പാർലമെന്ററി അലവൻസുകളെ ചൊല്ലി പ്രതിഷേധം ശക്തമാകുന്നതിനിടെ രാജ്യത്തേയ്ക്ക് സഞ്ചാരികളെ സ്വാഗതം ചെയ്ത് ഇന്തോനേഷ്യൻ ടൂറിസം മന്ത്രാലയം.
ജനപ്രിയ ആഗോള വിനോദസഞ്ചാര കേന്ദ്രമായ ഇന്തോനേഷ്യയിൽ പ്രതിഷേധം. ജീവിതച്ചെലവ്, പാർലമെന്ററി അലവൻസുകൾ എന്നിവയെച്ചൊല്ലി നടക്കുന്ന പ്രതിഷേധ പ്രകടനങ്ങൾ പലപ്പോഴും അക്രമാസക്തമായി മാറുകയാണ്. നിരവധി നഗരങ്ങളിലെ പ്രകടനങ്ങൾ പൊതുമുതൽ നശിപ്പിക്കുന്നതിലേയ്ക്കും സുരക്ഷാ സംവിധാനങ്ങൾക്ക് വെല്ലുവിളി ഉയർത്തുന്നതിലേയ്ക്കും വഴിമാറിയിരുന്നു. എന്നാൽ, പ്രതിഷേധം കനക്കുന്നതിനിടയിലും രാജ്യത്തേയ്ക്ക് സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഇന്തോനേഷ്യൻ റിപ്പബ്ലിക്കിന്റെ ടൂറിസം മന്ത്രാലയം.
രാജ്യത്തുടനീളമുള്ള എല്ലാ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളും തുറന്നിരിക്കുകയാണെന്ന് ടൂറിസം മന്ത്രാലയം അറിയിച്ചു. സഞ്ചാരികൾക്ക് സുരക്ഷിതവും അവിസ്മരണീയവുമായ ഒരു യാത്രാനുഭവം നൽകാൻ സർക്കാർ പൂർണ്ണമായും പ്രതിജ്ഞാബദ്ധരാണ്. എല്ലാ സന്ദർശകരും ശാന്തത പാലിക്കണമെന്നും ഇന്തോനേഷ്യയിലെ താമസം ആത്മവിശ്വാസത്തോടെ ആസ്വദിക്കണമെന്നും ആവശ്യപ്പെടുന്നു. ക്രമസമാധാനം നിലനിർത്തുന്നതിനും എല്ലാ പൗരന്മാരുടെയും സന്ദർശകരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനും ഇന്തോനേഷ്യൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും ടൂറിസം മന്ത്രാലയം അറിയിച്ചു. അടിയന്തര സഹായത്തിനായി ടൂറിസം മന്ത്രാലയം 24x7 ഹോട്ട്‌ലൈനുകൾ പങ്കുവെച്ചിട്ടുണ്ട്.
- ഹാലോ വണ്ടർഫുൾ (ടൂറിസം മന്ത്രാലയം): +62 811-895-6767; +62 21-3838-000
- പൊലീസ്: 110/112
- അഗ്നിശമന വകുപ്പ്: 113/1131
- ആംബുലൻസ്: 118/119
- സെർച്ച് ആൻഡ് റെസ്ക്യൂ: 115
പ്രതിനിധി സഭയിലെ 580 അംഗങ്ങൾക്കും ശമ്പളത്തിന് പുറമേ 50 മില്യൺ റുപിയ (3,075 ഡോളർ / 2,71,526 രൂപ) പ്രതിമാസ ഭവന അലവൻസ് ലഭിക്കുന്നുണ്ടെന്ന് അടുത്തിടെ ചില റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യമെമ്പാടും പൊതുജന രോഷം ഉയർന്നത്. കഴിഞ്ഞ വർഷം അവതരിപ്പിച്ച ഈ അലവൻസ് ജക്കാർത്തയിലെ ഏറ്റവും കുറഞ്ഞ വേതനത്തിന്റെ ഏകദേശം 10 ഇരട്ടിയാണെന്ന് അസോസിയേറ്റഡ് പ്രസ് റിപ്പോർട്ട് ചെയ്യുന്നു. ഉയർന്ന ചെലവുകൾ, നികുതികൾ, തൊഴിലില്ലായ്മ എന്നിവ കാരണം പൊതുജനങ്ങൾ ബുദ്ധിമുട്ട് അനുഭവിക്കുന്ന സമയത്താണ് പ്രതിനിധി സഭയിലെ അംഗങ്ങൾക്ക് അമിതമായ ആനുകൂല്യം നൽകുന്നതെന്ന വിമർശനമാണ് ഉയരുന്നത്.


