വിനോദസഞ്ചാരികൾക്കായി ചൈനീസ് ഭക്ഷ്യ വിതരണ കമ്പനിയായ മെയ്തുവാൻ ആണ് വൻമതിലിന്റെ ബദാലിംഗ് ഭാഗത്ത് ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചത്. ഭക്ഷണവും പാനീയങ്ങളും അവശ്യവസ്തുക്കളും സന്ദർശകർക്ക് ഓർഡർ ചെയ്യാം.

ബീജിംഗ്: ഒരു നീണ്ട ട്രക്കിം​ഗിനിടയിൽ നിങ്ങൾക്ക് ക്ഷീണവും അതിഭയങ്കരമായ വിശപ്പും അനുഭവപ്പെട്ടു എന്ന് സങ്കൽപ്പിക്കുക. ഈ സമയത്ത് നിങ്ങളുടെ പക്കൽ ഭക്ഷണമൊന്നും ഇല്ലെന്നിരിക്കട്ടെ. വിശപ്പ് ശമിപ്പിക്കാനുള്ള വഴികൾ തേടുമ്പോൾ ഭക്ഷണം ഒരു ഡ്രോൺ വഴി നിങ്ങളുടെ അടുത്തേക്ക് പറന്നുവന്നാൽ എങ്ങനെയുണ്ടാകും? ഇതൊക്കെ നടക്കുന്ന കാര്യമാണോ എന്നല്ലേ? എങ്കിൽ കേട്ടോളൂ, യുനെസ്കോയുടെ ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടകിയിൽ ഇടംനേടിയ ലോക പ്രശസ്തമായ ചൈനയിലെ വൻമതിലിൽ ഇത്തരമൊരു സംഭവം നടന്നിരിക്കുകയാണ്. വൻമതിലിലെ ഫുഡ് ഡെലിവറി ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കഴിഞ്ഞു.

വൻമതിൽ കയറാൻ പോയ ഒരു പെൺകുട്ടിയാണ് ഡ്രോൺ ഫുഡ് ഡെലിവറിയുടെ ദൃശ്യങ്ങൾ പങ്കുവെച്ചിരിക്കുന്നത്. 'എനിക്ക് ഭയങ്കരമായി വിശക്കുന്നു. അപ്പോൾ നമുക്ക് ചൈനയിലെ വൻമതിലിൽ ഒരു ഡെലിവറി ഓർഡർ ചെയ്യാം' എന്ന് പെൺകുട്ടി പറയുന്നു. വൻമതിലിന്റെ ബദാലിംഗ് വിഭാഗത്തിൽ ഡ്രോൺ ഡെലിവറി വഴി നിങ്ങൾക്ക് ഭക്ഷണവും അവശ്യവസ്തുക്കളും ഓർഡർ ചെയ്യാൻ കഴിയും. ഇതിനായി ഒരു ഡെലിവറി ലാൻഡിം​ഗ് പാഡ് തന്നെ സജ്ജീകരിച്ചിട്ടുണ്ട്. ഡെലിവറി ലാൻഡിംഗ് പാഡിലേക്ക് ഒരു ഡ്രോൺ ഭക്ഷണവുമായി പറന്നുവരുന്നത് വീഡിയോയിൽ കാണാം. ഡ്രോൺ ഡെലിവറി ചെയ്ത ഭക്ഷണം നന്നായി പരിപാലിക്കപ്പെട്ടിരുന്നുവെന്നാണ് പെൺകുട്ടിയുടെ മുഖഭാവം വ്യക്തമാക്കുന്നത്.

View post on Instagram

വീഡിയോയ്ക്ക് താഴെ നിരവധി ആളുകളാണ് കമന്റുകളുമായി എത്തുന്നത്. വളരെ മികച്ച സേവനമാണിതെന്ന് ഉപയോക്താക്കൾ പറയുന്നു. 2018-ൽ വൻമതിലെത്തിയപ്പോൾ വെള്ളം ആവശ്യമായിരുന്നുവെന്ന് സ്വന്തം അനുഭവം പങ്കുവെച്ചുകൊണ്ട് ഒരാൾ പറഞ്ഞു. ചൈനയുടെ ഡ്രോൺ ഫുഡ് ഡെലിവറി ശരിക്കും ശ്രദ്ധേയമാണെന്നാണ് ഭൂരിഭാ​ഗം ആളുകളുടെയും അഭിപ്രായം. വിനോദസഞ്ചാരികൾക്ക് സൗകര്യമൊരുക്കിക്കൊണ്ട് ചൈനീസ് ഭക്ഷ്യ വിതരണ ഭീമനായ മെയ്തുവാൻ ആണ് ഈ ഡ്രോൺ ഡെലിവറി സേവനം ആരംഭിച്ചത്. വൻമതിലിന്റെ ബദാലിംഗ് വിഭാഗത്തിലെ വാച്ച് ടവറുകളിലേക്ക് ഭക്ഷണം, പാനീയങ്ങൾ, അടിയന്തര സാധനങ്ങൾ എന്നിവ സന്ദർശകർക്ക് ഓർഡർ ചെയ്യാം. രാവിലെ 10നും വൈകുന്നേരം 4നും ഇടയിലാണ് ഈ സേവനം ലഭ്യമാകുക. ഒരു സമയം 2.3 കിലോഗ്രാം വരെ ഭാരം വഹിക്കാൻ ഈ ഡ്രോണുകൾക്ക് സാധിക്കുമെന്നാണ് റിപ്പോർട്ട്.