തായ്‌വാനിലെ പ്രമുഖ വിമാനക്കമ്പനിയായ ഇവിഎ എയർ, 2026 ഡിസംബറോടെ തായ്പെയും ന്യൂഡൽഹിയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാൻ ഒരുങ്ങുന്നു. ഈ പുതിയ റൂട്ട് ഇന്ത്യ, തായ്‌വാൻ, വടക്കേ അമേരിക്ക എന്നിവിടങ്ങൾക്കിടയിലുള്ള യാത്രകൾ സുഗമമാക്കുകയും ഡൽഹിയെ ഒരു പ്രധാന ട്രാൻസിറ്റ് ഹബ്ബാക്കി മാറ്റാൻ ലക്ഷ്യമിടുകയും ചെയ്യുന്നു.

ന്ത്യയിലേക്കും വടക്കേ അമേരിക്കയിലേക്കും യാത്ര ചെയ്യുന്ന യാത്രക്കാർക്ക് കൂടുതൽ സൗകര്യമൊരുക്കുന്ന സുപ്രധാന പ്രഖ്യാപനവുമായി തായ്‌വാനിലെ പ്രമുഖ വിമാനക്കമ്പനിയായ ഇവിഎ എയർ (EVA Air). 2026 ഡിസംബറോടെ തായ്പെയും ന്യൂഡൽഹിയും തമ്മിൽ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. പുതിയ സർവീസ് നിലവിൽ വരുന്നതോടെ ഇന്ത്യ, തായ്‌വാൻ, വടക്കേ അമേരിക്ക എന്നിവിടങ്ങൾക്കിടയിലെ ദീർഘദൂര യാത്രകൾ കൂടുതൽ എളുപ്പവും വേഗത്തിലുമാകുമെന്നാണ് വിലയിരുത്തൽ.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

പുതിയ റൂട്ടിലൂടെ ഡൽഹിയെ ഒരു പ്രധാന അന്താരാഷ്ട്ര ട്രാൻസിറ്റ് ഹബ്ബായി കൂടുതൽ ശക്തിപ്പെടുത്താനും കമ്പനിക്ക് ലക്ഷ്യമുണ്ട്. പ്രത്യേകിച്ച് ഇന്ത്യയിൽ നിന്ന് അമേരിക്കയിലേക്കും കാനഡയിലേക്കും യാത്ര ചെയ്യുന്നവർക്ക് തായ്പെ വഴിയുള്ള കണക്റ്റിംഗ് സർവീസുകൾ കൂടുതൽ സുഗമമാക്കാനാണ് പദ്ധതി.

സർവീസ് ആരംഭിച്ചതിന് ശേഷം തായ്പെയിൽ നിന്ന് ലോസ് ആഞ്ചലസ്, സിയാറ്റിൽ ഉൾപ്പെടെയുള്ള അമേരിക്കൻ നഗരങ്ങളിലേക്കുള്ള ഇവിഎ എയറിന്റെ നിലവിലെ സർവീസുകളുമായി പുതിയ ഡൽഹി റൂട്ട് ബന്ധിപ്പിക്കും. ഇതുവഴി ട്രാൻസിറ്റ് യാത്രക്കാർക്ക് കുറഞ്ഞ കാത്തിരിപ്പോടെ ലക്ഷ്യസ്ഥാനങ്ങളിലെത്താൻ സാധിക്കും. വടക്കേ അമേരിക്ക-ദക്ഷിണേഷ്യ ട്രാൻസിറ്റ് വിപണിയിൽ കൂടുതൽ സാന്നിധ്യം ഉറപ്പിക്കുകയെന്ന ലക്ഷ്യവും പുതിയ സർവീസിന് പിന്നിലുണ്ട്. നിലവിൽ ഈ മേഖലയിൽ കാത്തേ പസഫിക്, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ വിമാനക്കമ്പനികളാണ് ശക്തമായ സാന്നിധ്യമുള്ളത്. പുതിയ ഡൽഹി റൂട്ടിലൂടെ ഈ വിപണിയിൽ കൂടുതൽ മത്സരക്ഷമമാകാനാണ് ഇവിഎ എയറിന്റെ നീക്കം.

തായ്പെ ടൈംസ് റിപ്പോർട്ട് പ്രകാരം, ഇവിഎ എയറിന്റെ യാത്രക്കാരിൽ നിന്നുള്ള വരുമാനത്തിന്റെ ഏകദേശം 40 ശതമാനവും ചരക്ക് ഗതാഗത വരുമാനത്തിന്റെ 70 ശതമാനവും വടക്കേ അമേരിക്കൻ വിപണിയിൽ നിന്നാണ് ലഭിക്കുന്നത്. നിലവിൽ ന്യൂയോർക്ക്, ഷിക്കാഗോ, സാൻ ഫ്രാൻസിസ്കോ, ടൊറന്റോ, വാഷിങ്ടൺ ഉൾപ്പെടെ 10 പ്രധാന നഗരങ്ങളിലേക്ക് കമ്പനി ആഴ്ചയിൽ 98 റൗണ്ട് ട്രിപ്പ് സർവീസുകൾ നടത്തുന്നുണ്ട്. തായ്‌വാനിലെ വിമാനക്കമ്പനികളിൽ വടക്കേ അമേരിക്കയിലേക്കുള്ള ഏറ്റവും ശക്തമായ ശൃംഖലകളിലൊന്നാണ് ഇവിഎ എയറിനുള്ളത്.

ഇന്ത്യയും വടക്കേ അമേരിക്കയും തമ്മിലുള്ള വർധിച്ചുവരുന്ന ട്രാൻസിറ്റ് യാത്രാ ആവശ്യകത നിറവേറ്റാൻ ഡൽഹിയുടെ തന്ത്രപ്രധാനമായ ഭൂമിശാസ്ത്രപരമായ സ്ഥാനം സഹായിക്കുമെന്ന് ഡൽഹിയിലേക്കുള്ള പുതിയ സർവീസിനെക്കുറിച്ച് സംസാരിച്ച ഇവിഎ എയർ പ്രസിഡന്റ് സൺ ചിയാ-മിംഗ് അഭിപ്രായപ്പെട്ടു. പുതിയ നേരിട്ടുള്ള വിമാന സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യയും തായ്‌വാനും തമ്മിലുള്ള വിനോദസഞ്ചാരത്തിനും വ്യാപാര-ബിസിനസ് ബന്ധങ്ങൾക്കും വിദ്യാഭ്യാസ ആവശ്യങ്ങൾക്കുമായി യാത്ര ചെയ്യുന്നവർക്കും വലിയ ഗുണം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൂടാതെ തായ്പെ വഴി അമേരിക്കയിലേക്കും കാനഡയിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യൻ യാത്രക്കാർക്ക് കൂടുതൽ സൗകര്യപ്രദമായ കണക്റ്റിവിറ്റിയും ലഭ്യമാകും. 2026 അവസാനത്തോടെ സർവീസ് ആരംഭിക്കുന്നതോടെ ഇന്ത്യ-തായ്‌വാൻ വ്യോമഗതാഗത രംഗത്ത് ഇത് ശ്രദ്ധേയമായ മുന്നേറ്റമായി മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.