വളരെ കുറഞ്ഞ ചെലവിൽ യാത്രകൾ നടത്താൻ സാധിക്കുന്ന നിരവധി രാജ്യങ്ങളുണ്ട്.
ചെറിയ യാത്രകളായാലും വലിയ യാത്രകളായാലും മിക്കവരുടെയും മനസിലേയ്ക്ക് ആദ്യം ഓടിയെത്തുന്നത് ബജറ്റായിരിക്കും. കൈവശം ആവശ്യത്തിന് പണമുണ്ടെങ്കിൽ യാത്ര പ്ലാൻ ചെയ്യുന്നതിന് വലിയ ബുദ്ധിമുട്ടുകൾ ഉണ്ടാകില്ല. എന്നാൽ, പണം തികയുമോ എന്ന ടെൻഷനിൽ യാത്ര ചെയ്യുന്നതിലും വലിയ ബുദ്ധിമുട്ട് വേറെയില്ല. വളരെ കുറഞ്ഞ ചെലവിൽ അന്താരാഷ്ട്ര യാത്രകളാണോ നിങ്ങളുടെ മനസിലുള്ളത്? എങ്കിൽ കീശ കാലിയാകാതെ ധൈര്യമായി പോകാൻ സാധിക്കുന്ന 6 രാജ്യങ്ങളുണ്ട്. അവ ഏതൊക്കെയാണെന്ന് നോക്കാം.
1) നേപ്പാൾ

ഇന്ത്യക്കാർക്ക് ഏറ്റവും അനുയോജ്യമായ ബജറ്റ് ഫ്രണ്ട്ലി ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഒന്നാണ് നേപ്പാൾ. ഇന്ത്യയുടെ അയൽരാജ്യമായ നേപ്പാൾ ഇന്ത്യൻ പൗരന്മാർക്ക് വിസയില്ലാതെ തന്നെ സന്ദർശിക്കാം. താമസം, ഭക്ഷണം, ഗതാഗതം എന്നിവയുൾപ്പെടെ നേപ്പാളിൽ എല്ലാത്തിനും വളരെ ചെലവുകുറവാണ്. ഒരു സാധാരണ ഹോട്ടലിൽ താമസിക്കാൻ ഒരു രാത്രിയ്ക്ക് ഏകദേശം 1,000 രൂപ മുതൽ 2,000 രൂപ വരെ മാത്രമേ ചെലവാകുകയുള്ളൂ. നിങ്ങൾക്ക് കാഠ്മണ്ഡു, പൊഖറ, ലുംബിനി എന്നീ സ്ഥലങ്ങൾ സന്ദർശിക്കാനും എവറസ്റ്റ് ബേസ് ക്യാമ്പിലേക്ക് ട്രെക്ക് ചെയ്യാനും കഴിയും. നിരവധി പുരാതനമായ ക്ഷേത്രങ്ങളും മനോഹരമായ പ്രകൃതിദൃശ്യങ്ങളും നേപ്പാളിലുണ്ട്.
2) ഭൂട്ടാൻ

നേപ്പാളിനൊപ്പം, ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് വിസയില്ലാതെ യാത്ര ചെയ്യാൻ കഴിയുന്ന മറ്റൊരു സ്ഥലമാണ് ഭൂട്ടാൻ. ബജറ്റ് ഫ്രണ്ട്ലി ഹോട്ടലുകളും താങ്ങാനാകുന്ന ഗതാഗത സൗകര്യവും ഉള്ളതിനാൽ ഭൂട്ടാനിൽ ചെലവുകൾ വളരെ കുറവാണ്. പ്രതിദിനം 2,000 മുതൽ 3,000 രൂപ വരെയാണ് താമസത്തിന് ചെലവാകുക. ഭൂട്ടാനിലെ മനോഹരമായ കാഴ്ചകളും സംസ്കാരവും ആസ്വദിക്കാൻ തിംഫു, പാരോ, ബുദ്ധ പോയിന്റ് എന്നിവിടങ്ങൾ സന്ദർശിക്കുക.
3) ശ്രീലങ്ക

ബോളിവുഡ് താരങ്ങളുടെ പ്രിയപ്പെട്ട സ്ഥലമാണ് ശ്രീലങ്ക. ദീപിക പദുക്കോൺ, രൺവീർ സിംഗ് തുടങ്ങിയ താരങ്ങൾ ശ്രീലങ്കയോടുള്ള പ്രിയം വെളിപ്പെടുത്തിയിട്ടുണ്ട്. ഇന്ത്യയ്ക്ക് തൊട്ടടുത്തുള്ള മനോഹരമായ ഒരു ദ്വീപ് രാഷ്ട്രമാണ് ശ്രീലങ്ക. ഇവിടെ യാത്രാ ചെലവുകൾ താരതമ്യേന കുറവാണ്. ഒരു സാധാരണ ഹോട്ടലിൽ ഒരു രാത്രി ചെലവഴിക്കാൻ 1,500 മുതൽ 3,000 രൂപ വരെയാണ് ചിലവ്. മനോഹരമായ ബീച്ചുകൾ, ചരിത്രം ഉറങ്ങുന്ന സ്ഥലങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവ വാഗ്ദാനം ചെയ്യുന്ന കൊളംബോ, കാൻഡി, നെഗോംബോ, ഗാലെ, ബെന്റോട്ട തുടങ്ങിയ സ്ഥലങ്ങൾ ഇവിടെ നിങ്ങൾക്ക് സന്ദർശിക്കാം.
4) തായ്ലൻഡ്

