യൂറോപ്പിന് സമാനമായ കാലാവസ്ഥയും കാഴ്ചകളുമെല്ലാമുള്ള നിരവധി സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. 

മഞ്ഞുമൂടിയ പർവതങ്ങൾ മുതൽ ശാന്തമായ ബീച്ചുകൾ, താഴ്‌വരകൾ തുടങ്ങി വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങൾ ഇന്ത്യയുടെ സവിശേഷതയാണ്. യൂറോപ്പിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളോട് സാമ്യമുള്ള അതിമനോഹരമായ സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. യൂറോപ്പിനോട് സാമ്യമുള്ള ഇന്ത്യയിലെ അഞ്ച് സ്ഥലങ്ങൾ ഇതാ.

ഖജ്ജിയാർ (ഹിമാചൽ പ്രദേശ്)

'മിനി സ്വിറ്റ്സർലൻഡ്' എന്ന് വിളിപ്പേരുള്ള സ്ഥലമാണ് ഖജ്ജിയാർ. സ്വിറ്റ്സർലൻഡിന്റെ ഭൂപ്രകൃതിയോട് സാമ്യമുള്ള ഹിമാചൽ പ്രദേശിലെ ഒരു ഹിൽ സ്റ്റേഷനാണിത്. ഇടതൂർന്ന പൈൻ വനങ്ങൾ, പുൽമേടുകൾ, മനോഹരമായ തടാകം എന്നിവയാൽ ചുറ്റപ്പെട്ട ഇവിടം സന്ദർശകരെ സ്വിറ്റ്സർലൻഡിലെ ആൽപ്‌സിന് സമാനമായ മനംമയക്കുന്ന കാഴ്ചകൾ പ്രദാനം ചെയ്യുന്നു. പച്ചപ്പ്, തണുത്ത കാലാവസ്ഥ, പാരാഗ്ലൈഡിംഗ്, കുതിരസവാരി, ട്രെക്കിംഗ് പോലെയുള്ള സാഹസിക പ്രവർത്തനങ്ങൾ എന്നിവ ഖജ്ജിയാറിനെ ഇന്ത്യയിലെ ഒരു മികച്ച ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുന്നു.

പുതുച്ചേരി

യൂറോപ്യൻ മനോഹാരിത പ്രകടമാക്കുന്ന ഒരു മുൻ ഫ്രഞ്ച് കോളനിയാണ് പുതുച്ചേരി അഥവാ പോണ്ടിച്ചേരി. കൊളോണിയൽ വാസ്തുവിദ്യയാൽ സമ്പന്നമാണ് ഇവിടം. പുതുച്ചേരിയിലെത്തിയാൽ ഒരു ഫ്രഞ്ച് നഗരത്തിൽ എത്തിയെന്ന പ്രതീതിയാണ് സന്ദർശകരിൽ ഉണ്ടാകുക. ഫ്രഞ്ച് വിഭവങ്ങൾ വിളമ്പുന്ന ബേക്കറികൾ യൂറോപ്യൻ അനുഭവം കൂടുതൽ മെച്ചപ്പെടുത്തുന്നു. സമീപത്തുള്ള ഒരു പരീക്ഷണാത്മക ടൗൺഷിപ്പായ ഓറോവില്ലയും പുതുച്ചേരിയുടെ മറ്റൊരു പ്രത്യേകതയാണ്.

കൂർഗ് (കർണാടക)

