ഇവിടെയെത്തുന്ന സന്ദര്‍ശകരുടെ താല്‍പ്പര്യമനുസരിച്ച് ട്രക്കിംഗ് റൂട്ട് തെരഞ്ഞെടുക്കാം.

തൃശൂർ: ചൂലന്നൂര്‍ മയില്‍ സങ്കേതത്തിലെ ട്രക്കിം​ഗ് പദ്ധതി സൂപ്പര്‍ ഹിറ്റ്. ഇതോടെ ഇവിടെ സന്ദര്‍ശകര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കാനാണ് തീരുമാനം. ഇക്കോ ടൂറിസത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്താന്‍ കഴിഞ്ഞ ജൂണില്‍ ആരംഭിച്ച ട്രക്കിം​ഗിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിലമ്പത്തൊടി, ആനയടിയന്‍പാറ, വാച്ച് ടവര്‍, ആയക്കുറുശി എന്നിങ്ങനെ നാല് പ്രധാന കേന്ദ്രങ്ങളിലേക്കാണ് ട്രക്കിം​ഗ്. സന്ദര്‍ശകരുടെ താല്‍പ്പര്യമനുസരിച്ച് റൂട്ട് തെരഞ്ഞെടുക്കാം.

ചിലമ്പത്തൊടിയിലേക്കുള്ള ട്രക്കിം​ഗ് രണ്ട് കിലോമീറ്റര്‍ ദൈര്‍ഘ്യം വരും. ആറ് പേര്‍ക്ക് 600 രൂപയാണ് ഫീസ്. നാല് കിലോമീറ്റര്‍ അകലെയുള്ള ആനയടിയന്‍ പാറയിലേക്കാണ് യാത്രയെങ്കില്‍ മൂന്നു പേര്‍ക്ക് 900 രൂപ നല്‍കണം. അഞ്ച് കിലോമീറ്റര്‍ അകലെയുള്ള വാച്ച് ടവറിലേക്കാണ് ട്രക്കിം​ഗ് എങ്കില്‍ മൂന്ന് പേര്‍ക്ക് 1200 രൂപയാണ് ഫീസ്. എട്ടു കിലോമീറ്റര്‍ അകലെയുള്ള ആയക്കുറുശിയിലേക്ക് മൂന്ന് പേരടങ്ങുന്ന സംഘത്തില്‍ നിന്ന് 1800 രൂപ ഫീസായി ഈടാക്കും. വനംവകുപ്പ് വാച്ചര്‍മാരുടെ സേവനം ലഭിക്കുമെന്നതിനാല്‍ കാടിന്റെ സൗന്ദര്യം പൂര്‍ണമായും യാത്രയില്‍ ഒപ്പിയെടുക്കാം. മയിലുകള്‍ തന്നെയാണ് പ്രധാനമായും സന്ദര്‍ശകരെ ആകര്‍ഷിക്കുന്നത്. മുനിയറകളുടെ കാഴ്ച ചൂലന്നൂരിലെ മികച്ച അനുഭവമാണ്. കാട്ടില്‍ ചെറുമൃഗങ്ങളേയും കാണാറുണ്ട്.

പാലക്കാട്, തൃശൂര്‍ ജില്ലകള്‍ അതിരിടുന്ന ചൂലന്നൂര്‍ വനമേഖലയിലെ 342 ഹെക്ടര്‍ സ്ഥലത്താണ് 1997ല്‍ മയില്‍ സങ്കേതം ആരംഭിച്ചത്. പേര് സൂചിപ്പിക്കുന്നതു പോലെ മയിലുകളുടെ വിഹാരഭൂമിയാണിത്. സന്ദര്‍ശകര്‍ക്ക് സഹായകരമായ രീതിയില്‍ ഇന്‍ഫര്‍മേഷന്‍ സെന്ററും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്.