കനകക്കുന്നിൽ നടക്കുന്ന പുഷ്പോത്സവം കാണാൻ വൻ തിരക്ക്. അപൂർവ്വ പുഷ്പങ്ങളുടെ ശേഖരം, മത്സരങ്ങൾ, വിസ്മയിപ്പിക്കുന്ന ദീപാലങ്കാരങ്ങൾ എന്നിവ മേളയുടെ പ്രധാന ആകർഷണങ്ങളാണ്. 

തിരുവനന്തപുരം: ക്രിസ്മസ്-പുതുവത്സരാഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുന്നതിനായി ടൂറിസം വകുപ്പ് സംഘടിപ്പിക്കുന്ന 'വസന്തോത്സവം-2025' നോടനുബന്ധിച്ചുള്ള പുഷ്പോത്സവത്തില്‍ തിരക്കേറുന്നു. കനകക്കുന്നില്‍ നടക്കുന്ന പുഷ്പോത്സവം സന്ദര്‍ശിക്കാന്‍ ഡിസംബര്‍ 31 വരെ ഒന്നര ലക്ഷം പേരാണ് എത്തിയത്. ടൂറിസം വകുപ്പും ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലും (ഡിടിപിസി) ചേര്‍ന്നൊരുക്കിയ ഈ വര്‍ഷത്തെ പുഷ്പോത്സവം ക്യൂറേറ്റ് ചെയ്യുന്നത് പാലോട് ജവഹര്‍ലാല്‍ നെഹ്റു ട്രോപ്പിക്കല്‍ ബൊട്ടാണിക് ഗാര്‍ഡന്‍ ആണ്.

'വസന്തോത്സവം-2025' നോടനുബന്ധിച്ച് എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ നടന്നിരുന്നു. ഇന്‍സ്റ്റിറ്റ്യൂഷന്‍ വിഭാഗത്തില്‍ 648 പോയിന്‍റ് നേടി ഇന്‍സ്ട്രക്ഷണല്‍ ഫാം വെള്ളയാണി അഗ്രികള്‍ച്ചര്‍ കോളേജ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പ് കരസ്ഥമാക്കി. 497 പോയിന്‍റ് നേടി മ്യൂസിയം ആന്‍ഡ് സൂ രണ്ടാം സ്ഥാനത്തും 182 പോയിന്‍റ് നേടിയ കേരള ലെജിസ്ലേറ്റര്‍ സെക്രട്ടറിയേറ്റ് മൂന്നാം സ്ഥാനത്തും എത്തി. വ്യക്തിഗത വിഭാഗത്തില്‍ ഒന്നാം സ്ഥാനം ലിസി ജോസഫിനാണ്. വി. മനു മോഹന്‍ രണ്ടാം സ്ഥാനവും മോഹനന്‍ നായര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. കൊമേഴ്സ്യല്‍ വിഭാഗത്തില്‍ ജയകുമാര്‍ (കുമാര്‍ നഴ്സറി, കൊല്ലം) ഒന്നാം സ്ഥാനത്ത് എത്തി. വൈശാഖ് (ആക്കുളം ഗ്രീന്‍ വാലി, ആക്കുളം) രണ്ടാം സ്ഥാനം കരസ്ഥമാക്കി. കൊച്ചുത്രേസി ജോസഫ് (ക്ലെയര്‍ ഓര്‍ക്കിഡ്സ്, മാധവപുരം) മൂന്നാം സ്ഥാനവും നേടി.

വ്യത്യസ്തവും അപൂര്‍വ്വവുമായ പൂക്കളുടെ ശേഖരം മേളയുടെ ആകര്‍ഷണമാണ്. മത്സര വിഭാഗത്തില്‍ ഏകദേശം 15,000 ചെടികള്‍ക്കു പുറമേ 25000-ത്തിലധികം പൂച്ചെടികളും ഈ വര്‍ഷത്തെ വസന്തോത്സവത്തിലുണ്ട്. ചെടികള്‍ വാങ്ങുന്നതിനായി വിവിധ നഴ്സറികളുടെ സ്റ്റാളുകളും പ്രവര്‍ത്തിക്കുന്നു. വൈവിധ്യമാര്‍ന്ന ഇലുമിനേഷനുകളും ഇന്‍സ്റ്റലേഷനുകളും കൊണ്ട് കനകക്കുന്ന് കൊട്ടാരവളപ്പിനെ അലങ്കരിക്കുന്ന തരത്തില്‍ ദീപാലങ്കാരങ്ങളും ഒരുക്കിയിട്ടുണ്ട്. 'ഇലുമിനേറ്റിംഗ് ജോയ് സ്പ്രെഡ്ഡിംഗ് ഹാര്‍മണി' എന്ന ആശയത്തിലാണ് ഇത് ഒരുക്കിയിട്ടുള്ളത്. ഇതിന്‍റെ ഭാഗമായുള്ള ലൈറ്റ് ഷോയും വിസ്മയക്കാഴ്ചയാണ്. വ്യത്യസ്ത മേഖലകളിലൂടെ സന്ദര്‍ശകരെ നയിക്കുന്ന സവിശേഷമായ ലൈറ്റിംഗ് ശൈലികള്‍ ഉള്‍ക്കൊള്ളുന്ന നടവഴികളും സംവേദനാത്മക പാതകളും പ്രദര്‍ശനത്തിന്‍റെ ഭാഗമാണ്.

കനകക്കുന്നില്‍ വസന്തോത്സവത്തിന്‍റെ പ്രവേശന കവാടത്തില്‍ അതിഥികളെ സ്വാഗതം ചെയ്യുന്നത് ഭീമാകാരമായ മഞ്ഞുവണ്ടിയോടു കൂടിയ കമാനമാണ്. ആറ് റെയിന്‍ഡിയറുകള്‍ ഉള്‍പ്പെടുന്ന കമാനമാണ് ഇന്‍സ്റ്റലേഷന്‍റെ സവിശേഷത. ഇവ ഓരോന്നും 12 മുതല്‍ 15 അടി വരെ ഉയരമുള്ളതാണ്. ഇവ ഒരുമിച്ച് തറനിരപ്പില്‍ നിന്ന് 50 മുതല്‍ 60 അടി വരെ ഉയരമുണ്ട്. ഡിസംബര്‍ 24 ന് ആരംഭിച്ച ദീപങ്ങളുടെയും പൂക്കളുടെയും ഉത്സവമായ വസന്തോത്സവം ജനുവരി 4 ന് സമാപിക്കും.