കാപ്പിത്തോട്ടങ്ങളുടെയും മൂടൽമഞ്ഞുള്ള കുന്നുകളുടെയും പച്ചപ്പിന്റെയും പറുദീസയാണ് കർണാടകയിലെ കൂർഗ്. 'ഇന്ത്യയുടെ സ്കോട്ട്ലൻഡ്' എന്നാണ് കൂർഗ് അറിയപ്പെടുന്നത്. കൂർഗിലെ ഇടതൂർന്ന വനങ്ങൾ, പതഞ്ഞൊഴുകുന്ന വെള്ളച്ചാട്ടങ്ങൾ, തണുത്ത കാലാവസ്ഥ എന്നിവ സ്കോട്ട്ലൻഡിലെ ഉയർന്ന പ്രദേശങ്ങളെ അനുസ്മരിപ്പിക്കുന്നു. യൂറോപ്യൻ ഗ്രാമപ്രദേശങ്ങളുടെ തനി പകർപ്പെന്നോണം മനോഹരമായ ഹോംസ്റ്റേകളും റിസോർട്ടുകളും ഈ പ്രദേശത്തുണ്ട്. സന്ദർശകർക്ക് കാപ്പിത്തോട്ടങ്ങൾ കൺകുളിർക്കെ കാണാം. ട്രെക്കിംഗ്, പ്രകൃതി നടത്തം എന്നിവയിൽ ഏർപ്പെടാം. 

ആലപ്പുഴ (കേരളം)

ശാന്തമായ കായലുകൾ, ഹൗസ് ബോട്ടുകൾ എന്നിവ കാരണം ആലപ്പുഴയെ പലപ്പോഴും "കിഴക്കിന്റെ വെനീസ്" എന്നാണ് വിളിക്കുന്നത്. വെനീസിലെ കനാലുകളെപ്പോലെ ആലപ്പുഴയിലെ കായലുകളും മനോഹരമാണ്. സന്ദർശകർക്ക് ഹൗസ് ബോട്ടിൽ താമസിക്കാനും, ശാന്തമായ ഒരു ക്രൂയിസ് നടത്താനും, കേരളത്തിന്റെ സമൃദ്ധമായ പ്രകൃതിദൃശ്യങ്ങളുടെ ഭംഗി മതിവരുവോളം ആസ്വദിക്കാനും കഴിയും. ശാന്തമായ ജലാശയങ്ങൾ, തെങ്ങിൻ തോപ്പുകൾ, പരമ്പരാഗത ഗ്രാമങ്ങൾ എന്നിവ യൂറോപ്യൻ നഗരമായ വെനീസിന് സമാനമായ ഒരു മാന്ത്രിക അന്തരീക്ഷമാണ് സന്ദർശകർക്ക് സമ്മാനിക്കുന്നത്.

ഗോവ

ഇന്ത്യയിലെ പ്രശസ്തമായ വിനോദ സഞ്ചാര കേന്ദ്രങ്ങളിലൊന്നാണ് ഗോവ. കൊളോണിയൽ വാസ്തുവിദ്യ, കല്ലുപാകിയ തെരുവുകൾ എന്നിവയാൽ ഗോവ അടിമുടി പോർച്ചുഗലിനെ ഓർമ്മിപ്പിക്കുന്നു. പാസ്റ്റൽ നിറങ്ങളിലുള്ള വീടുകളും ഇടുങ്ങിയ തെരുവുകളും ഗോവയിലെ വ്യത്യസ്തമായ കാഴ്ചാണ്. ഇതെല്ലാം തന്നെ സന്ദർശകരെ ഒരു യൂറോപ്യൻ നഗരത്തിൻ്റെ പ്രതീതിയിലേയ്ക്ക് കൊണ്ടുപോകുന്നു. ഗോവയിലെ മനോഹരമായ പള്ളികൾ പോർച്ചുഗീസ് സ്വാധീനത്തെ വലിയ രീതിയിൽ പ്രതിഫലിപ്പിക്കുന്നുണ്ട്. ബീച്ചുകൾ, നൈറ്റ് ലൈഫ്, രുചികരമായ സമുദ്രവിഭവങ്ങൾ എന്നിവ ഗോവയുടെ യൂറോപ്യൻ മനോഹാരിതയ്ക്ക് കൂടുതൽ മാറ്റുകൂട്ടുന്നു.

READ MORE: തിരക്കുകളിൽ നിന്നൊഴിഞ്ഞ് ചരിത്രം ഉറങ്ങുന്ന മണ്ണിലേയ്ക്ക് ഒരു യാത്ര; പോകാം ചന്ദ്രഗിരിക്കോട്ടയിലേയ്ക്ക്