225 കോടിയ്ക്ക് പുറമെ അന്താരാഷ്ട്ര സ്ഥാപനങ്ങളും ഈ പദ്ധതിയിൽ നിക്ഷേപത്തിന് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്.

ഹൈദരാബാദ്: വമ്പൻ ടൂറിസം പ്രോജക്ടുമായി തെലങ്കാന സ‍ര്‍ക്കാര്‍. ഹൈദരാബാദിന് അടുത്തുള്ള കോട്‌വാൾ ഗുഡയ്ക്ക് സമീപം ഒരു വലിയ കൃത്രിമ ബീച്ച് നിർമ്മിക്കാനുള്ള പദ്ധതിയാണ് അവതരിപ്പിച്ചിരിക്കുന്നത്. പൊതു-സ്വകാര്യ പങ്കാളിത്ത (പിപിപി) മാതൃകയിൽ 225 കോടി രൂപയുടെ നിക്ഷേപമുള്ള പദ്ധതിയാണിത്. ഈ വര്‍ഷം ഡിസംബറിൽ തന്നെ നിർമ്മാണം ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഹൈദരാബാദ് നഗരത്തിന് സമീപം ബീച്ച് ഇല്ലെന്നതിനാൽ തന്നെ വാരാന്ത്യങ്ങളിൽ പലപ്പോഴും ആയിരക്കണക്കിന് ആളുകൾ ആന്ധ്രാപ്രദേശിലെ സൂര്യലങ്ക ബീച്ചിലേക്ക് ഒഴുകിയെത്താറുണ്ട്. കൃത്രിമ ബീച്ച് യാഥാർത്ഥ്യമായാൽ സ്ഥിതി​ഗതികൾ മാറുമെന്ന വിലയിരുത്തലിലാണ് തെലങ്കാന സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (ടിഎസ്ടിഡിസി).

35 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന പദ്ധതിയാണ് സർക്കാർ അവതരിപ്പിച്ചിരിക്കുന്നത്. ഉയർന്ന നിലവാരത്തിലുള്ള താമസത്തിനായി സ്റ്റാർ ഹോട്ടലുകളും ഫ്ലോട്ടിംഗ് വില്ലകളും ഒരുക്കുന്നുണ്ട്. ബഞ്ചി ജമ്പിംഗ്, സ്കേറ്റിംഗ്, സെയിലിംഗ്, വിന്റർ സ്പോർട്സ് തുടങ്ങിയ സാഹസിക കായിക വിനോദങ്ങൾ എന്നിവയും ആസ്വദിക്കാൻ സാധിക്കുന്ന രീതിയിലാണ് പദ്ധതി രൂപകൽപ്പന ചെയ്തിരിക്കുന്നത്. പാർക്കുകൾ, കളിസ്ഥലങ്ങൾ, സൈക്ലിംഗ് സോണുകൾ, ജോഗിംഗ് ട്രാക്കുകൾ എന്നിവയുൾപ്പെടെ കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാനുള്ള സംവിധാനങ്ങളും സജ്ജീകരിക്കും. ഫുഡ് കോർട്ടുകൾ, തിയേറ്ററുകൾ എന്നിവയുമുണ്ടാകും.

വെറുമൊരു ബീച്ച് എന്നതിലുപരിയായി ഹൈദരാബാദ് നഗരം വിട്ടുപോകാതെ തന്നെ വാരാന്ത്യങ്ങളിൽ സമയം ചെലവഴിക്കാൻ കഴിയുന്ന ഒരു സമ്പൂർണ്ണ വിനോദ, സാഹസിക കേന്ദ്രം സൃഷ്ടിക്കുക എന്നതാണ് ആശയം. വിശദമായ പദ്ധതി റിപ്പോർട്ട് (ഡിപിആർ) തയ്യാറായതായും ഉടൻ തന്നെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിക്കുമെന്നും തെലങ്കാന സംസ്ഥാന ടൂറിസം വികസന കോർപ്പറേഷൻ (ടിഎസ്ടിഡിസി) ചെയർമാൻ പട്ടേൽ രമേശ് റെഡ്ഡി പറഞ്ഞു. ആഗോള ടൂറിസ്റ്റ് കേന്ദ്രങ്ങളുടെ പട്ടികയിലേയ്ക്കുള്ള ഹൈദരാബാദിന്റെ പ്രവേശനത്തെ അടയാളപ്പെടുത്തുന്ന ഒരു വമ്പൻ പദ്ധതിയായിരിക്കും കൃത്രിമ ബീച്ച് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വേവ് പൂളുകൾ മുതൽ സെയിലിംഗ് ക്ലബ്ബുകൾ വരെ, സാഹസിക റൈഡുകൾ മുതൽ ആഡംബര താമസങ്ങൾ വരെ, കരയാൽ ചുറ്റപ്പെട്ട തെലങ്കാനയിലേക്ക് ബീച്ച് എന്ന ആശയം എത്തിക്കുക എന്നതാണ് ഈ പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. പരിസ്ഥിതിയുടെ സാധ്യതകളും നഗരവുമായി എളുപ്പത്തിൽ ബന്ധിപ്പിക്കാൻ കഴിയുന്നതുമായതിനാലാണ് പദ്ധതി നടപ്പിലാക്കാനായി ഔട്ടർ റിംഗ് റോഡിന് സമീപമുള്ള സ്ഥലം തിരഞ്ഞെടുത്തിരിക്കുന്നത്. 225 കോടി രൂപയ്ക്ക് പുറമെ അന്താരാഷ്ട്ര സ്ഥാപനങ്ങൾ പദ്ധതിയിലേയ്ക്കുള്ള നിക്ഷേപത്തിന് ഇതിനകം താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഇതുവഴി ഹൈദരാബാദിനെ ലോകോത്തര ടൂറിസം കേന്ദ്രമാക്കി മാറ്റാൻ സാധിക്കുമെന്നാണ് സർക്കാർ പ്രതീക്ഷിക്കുന്നത്.