയെ തളർത്തിയതോടെ ഗൾഫ് രാജ്യങ്ങൾ ഇന്ത്യയെ ആശ്രയിച്ച് തിരിച്ചുവരവിന് ഒരുങ്ങുകയാണ്. ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ യു.എ.ഇ, സൗദി അറേബ്യ, ഒമാൻ, ഖത്തർ തുടങ്ങിയ രാജ്യങ്ങൾ പ്രത്യേക യാത്രാ ഓഫറുകളും, ഹോട്ടൽ ഇളവുകളും, പുതിയ വിമാന സർവീസുകളും പ്രഖ്യാപിച്ചിട്ടുണ്ട്. 

ശ്ചിമേഷ്യൻ മേഖലയിൽ മാസങ്ങളോളം നീണ്ടുനിന്ന സംഘർഷം ടൂറിസം മേഖലയെ തളർത്തിയതോടെ ഇന്ത്യയെ ആശ്രയിച്ച് തിരിച്ചുവരവിന് ഒരുങ്ങുകയാണ് ഗൾഫ് രാജ്യങ്ങൾ. യു.എ.ഇ., സൗദി അറേബ്യ, ഒമാൻ, ഖത്തർ, അബുദാബി എന്നിവിടങ്ങൾ ഇന്ത്യൻ വിനോദസഞ്ചാരികളെ ആകർഷിക്കാൻ പ്രത്യേക യാത്രാ ഓഫറുകളും ഹോട്ടൽ ഇളവുകളും പുതിയ പ്രചാരണ പരിപാടികളും പ്രഖ്യാപിച്ചു. വിമാന സർവീസുകളുടെ എണ്ണം വർധിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അമേരിക്ക–ഇറാൻ സംഘർഷത്തിനുശേഷവും ഇന്ത്യയിൽ നിന്നുള്ള യാത്രാ ഡിമാൻഡിൽ കാര്യമായ കുറവില്ലെന്നാണ് ടൂറിസം മേഖലയിലെ വിലയിരുത്തൽ. ഇതോടെയാണ് ഇന്ത്യയെ ഏറ്റവും പ്രധാനപ്പെട്ട ടൂറിസം വിപണികളിലൊന്നായി കണ്ട് വിവിധ രാജ്യങ്ങൾ പ്രചാരണം ശക്തമാക്കുന്നത്.

യു.എ.ഇയിലെ റാസ് അൽ ഖൈമ 2030ഓടെ പ്രതിവർഷം 35 ലക്ഷം സന്ദർശകരെ ലക്ഷ്യമിടുന്നുണ്ട്. ഈ ലക്ഷ്യം കൈവരിക്കുന്നതിൽ ഇന്ത്യ നിർണായക പങ്കുവഹിക്കുമെന്നാണ് ടൂറിസം അധികൃതരുടെ പ്രതീക്ഷ. 2026 മെയ് മാസത്തിൽ ഇന്ത്യയിൽ നിന്നുള്ള സന്ദർശകരുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 27.5 ശതമാനം വർധിച്ചു. അഞ്ച് രാത്രി താമസിച്ചാൽ നാല് രാത്രിയുടെ നിരക്ക് മാത്രം ഈടാക്കൽ, സൗജന്യ റൂം അപ്ഗ്രേഡ്, 'കിഡ്‍സ് ഗോ ഫ്രീ' ഉൾപ്പെടെയുള്ള പ്രത്യേക ഓഫറുകളും ഹോട്ടലുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ത്യൻ ഡെസ്റ്റിനേഷൻ വെഡിംഗ് വിപണിയെയും ലക്ഷ്യമിട്ടാണ് പുതിയ പദ്ധതികൾ.

സൗദി അറേബ്യയും ഇന്ത്യയുമായുള്ള വ്യോമബന്ധം കൂടുതൽ ശക്തമാക്കുകയാണ്. ഹൈദരാബാദിൽ നിന്ന് പുതിയ സർവീസ് ആരംഭിച്ചതിന് പിന്നാലെ ഓഗസ്റ്റ് നാല് മുതൽ റിയാദ്–മുംബൈ സർവീസും ആരംഭിക്കും. തിരഞ്ഞെടുക്കപ്പെട്ട റിസോർട്ടുകളിൽ 25 ശതമാനം വരെ വിലക്കിഴിവ്, സൗജന്യ പ്രഭാതഭക്ഷണം, കുട്ടികൾക്ക് സൗജന്യ താമസവും ഭക്ഷണവും ഉൾപ്പെടെയുള്ള വേനൽക്കാല ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.

ഒമാനും ഇന്ത്യൻ വിപണിയിൽ മികച്ച വളർച്ചയാണ് രേഖപ്പെടുത്തുന്നത്. 2026 ജനുവരി മുതൽ മേയ് വരെ 3.31 ലക്ഷം ഇന്ത്യക്കാർ ഒമാൻ സന്ദർശിച്ചതായി അധികൃതർ അറിയിച്ചു. ഇത് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 36 ശതമാനം കൂടുതലാണ്. ഇന്ത്യയിലെ പത്തിലധികം നഗരങ്ങളിൽ നിന്ന് മസ്കറ്റിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകളും ധോഫാറിലെ 'ഖരീഫ്' മൺസൂൺ ടൂറിസം സീസണും ഇന്ത്യൻ സഞ്ചാരികളെ ലക്ഷ്യമിട്ട് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

ഖത്തറും ട്രാൻസിറ്റ് യാത്രക്കാരെ ലക്ഷ്യമിട്ട് കുറഞ്ഞ നിരക്കിലുള്ള സ്റ്റോപ്പോവർ പാക്കേജുകൾ അവതരിപ്പിച്ചിട്ടുണ്ട്. 24, 48, 96 മണിക്കൂർ താമസ സൗകര്യത്തോടൊപ്പം മ്യൂസിയങ്ങൾ, മരുഭൂമി സഫാരി, സാംസ്കാരിക കേന്ദ്രങ്ങൾ എന്നിവ സന്ദർശിക്കാനുള്ള അവസരമാണ് ഒരുക്കിയിരിക്കുന്നത്. അബുദാബിയും ഇന്ത്യൻ ട്രാവൽ ഏജൻസികളുമായി സഹകരണം ശക്തമാക്കി കൂടുതൽ വിമാന സർവീസുകളും വർഷം മുഴുവൻ പ്രത്യേക പ്രചാരണ പരിപാടികളും ഒരുക്കാനാണ് പദ്ധതിയിടുന്നത്. പശ്ചിമേഷ്യൻ ടൂറിസം മേഖലയിലെ തിരിച്ചുവരവിൽ ഇന്ത്യൻ സഞ്ചാരികൾ നിർണായക ശക്തിയാകുമെന്ന പ്രതീക്ഷയിലാണ് മേഖലയിലെ രാജ്യങ്ങൾ.