ബീജിംഗിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായപ്പോൾ റഷ്യയും ജപ്പാനും സുനാമി ഭീഷണി നേരിടുകയാണ്. 

ഇന്ത്യയ്ക്ക് അകത്തും പുറത്തുമെല്ലാം യാത്രകൾ ചെയ്യുന്നവര്‍ നിരവധിയുണ്ട്. അവധിക്കാലം ആഘോഷിക്കാനും കുടുംബത്തോടൊപ്പമോ സുഹൃത്തുക്കൾക്കൊപ്പമോ ചെറിയ ഇടവേള എടുക്കാനുമെല്ലാം പദ്ധതിയിടുന്നവരുണ്ട്. എന്നാൽ, സമീപകാലത്തായി ഇന്ത്യയിലും പുറത്തുമുള്ള പലയിടങ്ങളിലും പ്രകൃതിക്ഷോഭങ്ങളുണ്ടായിട്ടുണ്ട്. അത്തരത്തിൽ ഇപ്പോൾ യാത്ര ചെയ്യാൻ പാടില്ലാത്ത ചില സ്ഥലങ്ങളെ കുറിച്ചാണ് ഇനി പറയാൻ പോകുന്നത്.

ബീജിംഗ് (ചൈന)

കഴിഞ്ഞ ദിവസങ്ങളിൽ അതിശക്തമായ മഴയും വെള്ളപ്പൊക്കവും ഉണ്ടായ ബീജിംഗിലേയ്ക്ക് ഇപ്പോൾ യാത്ര ചെയ്യാതിരിക്കുന്നതാണ് നല്ലത്. മഴയും വെള്ളപ്പൊക്കവും കാരണം 30ഓളം പേരുടെ മരണമാണ് വടക്കൻ ചൈനയിൽ റിപ്പോര്‍ട്ട് ചെയ്തത്. ചൈനയുടെ തലസ്ഥാനമായ ബീജിംഗിൽ നിന്ന് 80,000ത്തോളം ആളുകളെ മാറ്റിപ്പാര്‍പ്പിക്കേണ്ടിയും വന്നിരുന്നു. 130ഓളം ഗ്രാമങ്ങളില്‍ വൈദ്യുതി ബന്ധം താറുമാറായി. മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലിൽ ഹെബെയ് പ്രവിശ്യയിൽ 8 പേരുടെ മരണവും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. രക്ഷാപ്രവര്‍ത്തനങ്ങൾ ദ്രുതഗതിയിൽ നടത്തണമെന്ന് പ്രസിഡന്റ് ഷി ജിൻ പിങ് നിര്‍ദ്ദേശം നൽകിയിരുന്നു.

റഷ്യ, ജപ്പാൻ

അതിശക്തമായ ഭൂചലനത്തെ തുടർന്ന് റഷ്യൻ തീരങ്ങളിൽ സുനാമിത്തിരകൾ ആഞ്ഞടിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. കംചട്ക ഉപദ്വീപിലാണ് ഭൂകമ്പമുണ്ടായത്. തീരദേശങ്ങളിൽ താമസിക്കുന്നവരോട് എത്രയും വേഗം മാറിത്താമസിക്കണമെന്ന് അധികൃതര്‍ നിര്‍ദ്ദേശം നൽകിയിരുന്നു. പലയിടങ്ങളിലും കനത്ത നാശനഷ്ടമുണ്ടായതായാണ് റിപ്പോര്‍ട്ട്.

ഭൂചലനത്തിന്റെ പശ്ചാത്തലത്തിൽ ജപ്പാനിലും സുനാമിത്തിരകൾ ആഞ്ഞടിച്ചെന്നാണ് സൂചന. വടക്കൻ ജപ്പാനിലെ ഹൊക്കൈഡോ മേഖലയിൽ സുനാമിയുണ്ടായെന്നും ഇതേ തുടര്‍ന്ന് ഫുകുഷിമ ആണവനിലയത്തിലെ ജീവനക്കാരെ ഒഴിപ്പിച്ചതായും അന്തര്‍ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, അലാസ്ത, ചിലി, ഇക്വഡോര്‍ തുടങ്ങിയ സ്ഥലങ്ങളിലും സുനാമി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ഹിമാചൽ പ്രദേശ്

ദുരന്തം നിറഞ്ഞ ഒരു മൺസൂണിനാണ് ഹിമാചൽ പ്രദേശ് ഇത്തവണ സാക്ഷിയായത്. മാണ്ടിയില്‍ ഉൾപ്പെടെ അടുത്തിടെ ഉണ്ടായ മിന്നൽ പ്രളയം കനത്ത നാശനഷ്ടമാണ് ഉണ്ടാക്കിയത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി തുടരുന്ന കനത്ത മഴയിലും വെള്ളപ്പൊക്കത്തിലും നിരവധി പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്. ഒട്ടനവധി ആളുകളെ കാണാതാകുകയും ചെയ്തിട്ടുണ്ട്. ഹൈവേകൾ, കെട്ടിടങ്ങൾ തുടങ്ങി അടിസ്ഥാന സൗകര്യങ്ങളെല്ലാം താറുമാറായ സ്ഥിതിയാണുള്ളത്. ഈ സമയത്ത് പ്രശ്നബാധിത മേഖലകളിലേയ്ക്ക് അനാവശ്യ യാത്രകൾ നടത്തരുതെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.