പെൺകുട്ടികൾക്കോ ആൺകുട്ടികൾക്കോ വേണ്ടിയുള്ള യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ തായ്‌ലൻഡ് നിങ്ങളുടെ ബക്കറ്റ് ലിസ്റ്റിൽ തീർച്ചയായും ഉൾപ്പെടുത്തിയിരിക്കണം. ഇന്ത്യൻ വിനോദസഞ്ചാരികൾക്ക് സാമ്പത്തികമായി ഏറ്റവും ലാഭകരമായ അന്താരാഷ്ട്ര ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് തായ്‌ലൻഡ്. താങ്ങാനാകുന്ന വിമാന യാത്രകൾ, ബജറ്റ് ഫ്രണ്ട്ലി ഹോട്ടലുകൾ, ചെലവ് കുറഞ്ഞ ഭക്ഷണം, ചെലവ് കുറഞ്ഞ ഗതാഗതം എന്നിവ തായ്ലൻഡിനെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. താമസത്തിന് ദിവസം 2,500 രൂപ മുതൽ 3,500 രൂപ വരെയാണ് പലയിടത്തും സാധാരണയായി ഈടാക്കുന്നത്. ബാങ്കോക്ക്, പട്ടായ, ഫുക്കറ്റ്, ചിയാങ് മായ്, തായ് ദ്വീപുകൾ തുടങ്ങിയ പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രങ്ങൾ ഇവിടെ നിങ്ങൾക്ക് സന്ദർശിക്കാം. ഗംഭീരമായ നൈറ്റ് ലൈഫിനും തായ്ലൻഡ് പ്രശസ്തമാണ്.
5) വിയറ്റ്നാം

ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു തെക്കുകിഴക്കൻ ഏഷ്യൻ രാജ്യമാണ് വിയറ്റ്നാം. ഇന്ത്യൻ സഞ്ചാരികൾക്ക് കുറഞ്ഞ ബജറ്റിൽ ആസ്വദിക്കാൻ കഴിയുന്ന ഒരു സ്ഥലമാണിത്. വിയറ്റ്നാമിലെ താമസവും ഭക്ഷണവും താരതമ്യേന ചെലവ് കുറഞ്ഞതാണ്. ഒരു രാത്രിക്ക് 1,000 മുതൽ 2,500 രൂപ വരെ വിലയുള്ള ഹോട്ടലുകൾ ഇവിടെ ലഭ്യമാണ്. പ്രകൃതി സൗന്ദര്യം, ചരിത്രം, കാപ്പിത്തോട്ടങ്ങൾ എന്നിവയുടെ സംയോജനമാണ് വിയറ്റ്നാമിനെ വ്യത്യസ്തമാക്കുന്നത്. ഹനോയ്, ഹോ ചി മിൻ സിറ്റി, ഹാലോംഗ് ബേ, മുയി നേ എന്നീ സ്ഥലങ്ങളാണ് വിയറ്റ്നാമിൽ പ്രധാനമായും സന്ദർശിക്കേണ്ടത്.
6) ഇന്തോനേഷ്യ (ബാലി)
ഇന്തോനേഷ്യയിലെ ഒരു പ്രധാന വിനോദസഞ്ചാര കേന്ദ്രമാണ് ബാലി. ഇന്ത്യൻ സഞ്ചാരികളുടെ പ്രിയപ്പെട്ട സ്ഥലമാണിത്. കൃത്യമായ പ്ലാനിംഗ് ഉണ്ടെങ്കിൽ നിങ്ങൾക്ക് ബാലിയിൽ അടിച്ചുപൊളിക്കാം. മിക്ക ഹോട്ടലുകളും സൗജന്യ പ്രഭാതഭക്ഷണം വാഗ്ദാനം ചെയ്യുന്നുണ്ട്. ഒരു രാത്രിക്ക് 1,500 മുതൽ 3,000 രൂപ വരെയാണ് താമസച്ചെലവ് വരിക. മനോഹരമായ ബീച്ചുകൾ, പച്ചപ്പ് പുതച്ച കാടുകൾ, മൗണ്ട് അഗുംഗ്, വിസ്മയിപ്പിക്കുന്ന ക്ഷേത്രങ്ങൾ എന്നിവയ്ക്ക് പേരുകേട്ട ബാലി ബജറ്റിന് പ്രാധാന്യം നൽകുന്ന യാത്രക്കാർക്ക് അനുയോജ്യമായ സ്ഥലമായി മാറിക്കഴിഞ്ഞു.
READ MORE: സീതയെ അപഹരിച്ച രാവണനെ തടഞ്ഞ പക്ഷി, ചിറകറ്റ ജടായു വീണ പാറയെന്ന് ഐതിഹ്യം; ജടായു പാറ എന്ന അത്ഭുതം
