യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നിവിടങ്ങളിലേയ്ക്ക് നടത്തുന്ന ഒരു പര്യടനമാണ് ചാർ ധാം യാത്ര.

ഉത്തരാഖണ്ഡിലെ പ്രശസ്തമായ ചാർ ധാം യാത്ര ഏപ്രിൽ 30ന് ആരംഭിക്കും. ഗംഗോത്രി, യമുനോത്രി എന്നിവിടങ്ങളിലേക്കുള്ള പ്രവേശന കവാടങ്ങൾ തുറക്കുന്നതോടെയാണ് യാത്രയ്ക്ക് തുടക്കമാകുക. ബദരീനാഥിന്റെ വാതിലുകൾ മെയ് 4 ന് രാവിലെ 6 മണിക്ക് തുറക്കും. കേദാർനാഥ് ധാമിന്റെ വാതിലുകൾ തുറക്കുന്ന തീയതി മഹാശിവരാത്രി ദിനമായ ഫെബ്രുവരി 26 ന് പ്രഖ്യാപിക്കും. 

ചാർ ധാം യാത്രയ്ക്ക് ഓൺലൈനായും ഓഫ്‌ലൈനായും രജിസ്റ്റർ ചെയ്യാം. രജിസ്ട്രേഷൻ ഉടൻ ആരംഭിക്കും. 60% രജിസ്ട്രേഷനുകൾ ഓൺലൈനായും 40% ഓഫ്‌ലൈനായും നടത്തുമെന്നാണ് റിപ്പോർട്ട്. ആദ്യത്തെ 15 ദിവസത്തേക്ക്, ഓഫ്‌ലൈൻ രജിസ്ട്രേഷൻ പ്രക്രിയ 24 മണിക്കൂറും ലഭ്യമാകും. ഇതിന് ശേഷം, ആവശ്യാനുസരണം സമയത്തിൽ മാറ്റം വരുത്തും. സ്ഥിതി നിയന്ത്രണവിധേയമായി തുടരുകയാണെങ്കിൽ, രജിസ്ട്രേഷൻ സമയം രാവിലെ 8 മുതൽ രാത്രി 11 വരെയാക്കി മാറ്റിയേക്കാം. നടപടിക്രമങ്ങൾ എളുപ്പമാക്കുന്നതിനായി ഹരിദ്വാറിലും ഋഷികേശിലും 20 രജിസ്ട്രേഷൻ സ്റ്റേഷനുകളും വികാസ്നഗറിൽ 15 കൗണ്ടറുകളും സ്ഥാപിക്കും. 2025 മാർച്ച് 1 മുതൽ ആരംഭിക്കുന്ന registrationandtouristcare.uk.gov.in എന്ന ഉത്തരാഖണ്ഡ് സർക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി തീ‍‌ർത്ഥാടകർക്ക് രജിസ്റ്റർ ചെയ്യാം.

ചാർ ധാം

ഉത്തരാഖണ്ഡിൽ ലക്ഷണക്കണക്കിന് തീ‍ർത്ഥാടക‍രാണ് ചാർ ധാം യാത്രയുടെ ഭാ​ഗമാകാറുള്ളത്. ഹിന്ദിയിൽ, 'ചാർ' എന്നാൽ നാല്, 'ധാം' എന്നാൽ മതപരമായ സ്ഥലങ്ങളെ സൂചിപ്പിക്കുന്നു. യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരീനാഥ് എന്നീ നാല് പുണ്യസ്ഥലങ്ങളുടെ ഒരു പര്യടനമാണ് ചാർ ധാം യാത്ര. ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഈ ആരാധനാലയങ്ങൾ എല്ലാ വർഷവും ഏകദേശം ആറ് മാസത്തേക്ക് അടച്ചിരിക്കും. വേനൽക്കാലത്ത് (ഏപ്രിൽ അല്ലെങ്കിൽ മെയ്) തുറക്കുകയും ശൈത്യകാലത്തിൻ്റെ ആരംഭത്തോടെ (ഒക്ടോബർ അല്ലെങ്കിൽ നവംബർ) അടയ്ക്കുകയും ചെയ്യും. ഘടികാരദിശയിൽ ചാർ ധാം യാത്ര പൂർത്തിയാക്കണമെന്നാണ് വിശ്വാസം. അതിനാൽ, യമുനോത്രിയിൽ നിന്നാണ് തീർത്ഥാടനം ആരംഭിക്കുക. തുടർന്ന് യാത്ര ഗംഗോത്രിയിലേക്ക് നീങ്ങി കേദാർനാഥിൽ എത്തി ഒടുവിൽ ബദരീനാഥിൽ അവസാനിക്കുന്നു. റോഡ് മാർഗമോ വിമാന മാർഗമോ ഈ യാത്ര പൂർത്തിയാക്കാം. 

READ MORE: കണ്ണാടി പോലെ തിളങ്ങുന്ന വെള്ളത്തിൽ ആർമ്മാദിക്കാം; കണ്ണാടിക്കുളം എന്ന കിടിലൻ ഹിഡൻ സ്പോട്ട്