നംബിയോയുടെ കൺട്രി 2025 മിഡ്-ഇയർ സേഫ്റ്റി ഇൻഡക്സ് പ്രകാരം യുഎഇ 85.2 പോയിന്റ് നേടി ഒന്നാം സ്ഥാനത്തെത്തി.
ലോകത്തിലെ ഏറ്റവും സുരക്ഷിതമായ രാജ്യങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തി യുഎഇ. നംബിയോയുടെ കൺട്രി 2025 മിഡ്-ഇയർ സേഫ്റ്റി ഇൻഡക്സ് പ്രകാരം യുഎഇ 85.2 പോയിന്റ് നേടി. 167 രാജ്യങ്ങളെ പിന്നിലാക്കിയാണ് യുഎഇ ഒന്നാം സ്ഥാനം നേടിയത്.
ഈ വർഷം മാർച്ചിൽ നംബിയോയുടെ സുരക്ഷാ സൂചികയിൽ യുഎഇ രണ്ടാം സ്ഥാനത്തായിരുന്നു. അൻഡോറയെ മറികടന്നാണ് യുഎഇ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. 84.8 പോയിന്റുള്ള അൻഡോറയാണ് നിലവിൽ രണ്ടാം സ്ഥാനത്ത്. ഖത്തർ (84.6), തായ്‌വാൻ (83.0), മക്കാവോ (81.8) എന്നിവ ആദ്യ അഞ്ച് സ്ഥാനങ്ങളിൽ ഇടംപിടിച്ചു. ജിസിസി രാജ്യങ്ങളുടെ ശക്തമായ സാന്നിധ്യമാണ് പട്ടികയുടെ പ്രധാന സവിശേഷത. യുഎഇ, ഖത്തർ എന്നീ രാജ്യങ്ങൾക്ക് പുറമെ ഒമാൻ (6), സൗദി അറേബ്യ (14), ബഹ്‌റൈൻ (15) എന്നീ രാജ്യങ്ങളും ആദ്യ 15ൽ ഇടംപിടിച്ചു. കുവൈത്ത് 38-ാം സ്ഥാനത്തും ജോര്‍ദാന്‍ 54-ാം സ്ഥാനത്തും എത്തി. ഫിലിപ്പീന്‍സിന് പിന്നിൽ 67-ാം സ്ഥാനത്താണ് ഇന്ത്യ റാങ്ക് ചെയ്തിരിക്കുന്നത്. യുകെ 51.6 പോയിന്റുകളുമായി 86-ാം സ്ഥാനത്ത് എത്തിയപ്പോൾ 50.8 പോയിന്റുമായി യുഎസ് 91-ാം സ്ഥാനത്താണ്.
കുറ്റകൃത്യങ്ങൾ, മയക്കുമരുന്ന് ഉപയോഗം എന്നിവയ്ക്ക് എതിരെ നിലനിൽക്കുന്ന കർശനമായ നിയമങ്ങളാണ് യുഎഇയുടെ കുതിപ്പിന് കാരണമായി വിലയിരുത്തപ്പെടുന്നത്. നിയമലംഘനങ്ങൾക്ക് ശിക്ഷകളുള്ളതിനാൽ കുറ്റകൃത്യങ്ങൾ കുറവാണ്. പൊലീസ് സംവിധാനവും ശക്തമായാണ് പ്രവർത്തിക്കുന്നത്. അതിനാൽ യുഎഇയിൽ നിയമവിരുദ്ധമായ എന്തെങ്കിലും ചെയ്യുന്നതിൽ നിന്ന് ആളുകൾ പിന്മാറാൻ നിർബന്ധിതരാകുന്നുണ്ടെന്നാണ് വിലയിരുത്തൽ. മറ്റ് നിരവധി ആഗോള ലക്ഷ്യസ്ഥാനങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ വിനോദസഞ്ചാരികൾ യുഎഇയിൽ സുരക്ഷിതരാണെന്ന റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. ശക്തമായ സമ്പദ്‌വ്യവസ്ഥയും ഉയർന്ന ജീവിത നിലവാരവും മറ്റ് പ്രധാന ഘടകങ്ങളാണ്.
ഏറ്റവും സുരക്ഷിതമായ 15 രാജ്യങ്ങൾ
1. യുണൈറ്റഡ് അറബ് എമിറേറ്റ്സ് - 85.2
2. അൻഡോറ - 84.8
3. ഖത്തർ - 84.6
4. തായ്‌വാൻ - 83.0
5. മക്കാവോ - 81.8
6. ഒമാൻ - 81.4
7. ഐൽ ഓഫ് മാൻ - 79.1
8. ഹോങ്കോങ് (ചൈന) - 78.5
9. അർമേനിയ - 77.6
10. സിംഗപ്പൂർ - 77.4
11. ജപ്പാൻ - 77.3
12. ചൈന - 76.5
13. എസ്റ്റോണിയ - 76.5
14. സൗദി അറേബ്യ - 76.3
15. ബഹ്‌റൈൻ - 76.2
ഖത്തർ, ദോഹ, സ്ലോവേനിയ (75.6), മൊണാക്കോ (75.3), ക്രൊയേഷ്യ (74.6), നെതർലാൻഡ്‌സ് (74.2), ഐസ്‌ലാൻഡ് (74.2) എന്നീ രാജ്യങ്ങളും പട്ടികയിലെ ആദ്യ 20ൽ ഇടം നേടി. ഏറ്റവും പുതിയ കണ്ടെത്തലുകൾ പ്രകാരം, ഈ വർഷത്തെ ഏറ്റവും സുരക്ഷിതമല്ലാത്ത രാജ്യം ഹെയ്തിയാണ്. വെറും 19.0 ആണ് സുരക്ഷാ സ്കോർ. പാപുവ ന്യൂ ഗിനിയ (19.3), വെനസ്വേല (19.5) എന്നിവ യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങളിൽ എത്തി.
സുരക്ഷിതമല്ലാത്ത 10 രാജ്യങ്ങൾ
1. ഹെയ്തി (19.0)
2. പാപുവ ന്യൂ ഗിനിയ (19.3)
3. വെനസ്വേല (19.5)
4. അഫ്ഗാനിസ്ഥാൻ (24.8)
5. ദക്ഷിണാഫ്രിക്ക (25.4)
6. ഹോണ്ടുറാസ് (28.1)
7. ട്രിനിഡാഡ് ആൻഡ് ടൊബാഗോ (29.0)
8. സിറിയ (31.6)
9. ജമൈക്ക (32.6)
10. പെറു (33.3)


