കേരളത്തിൽ ഉടൻ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന പുത്തൻ ബസുകളുടെ ചിത്രങ്ങൾ കെഎസ്ആർടിസി പുറത്തുവിട്ടു.
തിരുവനന്തപുരം: യാത്രക്കാർക്ക് ഓണ സമ്മാനവുമായി കെഎസ്ആര്‍ടിസി. കേരളത്തിൽ ഉടൻ നിരത്തിലിറങ്ങാൻ തയ്യാറെടുക്കുന്ന പുത്തൻ ബസുകളുടെ ചിത്രങ്ങൾ കെഎസ്ആര്‍ടിസി പുറത്തുവിട്ടു. ഇന്ത്യയുടെ ത്രിവര്‍ണ പതാകയുടെ നിറങ്ങളിലാണ് ബസുകൾ എത്തുക. പിൻഭാഗത്ത് കഥകളിയുടെ ചിത്രവും നൽകിയിട്ടുണ്ട്. നിലവിൽ ബസുകൾ അവസാനവട്ട മിനുക്ക് പണികളിലാണ്.
ബസുകളുടെ ചിത്രങ്ങൾക്ക് ജനങ്ങളിൽ നിന്ന് സമ്മിശ്രാഭിപ്രായമാണ് ലഭിക്കുന്നത്. കളര്‍ കോഡ‍് മികച്ചതാണെന്നും ശരിയായില്ലെന്നും അഭിപ്രായപ്പെടുന്നവരുണ്ട്. ഇന്ത്യൻ പതാകയുടെ നിറം നൽകിയത് മികച്ച തീരുമാനമെന്നാണ് പലരും പറയുന്നത്. എന്നാൽ, ഇത്തരം നിറങ്ങളിലുള്ള ബസുകളിലേയ്ക്ക് മറ്റ് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ശ്രദ്ധ പതിയുമെന്ന ആശങ്ക ചിലയാളുകൾ പങ്കുവെച്ചിട്ടുണ്ട്. എന്തൊക്കെ കൊണ്ട് വന്നാലും ആ പഴയ പെയിന്റ് കണ്ടാൽ ഉണ്ടാകുന്ന ഒരു ഫീലിംഗ് ഒന്ന് വേറെ തന്നെയാണെന്ന് പറയുന്നവരുമുണ്ട്. പഴയ കളറിലുള്ള കെഎസ്ആര്‍ടിസി ബസുകൾ അന്യ നാട്ടിൽ നമ്മുടെ മുമ്പിലൂടെ പോകുമ്പോൾ ഉണ്ടാകുന്ന വികാരം വേറെ ഏത് പെയിന്റിനും കിട്ടില്ലെന്നാണ് കമന്റുകൾ.
ഇതിന് പുറമെ, കെഎസ്ആര്‍ടിസിയുടെ143 പുത്തൻ ബസുകൾ ഓഗസ്റ്റ് 23 ന് ഫ്ലാഗ് ഓഫ് ചെയ്യുന്നുണ്ട്. ടാറ്റാ കമ്പനിയുടെ 60 സൂപ്പർ ഫാസ്റ്റ്, 20 ഫാസ്റ്റ് പാസഞ്ചർ ബസുകളാണ് ഉടൻ നിരത്തിൽ എത്തുക. 10 എസി സ്ലീപ്പർ കം സീറ്റർ, 8 എസി സെമി സ്ലീപ്പർ ബസുകൾ അശോക് ലെയ്ലൻഡ് ആണ് നിരത്തിൽ എത്തിക്കുന്നത്. ഓർഡിനറി സർവീസിന് വേണ്ടി 9 മീറ്റർ നീളമുള്ള 37 ചെറിയ ബസുകളും ഉടൻ എത്തുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു.


