കേരളത്തിലെ മെമു ട്രെയിനുകളിലെ തിരക്ക് കുറയ്ക്കാൻ കോച്ചുകളുടെ എണ്ണം വർധിപ്പിക്കും. 

കൊച്ചി: സംസ്ഥാനത്തെ മെമു ട്രെയിൻ യാത്രക്കാര്‍ ദീര്‍ഘകാലമായി ഉന്നയിച്ചിരുന്ന ഒരു പ്രശ്നത്തിന് പരിഹാരമാകുന്നു. കേരളത്തിലെ മെമു ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം വര്‍ധിപ്പിക്കും. കൊടിക്കുന്നിൽ സുരേഷ് എംപിയ്ക്ക് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് ഇക്കാര്യത്തിൽ ഉറപ്പുനൽകിയിരിക്കുകയാണ്.

Add Asianetnews as a Preferred SourcegooglePreferred

നിലവിൽ 12 മെമു ട്രെയിനുകളാണ് കേരളത്തിൽ സര്‍വീസ് നടത്തുന്നത്. ഈ ട്രെയിനുകളിൽ തിങ്ങിനിറഞ്ഞാണ് ആളുകൾ യാത്ര ചെയ്യുന്നത്. ഈ സാഹചര്യം ഒഴിവാക്കാനായി നിലവിലെ ട്രെയിനുകളിലെ കോച്ചുകളുടെ എണ്ണം ഉയര്‍ത്തണമെന്നും കൂടുതൽ മെമു ട്രെയിനുകൾ അനുവദിക്കണമെന്നും റെയിൽവേയ്ക്ക് മുന്നിൽ കേരളം പതിവായി ഉയര്‍ത്തുന്ന ആവശ്യങ്ങളാണ്. റെയിൽവേ മന്ത്രി ഉറപ്പുനൽകിയതോടെ മെമു ട്രെയിനുകളിൽ കൂടുതൽ യാത്രക്കാര്‍ക്ക് യാത്ര ചെയ്യാനാകും. കേരളത്തിൽ സര്‍വീസ് നടത്തുന്ന ഭൂരിഭാഗം മെമു ട്രെയിനുകളിലും 8 കോച്ചുകളാണുള്ളത്. നിലവിൽ 8 കോച്ചുകളുള്ളത് 12 ആയും 12 കോച്ചുകളുള്ളത് 16 ആയും ഉയര്‍ത്താമെന്നാണ് റെയിവേ മന്ത്രി ഉറപ്പ് നൽകിയിരിക്കുന്നത്. 

8 കോച്ചുകൾക്ക് പകരം 12 കോച്ചുകൾ വരുന്നതോടെ 614 സീറ്റുകൾ എന്നുള്ളത് 921 ആയി ഉയരും. ത്രീ ഫെയ്സ് 8 കോച്ചുകളുള്ള മെമു ട്രെയിനുകളിൽ 614 പേര്‍ക്ക് ഇരുന്നും 1798 പേര്‍ക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കും. 12 കോച്ച് മെമു ട്രെയിനുകളിൽ 921 പേര്‍ക്ക് ഇരുന്നും 2,682 പേര്‍ക്ക് നിന്നും യാത്ര ചെയ്യാൻ സാധിക്കുമെന്നതാണ് സവിശേഷത. മെമ ട്രെയിനുകൾക്ക് പുറമെ പുതിയ ട്രെയിൻ സര്‍വീസ് ഉൾപ്പെടെ കേരളം മുന്നോട്ടുവെച്ച നിര്‍ദ്ദേശങ്ങൾക്ക് റെയില്‍വേ മന്ത്രിയുടെയും റെയിൽവേ ബോര്‍ഡിന്റെയും ഭാഗത്ത് നിന്ന് അനുകൂല പ്രതികരണം ലഭിച്ചെന്നും കൊടിക്കുന്നിൽ സുരേഷ് എംപി പറഞ്ഞു.